തായ്‌ലന്‍ഡിലെ പ്രസിദ്ധമായ ഒഴുകുന്ന ചങ്ങാട മാർക്കറ്റ്  
News & Views

തായ്‌ലന്‍ഡും കംബോഡിയയും ആയുധമെടുത്തത് എങ്ങനെ മലയാളികളെ ബാധിക്കും? ടൂറിസ്റ്റുകള്‍ക്ക് പ്രതിസന്ധി, റബര്‍ കര്‍ഷകര്‍ക്ക് നേട്ടം

Dhanam News Desk

വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കത്തില്‍ പുകഞ്ഞിരുന്ന തായ്‌ലന്‍ഡും കംബോഡിയയും ആയുധമെടുത്ത് പോരാടാന്‍ തീരുമാനിച്ചതോടെ മറ്റൊരു യുദ്ധത്തിനു കൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഒരു ക്ഷേത്രത്തിന്റെ പേരിലുള്ള തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്ക് മാറിയത്. യുദ്ധം രൂക്ഷമായതോടെ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോയിരുന്നവരെ രാജ്യങ്ങള്‍ തിരിച്ചു വിളിച്ചു തുടങ്ങി.

തായ്‌ലന്‍ഡും കംബോഡിയയും പരസ്പരം പോരാടിക്കുന്നത് മേഖലയുടെ സമാധാനത്തിന് മാത്രമല്ല സാമ്പത്തിക ക്രയവിക്രയങ്ങളെയും ബാധിക്കും. ഏഷ്യയില്‍ ഏറ്റവുമധികം ടൂറിസ്റ്റുകള്‍ എത്തുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. യുദ്ധം രൂക്ഷമായതോടെ തായ്‌ലന്‍ഡിലേക്കുള്ള വരവ് കുറഞ്ഞിട്ടുണ്ട്. ടൂറിസത്തിലൂന്നി നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയാണ് തായ്‌ലന്‍ഡിന്റേത്.

തായ് ടൂറിസത്തിന് ഏല്ക്കുന്ന പോറലുകള്‍ അവരെ മാത്രമാകില്ല ബാധിക്കുക. മറ്റ് രാജ്യങ്ങളിലെ ടൂറിസം അനുബന്ധ ബിസിനസ് ചെയ്യുന്നവര്‍ക്കും തിരിച്ചടിയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്ര മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിച്ചാലും വിദേശ സഞ്ചാരികളുടെ വരവ് നേരെയാകാന്‍ സമയമെടുക്കും.

കേരളത്തില്‍ നിന്നുള്ളവരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. ആയിരക്കണക്കിന് പേര്‍ ഓരോ മാസവും തായ്‌ലന്‍ഡിലേക്ക് പോകുന്നുണ്ട്. യുദ്ധ സൂചനകള്‍ വന്നതോടെ തായ്‌ലന്‍ഡിലേക്കുള്ള അന്വേഷണങ്ങള്‍ കുറഞ്ഞതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.

ടയര്‍ കമ്പനികള്‍ക്ക് തിരിച്ചടി, പക്ഷേ കര്‍ഷകര്‍ക്ക് നേട്ടം

ലോകത്തെ ഏറ്റവും വലിയ റബര്‍ ഉത്പാദക രാജ്യമാണ് തായ്‌ലന്‍ഡ്. യുദ്ധം രൂക്ഷമായത് റബര്‍ ടാപ്പിംഗ് ഉള്‍പ്പെടെയുള്ളവയെ ബാധിക്കും. തായ്‌ലന്‍ഡില്‍ നിന്നുള്ള റബര്‍ വരവ് കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ സ്വഭാവിക റബറിന്റെ വില ഉയരും. ആഗോള തലത്തില്‍ ടയര്‍ കമ്പനികളെ ഗുരുതരമായി ബാധിക്കുമെങ്കിലും റബര്‍ കര്‍ഷകര്‍ക്ക് നേട്ടമാകും.

അന്താരാഷ്ട്ര റബര്‍ വില ഇപ്പോള്‍ താഴ്ന്നു നില്ക്കുകയാണ്. 200 രൂപയില്‍ താഴെയാണ് അന്താരാഷ്ട്ര വില. ആഭ്യന്തര വില 210 രൂപയ്ക്ക് മുകളിലും. തായ്‌ലന്‍ഡില്‍ നിന്നുള്ള റബര്‍ വരവ് നിലച്ചാല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിലകള്‍ ഉയരും.

ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കൂടുതലായി ഇറക്കുമതി നടത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നാണ്. ആഭ്യന്തര വില പിടിച്ചു നിര്‍ത്താന്‍ പലപ്പോഴും ഇറക്കുമതിയെയാണ് ടയര്‍ കമ്പനികള്‍ ആശ്രയിച്ചിരുന്നത്. തായ്‌ലന്‍ഡില്‍ ഉത്പാദനം കുറയുന്നതോടെ ഇത് സാധ്യമാകാതെ വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT