ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് വലിയ തിരിച്ചടി. നവംബറിലെ വില്പന നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2022ന് ശേഷം ഏറ്റവു മോശം പ്രകടനമാണ് ടെസ്ലയ്ക്ക് കാഴ്ചവയ്‌ക്കേണ്ടി വന്നത്. വില കുറഞ്ഞ മോഡലുകള്‍ പുറത്തിറക്കിയിട്ടും ഇവി വില്പനയില്‍ കമ്പനി പിന്നോട്ടു പോകുകയാണ്. ആഗോള തലത്തില്‍ വൈദ്യുത വാഹനങ്ങളോട് താല്പര്യം കുറഞ്ഞു വരുന്ന ട്രെന്റാണുള്ളത്.
പുതിയ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ മോഡലായ ഇതിന്റെ വില്പന ഉയരുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാല്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. മുന്‍വര്‍ഷം നവംബറില്‍ 51,513 വാഹനങ്ങള്‍ വിറ്റിടത്ത് ഇത്തവണ 39,800 ലേക്ക് താഴ്ന്നു. ഇടിവ് 23 ശതമാനം.
ടെസ്ലയ്ക്ക് മാത്രമല്ല യുഎസില്‍ മറ്റ് കമ്പനികള്‍ക്കും ഇവി വില്പനയില്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. നവംബറില്‍ മൊത്തം വില്പനയില്‍ 41 ശതമാനം ഇടിവാണ് ഇ.വികള്‍ക്ക് നേരിടേണ്ടി വന്നത്. ടെസ്ലയുടെ മാര്‍ക്കറ്റ് ഷെയര്‍ യുഎസില്‍ വര്‍ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 43.1 ശതമാനത്തില്‍ നിന്ന് 56.7 ശതമാനമായി.
യൂറോപ്പിലും ചൈനയിലും പുതിയ ഇ.വി കമ്പനികള്‍ കുറഞ്ഞ വിലയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത് മസ്‌കിന്റെ കമ്പനിക്ക് തിരിച്ചടിയാകുന്നുണ്ട്. പുതിയ മോഡലുകള്‍ കാര്യമായി പുറത്തിറക്കാത്തതും ടെസ്ലയ്ക്ക് ആഗോള വിപണിയില്‍ ക്ഷീണം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
2026ല്‍ ടെസ്ലയുടെ എതിരാളികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം മസ്‌കിന്റെ കമ്പനിയാകട്ടെ നിലവിലുള്ള മോഡലുകള്‍ ചെറിയ മാറ്റം മാത്രം വരുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് എത്തിയെങ്കിലും ഇവിടെയും കമ്പനിക്ക് പിഴയ്ക്കുകയാണ്. ഇതുവരെ രാജ്യത്ത് ഏകദേശം 157 കാറുകള്‍ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ. അതേസമയം സെപ്റ്റംബറില്‍ ഡെലിവറി ആരംഭിച്ച വിയറ്റ്‌നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റ് നവംബറില്‍ 362 കാറുകള്‍ വിറ്റു. ടെസ്ലയുടെ പ്രധാന എതിരാളിയായ ബിവൈഡിയും പ്രതിമാസം 500ലധികം വാഹനങ്ങള്‍ വിറ്റിട്ടുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ നിലവില്‍ ടെസ്ല പത്താം സ്ഥാനത്താണ്. ടാറ്റ മോട്ടോഴ്സ് മുന്നിലാണ്. നവംബറില്‍ ടാറ്റ 7,315 കാറുകള്‍ വിറ്റു. തൊട്ടുപിന്നാലെ എംജി 4,471, മഹീന്ദ്ര 3,572, കിയ 550, ബിവൈഡി 524, ഹ്യുണ്ടായ് 447, വിന്‍ഫാസ്റ്റ് 362, ബിഎംഡബ്ല്യു 310, മെഴ്സിഡസ് 112, ടെസ്ല 48 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വില്‍പ്പന.
Read DhanamOnline in English
Subscribe to Dhanam Magazine