ഇന്ത്യന്‍ വിപണിയില്‍ വിസ്മയം തീര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ട ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ് ലയ്ക്ക് അടിതെറ്റുന്നു. ഒക്ടോബറില്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും കമ്പനികള്‍ക്കും വില്പന കുത്തനെ ഉയര്‍ന്നപ്പോള്‍ ടെസ്‌ലയുടേത് മാത്രം നെഗറ്റീവ് വളര്‍ച്ചയിലായി. ഒക്ടോബറില്‍ ഓട്ടോസെക്ടറില്‍ വന്‍ തരംഗമായിരുന്നിട്ടു പോലും വെറും 40 കാറുകള്‍ വില്ക്കാനാണ് മസ്‌കിന്റെ കമ്പനിക്ക് സാധിച്ചുള്ളൂ.
ടെസ്‌ലയുടെ മോഡല്‍ വൈ എസ്.യു.വിയാണ് ഇന്ത്യയില്‍ വില്ക്കുന്നത്. സെപ്തംബറില്‍ 64 യൂണിറ്റുകളാണ് വിറ്റുപോയത്. ഒക്ടോബറില്‍ വില്പനയില്‍ 37.5 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ഉയര്‍ന്ന വിലയുള്ള വൈദ്യുത വാഹനങ്ങളോട് ഇന്ത്യക്കാര്‍ അത്ര ഇഷ്ടം കൂടിയില്ലെന്നതിന്റെ സൂചനയാണ് ഇത് നല്കുന്നത്.
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്കുന്ന കണക്കനുസരിച്ച് ഒക്ടോബറില്‍ രാജ്യത്ത് വിറ്റത് 18,055 വൈദ്യുത വാഹനങ്ങളാണ്. സെപ്റ്റംബറില്‍ ഇത് 15,329 ആയിരുന്നു. വളര്‍ച്ചാനിരക്ക് 17.78 ശതമാനം. ഇത്രയും നേട്ടം ഇവി വാഹന വിപണിയില്‍ ഉണ്ടായപ്പോഴും ടെസ്ലയ്ക്ക് വില്പന കുറഞ്ഞത് വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
ടെസ്ലയ്ക്ക് ഇന്ത്യയില്‍ രണ്ട് ഷോറൂമുകളാണുള്ളത്. ഒന്ന് മുംബൈയിലും മറ്റൊന്ന് ഡല്‍ഹിയിലും. വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളാണ് ഇന്ത്യയില്‍ വില്ക്കുന്നത്. മറ്റ് ആഡംബര കാറുകളെ അപേക്ഷിച്ച് ടെസ്ല മോഡലുകള്‍ക്ക് വില കൂടുതലാണ്.
ചൈനയിലെ ഷാങ്ഹായി ഫാക്ടറിയില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള കാറുകള്‍ വരുന്നത്. ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള സൗഹൃദം മസ്‌ക് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപുമായി തെറ്റിയതും ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായതും മസ്‌കിന്റെ പ്രതീക്ഷകളെ താളംതെറ്റിച്ചു.
ഈ വര്‍ഷം ഇന്ത്യയില്‍ 2,500 കാറുകള്‍ വില്ക്കാനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്. ഇത് നടക്കില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടെസ്ല മോഡല്‍ വൈ വാഹനങ്ങള്‍ക്ക് ലോകത്ത് ഏറ്റവും വില കൊടുക്കേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് കാരണം.
Read DhanamOnline in English
Subscribe to Dhanam Magazine