ഇന്ത്യയിലുടനീളമുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തുമെന്ന് ഭീഷണിയുമായി റെയില്‍വേ ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയനുകള്‍ രംഗത്ത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിന്റ് ഫോറത്തിന് (ജോയിന്റ് ഫോറം ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം-JFROPS) കീഴില്‍ ചേര്‍ന്ന റെയില്‍വേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നുമുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിറുത്തിവയ്ക്കുമെന്നും വിവിധ റെയില്‍വേ യൂണിയനുകള്‍ അറിയിച്ചു. ജെ.എഫ്.ആര്‍.ഒ.പി.എസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും നേരിട്ട് നടപടിയെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും കണ്‍വീനറും ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ശിവ ഗോപാല്‍ മിശ്ര പറഞ്ഞു.
സമരത്തില്‍ ജോയിന്റ് ഫോറത്തിന്റെ ഭാഗമായ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയില്‍വേ തൊഴിലാളികള്‍ക്കൊപ്പം പണിമുടക്കില്‍ പങ്കുചേരുമെന്നും ശിവ ഗോപാല്‍ മിശ്ര അറിയിച്ചു. അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് മാര്‍ച്ച് 19ന് നല്‍കും. മേയ് ഒന്നുമുതല്‍ പണിമുടക്ക് ആരംഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine