Image : Tesla and Elon Musk 
News & Views

ടെസ്‌ലയുടെ ഇന്ത്യന്‍ 'എന്‍ട്രി' രണ്ടുംകല്പിച്ച് തന്നെ; രണ്ടാമത്തെ ഷോറൂം തലസ്ഥാനത്ത്; ഇ.വിയില്‍ മത്സരം കടുപ്പം

വൈദ്യുത വാഹന വിപണിയില്‍ ഇന്ത്യന്‍ സാധ്യതകള്‍ മുതലെടുക്കാന്‍ ആഗോള കമ്പനികളെല്ലാം ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനീസ് വൈദ്യുത വാഹന കമ്പനിയായ ബി.വൈ.ഡി ഇന്ത്യയില്‍ നിക്ഷേപത്തിനായി നീക്കം നടത്തുന്നുണ്ട്

Dhanam News Desk

യു.എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വരവ് കൂടുതല്‍ വിശാലമാക്കുന്നു. മുംബൈയില്‍ കഴിഞ്ഞമാസം ആദ്യ ഷോറൂം തുറന്നതിന് പിന്നാലെ ഇപ്പോഴിതാ രാജ്യതലസ്ഥാനത്തേക്കും എത്തുകയാണ്. ഡല്‍ഹി ഷോറൂമിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. ഇന്ത്യ-യു.എസ് തീരുവ യുദ്ധം നടക്കുന്നതിനിടെയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യന്‍ മോഹങ്ങള്‍ വിപുലമാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്നു മസ്‌ക്. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയിലാണ്. ഈ അവസരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ സാധ്യത തേടിയുള്ള മസ്‌കിന്റെ വരവ് ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

ജൂലൈ 15നാണ് മുംബൈ ബാന്ദ്ര കുര്‍ല കോംപ്ലക്‌സില്‍ ടെസ്ല ആദ്യ ഇന്ത്യന്‍ ഷോറും തുടങ്ങിയത്. ടെസ്ലയുടെ മിഡ്സൈസ് എസ്.യു.വി ശ്രേണിയില്‍ വരുന്ന വാഹനമാണിത്. സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡിന് 59.89 ലക്ഷം രൂപയും ലോംഗ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. രണ്ട് മോഡലുകളുടെയും ബുക്കിംഗ് ടെസ്ല വെബ്സൈറ്റില്‍ തുടങ്ങി. സെപ്റ്റംബറിന് ശേഷം വാഹനം ഡെലിവറി ചെയ്യുമെന്നാണ് വിവരം.

വാഹനം സ്വയം ഡ്രൈവ് ചെയ്യുന്ന ഓട്ടോണോമസ് ഫീച്ചര്‍ വേണമെങ്കില്‍ 6ലക്ഷം രൂപ അധികം നല്‍കണം. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം നഗരങ്ങളിലാണ് വാഹനം ലഭ്യമാവുക.

മത്സരം കടുക്കും

വൈദ്യുത വാഹന വിപണിയില്‍ ഇന്ത്യന്‍ സാധ്യതകള്‍ മുതലെടുക്കാന്‍ ആഗോള കമ്പനികളെല്ലാം ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനീസ് വൈദ്യുത വാഹന കമ്പനിയായ ബി.വൈ.ഡി ഇന്ത്യയില്‍ നിക്ഷേപത്തിനായി നീക്കം നടത്തുന്നുണ്ട്. ചൈനീസ് ബന്ധമുള്ളതിനാല്‍ നേരിട്ടുള്ള നിക്ഷേപത്തോട് കേന്ദ്രത്തിന് താല്പര്യം കുറവാണ്.

ദക്ഷിണേന്ത്യയില്‍ 85,000 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ താല്പര്യത്തോട് തല്ക്കാലം നോ പറഞ്ഞിരിക്കുകയാണ് കേന്ദ്രം. മാറിയ ആഗോള സാഹചര്യത്തില്‍ മോദിസര്‍ക്കാര്‍ തീരുമാനം മാറ്റുമോയെന്ന ആകാംക്ഷയിലാണ് വ്യവസായ ലോകം.

പ്രമുഖ വിയറ്റ്നാം കമ്പനിയായ വിന്‍ഗ്രൂപ്പിന്റെ വൈദ്യുതി വാഹന നിര്‍മാണ പ്ലാന്റിന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി വ്യവസായ നഗരത്തില്‍ തുടക്കം. വിന്‍ഗ്രൂപ്പിന്റെ ഇവി നിര്‍മാണ വിഭാഗമായ വിൻ ഫാസ്റ്റിൻ്റെ വിവിധ മോഡലുകളുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്.

16,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ നിന്ന് വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് എസ്.യു.വികളായ വിഎഫ്6,വിഎഫ്7 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തുക. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പനക്ക് പുറമെ വിദേശത്തേക്കുള്ള കയറ്റുമതിയും വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 50,000 യൂണിറ്റുകളാണ് നിര്‍മിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT