രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരികള്‍ കുത്തനെയിടിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായാല്‍ കമ്പനിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ മസ്‌കിന് വേണ്ട സമയമുണ്ടാകില്ലെന്നാണ് നിക്ഷേപകരുടെ ഉത്കണ്ഠ. മസ്‌കിന്റെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായ ടെസ്‌ലയുടെ ഓഹരികള്‍ വിപണി തുറക്കുന്നതിന് മുമ്പുതന്നെ ഏഴ് ശതമാനത്തോളം ഇടിഞ്ഞു. വാള്‍ സ്ട്രീറ്റില്‍ വ്യാപാരം തുടങ്ങിയാല്‍ ടെസ്‌ല ഓഹരികള്‍ കൂടുതല്‍ നഷ്ടം നേരിട്ടേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ കുറഞ്ഞത് 70 ബില്യന്‍ ഡോളറിന്റെ (ഏകദേശം 6 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ 9 ബില്യന്‍ ഡോളര്‍ മുതല്‍ 120 ബില്യന്‍ ഡോളര്‍ വരെ കുറവുണ്ടാകും. എന്നാലും അദ്ദേഹത്തിന്റെ ലോക സമ്പന്ന പദവിക്ക് ഇളക്കം തട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരുലക്ഷം കോടി ഡോളര്‍ ഉണ്ടായിരുന്ന ടെസ്‌ലയുടെ വിപണിമൂല്യം ഇലോണ്‍ മസ്‌കും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെയാണ് ഇടിയാന്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള നല്ല ബന്ധമാണ് നിക്ഷേപകരെ അലട്ടിയതെങ്കിലും ഇപ്പോള്‍ ഇരുവര്‍ക്കുമിടയിലുള്ള ശത്രുതയാണ് നിക്ഷേപകരുടെ മനസ് മാറ്റിയത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പുറകെ പോയാല്‍ മസ്‌കിന് കമ്പനിയുടെ കാര്യങ്ങള്‍ നോക്കാനാകില്ലെന്നാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. മക്‌സിന്റെ ബിസിനസുകള്‍ക്ക് നേരെ ട്രംപ് ഭരണകൂടം പ്രതികാര നടപടികള്‍ സ്വീകരിച്ചേക്കാമെന്നും ആശങ്കയുണ്ട്.
മസ്‌കിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് ടെസ്‌ല മോട്ടോഴ്‌സ് നേരിടുന്നത്. പല വിപണികളിലും കമ്പനിയുടെ വില്‍പ്പന താഴോട്ടാണ്. ടെസ്‌ലയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് മസ്‌കിന്റെ നിലവിലെ നിലപാടുകള്‍. രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും മാറിനില്‍ക്കാന്‍ മസ്‌കിന് വലിയ താത്പര്യമില്ലെന്നും അനലിസ്റ്റുകള്‍ കരുതുന്നു. ഇത് തുടര്‍ന്നാല്‍ ടെസ്‌ലയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇടപെടാനുള്ള സാധ്യതയുമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനവും ബിസിനസും മസ്‌ക് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് നിലവില്‍ നിക്ഷേപകര്‍ ആരായുന്നത്.
ട്രംപ് ഭരണകൂടത്തിലെ ചെലവ് ചുരുക്കല്‍ വിഭാഗത്തിന്റെ ചുമതല വഹിച്ച ട്രംപ് നികുതി പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട നിയമത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് പടിയിറങ്ങിയത്. വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കിയാല്‍ താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മസ്‌ക് പറഞ്ഞതുപോലെ തന്നെ ചെയ്തു. കഴിഞ്ഞ ദിവസമാണ് അമേരിക്ക പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി മസ്‌ക് പ്രഖ്യാപിക്കുന്നത്. അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിന് വേണ്ടിയാകും തന്റെ പ്രവര്‍ത്തനമെന്നും ലോക കോടീശ്വരന്‍ പറയുന്നു. എന്നാല്‍ മസ്‌കിന്റെ തീരുമാനം മണ്ടത്തരമാണെന്നാണ് ട്രംപിന്റെ പ്രതികരണം. ഇതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം ഇനിയും തുടരുമെന്നും ഉറപ്പായി.
Read DhanamOnline in English
Subscribe to Dhanam Magazine