ChatGPT image 
News & Views

സി.പി.എമ്മിന്റെ പതനം, കോണ്‍ഗ്രസിന്റെ ആഹ്‌ളാദം, ബി.ജെ.പിയുടെ മുന്നേറ്റം; തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠങ്ങള്‍

ഭരണവിരുദ്ധ വികാരത്തിന്റേതാണ് ഈ കൊടുങ്കാറ്റ്. മടുത്ത ജനം മാറ്റം ആഗ്രഹിച്ചു. എന്തുകൊണ്ടാണ് ജനം മാറ്റം ആഗ്രഹിച്ചത്? മലയാളിക്ക് എന്നും പ്രതിപക്ഷ മനസായതു കൊണ്ടു മാത്രമാണോ?

A.S. Sureshkumar

കേരളത്തില്‍ ആഞ്ഞടിച്ച മാറ്റത്തിന്റെ കാറ്റില്‍ 10 വര്‍ഷത്തെ ഇടതു ഭരണം നിലംപൊത്തി. യു.ഡി.എഫിന് മൂന്നക്കത്തോളമെത്തിയ മിന്നുംജയം. പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫിന് മൂന്നാമൂഴത്തിന് അര്‍ഹതയില്ലെന്നാണ് വിധിയെഴുത്ത്. ഭരണവിരുദ്ധ വികാരത്തിന്റേതാണ് ഈ കൊടുങ്കാറ്റ്. മടുത്ത ജനം മാറ്റം ആഗ്രഹിച്ചു. എന്തുകൊണ്ടാണ് ജനം മാറ്റം ആഗ്രഹിച്ചത്? മലയാളിക്ക് എന്നും പ്രതിപക്ഷ മനസായതു കൊണ്ടു മാത്രമാണോ? അതിലേറെ, അഹങ്കാരം വെച്ചുപൊറുപ്പിക്കില്ല എന്ന വികാരമാണ് ഈ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയതെന്നു പറയാം.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാസങ്ങള്‍ക്കു മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കാതിരുന്നില്ല. ഭരണം 10-ാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങുന്ന ജനരോഷത്തിന്റെ ആഴവും പരപ്പും അതില്‍ തെളിഞ്ഞു കിടന്നു. അതിന്റെ കോട്ടം തീര്‍ത്തെടുക്കാന്‍ ഭരണത്തിന്റെ ഭാഷയും രീതികളും കുറെയൊക്കെ മാറ്റി. സര്‍ക്കാര്‍ ജീവനക്കാരെയടക്കം സന്തോഷിപ്പിക്കാനുള്ള വക ബജറ്റു പ്രഖ്യാപനങ്ങളില്‍ നിറഞ്ഞു തുളുമ്പി. പക്ഷേ, അഞ്ചു വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പു വേളയില്‍ ഓണക്കിറ്റും പെന്‍ഷനും വിളമ്പിയതിന്റെ ആവേശവും സന്തോഷവും വോട്ടര്‍മാര്‍ പ്രകടിപ്പിച്ചില്ല.

സുഖാനുഭൂതിക്ക് അപ്പുറം

പരസ്യങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍മാരും, അങ്ങനെ മറ്റു പലരും പലതും വിളമ്പിയ സുഖാനുഭൂതി പ്രതീതി ഏറ്റെടുക്കാനുള്ള മനോവികാരമായിരുന്നില്ല വോട്ടര്‍മാര്‍ക്ക്. അഴിമതി പോലും വകവെച്ചു കൊടുക്കുന്ന മലയാളി അഹങ്കാരം സഹിക്കില്ലെന്ന് വീണ്ടുമൊരിക്കല്‍ക്കൂടി തെളിയിച്ചു. ഇന്നത്തെ നിലയിലുള്ള എല്‍.ഡി.എഫ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പു ഫലം. 10 വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാവ് സ്വന്തം തട്ടകത്തില്‍ തന്നെ ഒരു ഘട്ടത്തില്‍ ഒന്നു വേച്ചുപോയത് ചെറിയ കാര്യമല്ല. മറുവശത്ത്, ജി. സുധാകരന് കിട്ടിയ സ്വീകരണവും സി.പി.എമ്മിനെ പഠിപ്പിക്കുന്നത് രുചിക്കാത്ത യാഥാര്‍ഥ്യങ്ങള്‍.

മന്ത്രിമാര്‍ അടക്കമുള്ളവരുടെ തോല്‍വി ചെറുതല്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം സ്വാഭാവികമായും പിണറായി വിജയന്‍ എന്ന നേതാവിന്റെ ചുമലിലേക്കാണ് എത്തുന്നത്. എല്‍.ഡി.എഫ് ഭരണം എന്നതിനേക്കാള്‍ 'പിണറായി ഭരണം' എന്നതാണ് ജനരോഷത്തിന്റെ ആണിക്കല്ല് എന്നതു തന്നെ കാരണം. ഇത്തരമൊരു പരാജയത്തിന് കാരണം സി.പി.എം മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകളല്ല. ജനകീയത ചോര്‍ത്തിക്കളഞ്ഞത് നയത്തിലും സമീപനങ്ങളിലുമുള്ള പാളിച്ച തന്നെ. അതിനിടയില്‍, ഈ രാജ്യത്ത് ഒരിടത്തും അധികാരത്തിലില്ലാത്ത പാര്‍ട്ടിയായി സി.പി.എം ചെറുതായി പോയിരിക്കുന്നു.

യു.ഡി.എഫ് നടത്തിയത് നിലനില്‍പു പോരാട്ടം

സ്വന്തനിലക്ക് പണിയെടുത്തിട്ട് ജയിക്കുന്ന പാരമ്പര്യം ഇല്ലെന്ന പേരുദോഷം അഖിലേന്ത്യ തലത്തില്‍ തന്നെ കേള്‍പ്പിച്ചു പോരുന്ന കൂട്ടരാണ് കോണ്‍ഗ്രസുകാര്‍. ഭരിക്കുന്ന പാര്‍ട്ടിയെ വേണ്ടാതാകുമ്പോള്‍, മറ്റു വഴികളില്ലാതെ ജനം കോണ്‍ഗ്രസിന് വോട്ടു കുത്തുമെന്ന അമിതപ്രതീക്ഷ ഏതായാലും കോണ്‍ഗ്രസ് ഇത്തവണ കേരളത്തില്‍ കാണിച്ചില്ല. ന്യൂനപക്ഷം കൂട്ടത്തോടെ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നു പറയുമ്പോള്‍ തന്നെ, സര്‍ക്കാറിനെതിരായ വികാരം ആവാഹിക്കാന്‍ കോണ്‍ഗ്രസുകാര്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്നതാണ് എല്ലായിടത്തും തന്നെ, മലബാറില്‍ പ്രത്യേകിച്ച്, കാണാന്‍ കഴിഞ്ഞത്. യു.ഡി.എഫിനാകെത്തന്നെ, ഇത് നിലനില്‍പിന്റെ പോരാട്ടമായിരുന്നു.

ബി.ജെ.പി ശക്തിപ്പെടുന്നത് സി.പി.എമ്മിനോ, കോണ്‍ഗ്രസിനോ ഗുണകരം എന്നൊരു ചര്‍ച്ച തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ന്നു വന്നിരുന്നു. ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടപ്പോള്‍ സി.പി.എമ്മാണ് ദുര്‍ബലമായതെന്നും കണ്ടു. ആരവം എന്തായിരുന്നാലും, ബി.ജെ.പിക്ക് നിയമസഭയില്‍ ഓളം വെക്കാനുള്ളതൊന്നും ഈ തെരഞ്ഞെടുപ്പ് സംഭാവന ചെയ്തിട്ടില്ല. നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നല്ലാതെ, കേരളം പരുവപ്പെട്ടു കിട്ടാന്‍ ബി.ജെ.പി എത്ര കാതങ്ങള്‍ ഇനിയും നടക്കണമെന്ന ചോദ്യം ബാക്കി. ക്ഷീണിക്കുന്ന സി.പി.എം കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുമോ എന്നത് ഇനിയങ്ങോട്ട് കാത്തിരുന്നു കാണേണ്ട കാര്യം.

ആഹ്ലാദം ശരി, അര്‍മാദം വേണ്ട

കോണ്‍ഗ്രസും ഇതര യു.ഡി.എഫ് കക്ഷികള്‍ക്ക് അമിതാഹ്ലാദത്തിന്റെ ഈ നിമിഷങ്ങള്‍, വിവേകപൂര്‍ണമായ ചിന്തകള്‍ക്കു കൂടി അവസരം തുറന്നിടുന്നുണ്ട്. പ്രതിപക്ഷ മനസുള്ള മലയാളി നല്‍കിയിരിക്കുന്നത് അഞ്ചു വര്‍ഷത്തെ മാത്രം മാന്‍ഡേറ്റാണ്. അതുകഴിഞ്ഞാല്‍ നേരിടേണ്ടി വരുന്നൊരു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നില്‍ വെക്കാന്‍ സുതാര്യത, ജനാധിപത്യബോധം, വികസന പദ്ധതികള്‍ തുടങ്ങി ചിലത് കൈവശം വേണ്ടിവരും. മുഖ്യമന്ത്രിയാര് എന്നതില്‍ തുടങ്ങുന്ന തര്‍ക്കം, ദിശാബോധമില്ലാത്ത അഞ്ചു വര്‍ഷമായി മാറുമോ എന്ന ആശങ്ക ജനങ്ങള്‍ ഇപ്പോഴേ പുലര്‍ത്തുണ്ടെന്നാണ് കരുതേണ്ടത്. 'കടക്കു പുറത്ത്' എന്ന ശൈലി ഏല്‍പിച്ച പരിക്കിന്റെ പാഠം യു.ഡി.എഫ് സര്‍ക്കാറിനും ബാധകം.

ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നത്

ദേശീയ തലത്തിലേക്കു വന്നാല്‍ ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ ആഹ്ലാദിപ്പിക്കുന്നതാണ്. ഓരോ കാലങ്ങളിലായി കോണ്‍ഗ്രസിനും സി.പി.എമ്മിനും ബി.ജെ.പിക്കും മുഖ്യശത്രുവായിരുന്ന മമത ബാനര്‍ജിയെന്ന പെണ്‍പുലിയെ മുട്ടുകുത്തിച്ചിരിക്കുകയാണ് ബി.ജെ.പി. ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാതെ പോയ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം മുന്നേറാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. ബി.ജെ.പിക്ക് അടുത്തകാലം വരെ ബാലികേറാമലയായി നിന്ന രണ്ടു സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും തമിഴ്‌നാടും. അവിടത്തെ രാഷ്ട്രീയമാണ് കീഴ്‌മേല്‍ മറിഞ്ഞത്.

മൂന്നു വര്‍ഷത്തിനപ്പുറം നില്‍ക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ബി.ജെ.പിക്ക് അത് സവിശേഷമായ സന്തോഷം നല്‍കുന്ന കാര്യം. ഒറ്റക്കു കേവല ഭൂരിപക്ഷമില്ലാത്ത ഇന്നത്തെ ലോക്‌സഭയില്‍ ആവേശം കൂട്ടാനും നയ-നിയമനിര്‍മാണങ്ങളില്‍ രാജ്യസഭയില്‍ കൂടുതല്‍ മേധാശക്തി നേടാനും ഇത് വഴിയൊരുക്കും അസമില്‍ ഭരണം നിലനിര്‍ത്തി. കേരളത്തില്‍ അര്‍മാദിക്കാന്‍ വകുപ്പില്ലെങ്കിലും ജനപിന്തുണ വര്‍ധിപ്പിച്ചു. ദേശീയ തലത്തില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ, കേരളത്തിലെ ഫലം ആഹ്ലാദകരം, പുതുച്ചേരിയില്‍ മുന്നേറാനായില്ലെങ്കിലും പിടിച്ചു നിന്നുവെന്ന് ആശ്വസിക്കാം. എന്നാല്‍ എം.കെ സ്റ്റാലിന്റെയും മമത ബാനര്‍ജിയുടെയും പതനം പ്രതിപക്ഷ നിരയെ വല്ലാതെ നിരാശപ്പെടുത്തുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT