News & Views

₹200 കോടി വരുമാനം, 58 ബ്രാഞ്ചുകള്‍, 1,000 ജീവനക്കാര്‍, കറുകുറ്റിയില്‍ നിന്ന് വളര്‍ന്നു പന്തലിച്ച നവ്യ ഗ്രൂപ്പിന്റെ തകര്‍പ്പന്‍ വിജയകഥ

നാല് പതിറ്റാണ്ടായി രുചിയുടെ മേളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്ന നവ്യ ഗ്രൂപ്പിന്റെ പുതുമയുടെ തേരേറിയുള്ള വേറിട്ട സഞ്ചാരം

Dhanam News Desk

ബേക്കറികളുടെ സ്വന്തം നാട്. കേരളത്തെ ഇങ്ങനെ വിശേഷിപ്പിച്ചാലും അതിശയമില്ല. അത്രമാത്രമുണ്ട് വഴിയോരത്ത് ബേക്കറികള്‍. ശക്തമായ മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ 42 വര്‍ഷമായി നിരന്തരം പുതുമകള്‍ കൊണ്ടുവന്ന്, വളര്‍ച്ച ശീലമാക്കുകയെന്നത് ലളിതമായ കാര്യമല്ല. നവ്യ ബേക്ക് ഷോപ്പ് പക്ഷേ ചെയ്യുന്നത് അതാണ്.

1984ല്‍ എറണാകുളം ജില്ലയിലെ കറുകുറ്റിയില്‍ തുടക്കമിട്ട നവ്യ ഇന്ന് സംസ്ഥാനത്തെ ബേക്കറി രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത് പുതിയ ട്രെന്‍ഡാണ്. കാലങ്ങളോളം കാത്ത് കാത്തുവെയ്ക്കുന്നൊരു കേക്ക് പെട്ടി നിങ്ങള്‍ക്കുണ്ടോ? നവ്യയുടെ തേക്കിന്‍ തടിയില്‍ തീര്‍ത്ത അതിസുന്ദരമായ കേക്ക് ബോക്‌സ് കയ്യില്‍ കിട്ടിയാല്‍ നിങ്ങളും അത് കാത്തുവെയ്ക്കും, കാലങ്ങളോളം. വേറിട്ട രുചി വിസ്മയത്തോടെ കേക്കുകള്‍ മാത്രമല്ല അതിന്റെ പായ്ക്കിംഗില്‍ പോലും പുതുമകളുടെ കയ്യൊപ്പ് ചാര്‍ത്തുന്നു നവ്യ.

ഇന്ന് കേരളത്തിലെ പല പ്രമുഖ ബ്രാന്‍ഡുകളും ക്രിസ്തുമസ്, പുതുവര്‍ഷം, ഓണം തുടങ്ങി ഉത്സവ സീസണുകളില്‍ വ്യത്യസ്തമായ ഗിഫ്റ്റിംഗ് സേവനത്തിന് സമീപിക്കുന്നത് നവ്യയെയാണ്. ബ്രാന്‍ഡ് നാമവും കമ്പനി സാരഥിയുടെ ഫോട്ടോയും വരെ മനോഹരമായി കൊത്തിവെച്ച പായ്ക്കിംഗ് കേസുകളില്‍ രുചിയുടെ കൊടുമുടി കേറുന്ന ഗിഫ്റ്റ് പായ്ക്കറ്റുകള്‍ നവ്യ തികച്ചും കസ്റ്റമൈസ്ഡായി തന്നെ ചെയ്തുകൊടുക്കുന്നു.

'ഏത് ബ്രാന്‍ഡിനും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഗിഫ്റ്റുകള്‍ സജ്ജമാക്കി നല്‍കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഈ ക്രിസ്തുമസ്, പുതുവര്‍ഷ സീസണ്‍ അനുബന്ധിച്ച് ഒട്ടേറെ പുതുമകളും ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എത്ര വലിയ ഓര്‍ഡറും നവ്യയ്ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്‍കാനുമാകും,'' നവ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ബിജു ജോസഫ് പറയുന്നു. രുചിയില്‍ മാത്രമല്ല, ഗുണത്തിലും മുമ്പന്‍ ശുദ്ധമായ പാലും

പാലുല്‍പ്പന്നങ്ങളും നിത്യം ലഭിക്കാന്‍ വേണ്ടി 350 പശുക്കളുള്ള അതിവിപുലമായ ഫാമുള്ള ബ്രാന്‍ഡാണ് നവ്യ. സ്വന്തമായി ഫാമുള്ള കേരളത്തിലെ ഏക ബേക്കറിയും നവ്യയാണ്.

അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് നവ്യ ഫാംസ്. 2018, 2021 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരവും നവ്യ ഫാംസിന് ലഭിച്ചിരുന്നു. ശുദ്ധത ഉറപ്പാക്കാന്‍ പാലില്‍ മാത്രമല്ല ഈ നിര്‍ബന്ധം. നവ്യ പാചകം ചെയ്യുന്ന ഓരോ ഭക്ഷ്യോല്‍പ്പന്നത്തിന്റെ ചേരുവയുടെ കാര്യത്തിലും അതുണ്ട്.

''ഏറ്റവും ഗുണമേന്മയുള്ള ക്യൂവെര്‍ച്ചര്‍ ചോക്ലേറ്റാണ് ഞങ്ങള്‍ ഉപയോഗിക്കുക. പൂര്‍ണമായും വീറ്റ് ഫ്ളോറും ബട്ടറും പ്യുവര്‍ ചോക്ലേറ്റും ലോഗ്ലൈസമിക് ഷുഗറും മായമില്ലാത്ത ശര്‍ക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന നിരവധി ഹെല്‍ത്തി കേക്കുകളും കുക്കീസുകളും നവ്യ ഒരുക്കുന്നുണ്ട്. ശരീരോഷ്മാവില്‍ അലിയുന്ന ട്രാന്‍സ്ഫാറ്റ് ഫ്രീ ഫാറ്റാണ് നവ്യ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്നത്. കാലാവധി കഴിഞ്ഞതോ ഗുണനിലവാരം കുറഞ്ഞതോ ആയ യാതൊരു അസംസ്‌കൃത വസ്തുക്കളും നവ്യയില്‍ ഉപയോഗിക്കുന്നില്ല. ഞങ്ങളുടെ കര്‍ശനമായ ഗുണമേന്മ പരിശോധനയില്ലാതെ ഒരു ചേരുവ പോലും ഫാക്ടറിക്കുള്ളിലേക്ക് പോവില്ല,'' ബിജു ജോസഫ് പറയുന്നു.

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല

ഒരു വീട്ടിലെ അടുക്കളയില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് എങ്ങനെ രുചിയും ഗുണവുമുള്ള ഭക്ഷണം പാകം ചെയ്യുന്നുവോ, അതുപോലെ തന്നെയാണ് നവ്യയുടെ പ്രൊഡക്ഷന്‍ യൂണിറ്റും. എന്നും രാവിലെ അഞ്ച് മണിക്ക്, ഉത്സവ സീസണാണെങ്കില്‍ നാല് മണിയോടെ ബിജു ജോസഫ് നവ്യയുടെ പ്രൊഡക്ഷന്‍ യൂണിറ്റിലെത്തും. ജീവനക്കാര്‍ക്കൊപ്പം എല്ലാ വിഭാഗം പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിച്ച് കൂടെ നില്‍ക്കും.

ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക മെഷിനറികളാണ് നവ്യയുടെ ഫാക്ടറിയിലുള്ളത്. പുതുമയാര്‍ന്ന രുചിക്കൂട്ടുകള്‍ കണ്ടെണ്ടത്താനും അത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും മുന്‍കൈയെടുക്കുന്നത് ഡയറക്റ്ററും ബിജു ജോസഫിന്റെ ജീവിതപങ്കാളിയുമായ ജിജി ബിജുവാണ്. പാചകത്തില്‍ നിപുണയായ ജിജി ബിജു യൂറോപ്പില്‍ നിന്ന് കേക്ക് നിര്‍മാണത്തിന്റെ പുതുരീതികള്‍ പഠിച്ചിട്ടുമുണ്ട്.

ബിജുവിനും ജിജിക്കും മൂന്ന് മക്കളാണ്. രുചിലോകം ഇവര്‍ക്കും ഏറെ പ്രിയം. മകന്‍ ജോസഫ് ബി ചക്യത്ത് ഫ്രാന്‍സില്‍ നിന്നാണ് കള്‍നറി മാനേജ്മെന്റില്‍ ബിരുദമെടുത്തിരിക്കുന്നത്. നവ്യ ഗ്രൂപ്പ് ഡയറക്റ്ററായ ജോസഫിന്റെ ഭാര്യ എലിസബത്ത് പറ്റിസെറി കോഴ്സ് പഠിച്ചിട്ടുണ്ടണ്ട്. മകള്‍ മേരിയയും ഭര്‍ത്താവ് ജെറിയും ചേര്‍ന്ന് നവ്യയുടെ കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇളയമകള്‍ റോസ് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ISO 22000-2018, HACCP സര്‍ട്ടിഫിക്കേഷനുള്ള നവ്യ, ഗുണമേന്മയില്‍ മാത്രമല്ല രുചിയിലും വിട്ടുവീഴ്ച ചെയ്യാറില്ല. വളരെ വൃത്തിയോടെ, ശുചിത്വമുള്ള അന്തരീക്ഷത്തില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള 5 സ്റ്റാര്‍ റേറ്റിംഗ് കേരളത്തില്‍ ആദ്യമായി ലഭിക്കുന്നതും നവ്യയ്ക്കാണ്. നവ്യയുടെ കേന്ദ്രീകൃത പ്രൊഡക്ഷന്‍ യൂണിറ്റിലെത്തിയാല്‍ അറിയാം വൃത്തിയ്ക്കും ഗുണമേന്മയ്ക്കും അവര്‍ നല്‍കുന്ന മുന്‍തൂക്കം. ലാഭം കണക്കാക്കി മൂല്യം കുറഞ്ഞ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാറില്ലെന്ന് നവ്യയുടെ സാരഥികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു. ഫുഡ് ഗ്രേഡ് മെറ്റീരിയലിലാണ് ഉല്‍പ്പന്നങ്ങളുടെ പായ്ക്കിംഗും. ''സത്യസന്ധമായി ബിസിനസ് ചെയ്താല്‍ വളരാന്‍ പിന്നെ വേറെ കുറുക്കുവഴി നോക്കണ്ട. അത് സ്വയം വളര്‍ന്നോളും,'' താന്‍ പഠിച്ച കാര്യമിതാണെന്ന് ബിജു വ്യക്തമാക്കുന്നു.

365 ദിവസവും ചക്ക അട!

കേരളത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും നല്ല നാടന്‍ ചക്ക അട കിട്ടുന്ന ഏക ബേക്കറി റീറ്റെയ്ല്‍ ശൃംഖലയാകും നവ്യയുടേത്. ചക്ക അട മാത്രമല്ല, ചക്ക കൊണ്ടുണ്ടാക്കുന്ന ഹല്‍വ, ഉണ്ണിയപ്പം, കുക്കീസ് അങ്ങനെ ഒരുപാട് ചക്ക പലഹാരങ്ങള്‍ നവ്യയുടെ സവിശേഷതയാണ്. കറുകുറ്റിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമെല്ലാമുള്ള ചക്ക എല്ലാ വര്‍ഷവും നവ്യ സംഭരിക്കുന്നു. പ്രതിവര്‍ഷം ഒരുകോടിയിലേറെ രൂപയാണ് ഇതിനായി നവ്യ ചെലവിടുന്നത്. അതായത് അത്രയും തുക നാട്ടിലെ കായഫലമുള്ള പ്ലാവുള്ള വീടുകളിലേക്കാണ് വിതരണം ചെയ്യപ്പെടുന്നത്. ഇങ്ങനെ സംഭരിക്കുന്ന ചക്ക പരമ്പരാഗത രീതിയില്‍ നെയ് ചേര്‍ത്ത് വരട്ടിയെടുത്ത് സൂക്ഷിച്ചുവെച്ചാണ് വര്‍ഷം മുഴുവന്‍ ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്നത്.

വാക്വം ടെക്നോളജി ഉപയോഗിച്ച് പ്രകൃതിദത്ത ഫലങ്ങളുടെ നിറവും മണവും ഗുണങ്ങളും നഷ്ടപ്പെടാതെയാണ് നവ്യ ജാമുകളും സ്‌ക്വാഷുകളും ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് മാത്രമല്ല, ഒരു കാലത്ത് മലയാളിയുടെ അടുക്കളയില്‍ ആവിയില്‍ വെന്തിരുന്ന പല നാല് മണി പലഹാരങ്ങളും ബേക്കറികളിലേക്ക് എത്തിച്ചതും നവ്യയാണ്. കൊഴുക്കട്ട, വട്ടേപ്പം എന്നിങ്ങനെ ആവിയില്‍ വെന്ത, ആരോഗ്യത്തിന് ദോഷം ചെയ്യാത്ത പലഹാരങ്ങള്‍ നവ്യയുടെ ഔട്ട്‌ലെറ്റുകളില്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നതും.

ഡയബറ്റിക് ഫ്രണ്ട്ലി ആയിട്ടുള്ള ഒട്ടേറെ കേക്കുകളും കുക്കീസുകളും സ്വീറ്റ്സും നവ്യയില്‍ ഒരുക്കിയിട്ടുണ്ട്. നാട്ടിലെ അതേ ക്വാളിറ്റിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിലൂടെ വിദേശരാജ്യങ്ങളില്‍ കൂടി നവ്യ തന്റെ കയ്യൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. യുഎസ്, യൂറോപ്പ്, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, കാനഡ, യുഎഇ, ഓസ്ട്രേലിയ എന്നിങ്ങനെ വിവിധ വിദേശ രാജ്യങ്ങളിലേക്കും നവ്യയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നുണ്ട്. എക്സ്പോര്‍ട്ട് ക്വാളിറ്റിയിലുള്ള അതേ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് നവ്യയുടെ ഔട്ട്ലറ്റുകളിലും ലഭിക്കുന്നത്.

എത്ര വലിയ കോര്‍പ്പറേറ്റ് ഓര്‍ഡറുകളും ചെയ്തുകൊടുക്കാനും നവ്യയുടെ ടീം സജ്ജമാണ്. 'കാലം മാറി. പക്ഷേ നമ്മുടെ പഴയ ഭക്ഷണ ശീലങ്ങള്‍ നാവില്‍ മായാത്ത രുചിയാണ്. അതുകൊണ്ടാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലും ഞങ്ങള്‍ പുതുമ കൊണ്ടുവന്നത്. അതോടൊപ്പം തന്നെ ഒരു ശരാശരി മലയാളി അടുക്കളയിലെ പാചക രീതിയും ഞങ്ങള്‍ പിന്തുടരുന്നു. വറുക്കുന്ന എണ്ണകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കില്ല. ആര്‍ക്ക് വേണമെങ്കിലും നേരില്‍ കണ്ടറിയാം ഞങ്ങളുടെ വൃത്തി,'' ബിജു ജോസഫ് പറയുന്നു. നിലവില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 56 ഔട്ട്‌ലെറ്റുകളാണ് നവ്യയ്ക്കുള്ളത്. 57-ാമത് ഔട്ട്‌ലെറ്റ് കൂത്താട്ടുകുളത്ത് ഉടന്‍ തുറക്കും. വിവിധ എക്സിബിഷനുകളില്‍ നവ്യ ഗ്രൂപ്പ് പങ്കെടുക്കുകയും അതുവഴി നൂതനാശയങ്ങള്‍ ആവിഷ്‌കരിക്കാനും നവ്യ ശ്രദ്ധ ചെലുത്താറുണ്ട്.

തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ്. കറുകുറ്റിയില്‍ മൂന്നാം പറമ്പില്‍ സി.വി ഔസേപ്പ് തുടക്കമിട്ട ഈ പ്രസ്ഥാനം പുതിയ ഉയരങ്ങളിലേക്കാണ് വളരുന്നത്. ഔസേപ്പിന്റെ മക്കളില്‍ ആറാമനാണ് ബിജു ജോസഫ്. 1,000ത്തോളം ജീവനക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും നവ്യയ്‌ക്കൊപ്പമുണ്ട്. ''നല്ലതേ ചെയ്യൂ. അതാണ് ഞങ്ങളുടെ നിഷ്ഠ.'' ഒറ്റവാക്കില്‍ ഗ്രൂപ്പിനെ വിശദീകരിക്കുന്നു ബിജു. ഭക്ഷ്യ വിപണിയില്‍ നവ്യ അങ്ങനെ 'നല്ലതി'ന്റെ പര്യായമായി നില്‍ക്കുന്നു.

വെറൈറ്റിയാണ് മെയിന്‍!

ക്രിസ്തുമസാകെട്ട പുതുവര്‍ഷമാകട്ടെ, പിറന്നാളാകട്ടെ പെരുന്നാളാകട്ടെ... നിങ്ങള്‍ നല്‍കുന്ന സമ്മാനം അത് ലഭിക്കുന്നവര്‍ കാലങ്ങളോളം ഓര്‍ത്തിരിക്കണമെന്നും അവരില്‍ സന്തോഷത്തിന്റെ ഒരു ഓളം സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിന് നവ്യയെ സമീപിക്കാം. ഓണക്കാലത്ത് വെറൈറ്റി ഓണക്കുടയും ക്രിസ്തുമസിന് തേക്ക് തടിയില്‍ തീര്‍ത്ത ബോക്‌സിലെ രുചി വൈവിധ്യങ്ങളുടെ കേക്കുകളും മാത്രമല്ല, ഒട്ടേറെ ഗിഫ്റ്റ് ഹാംപറുകളും നവ്യയ്ക്കുണ്ട്. പ്ലം കേക്കില്‍ മാത്രമുണ്ട് ഒമ്പത് വെറൈറ്റി. മൊത്തം 800ലേറെ വ്യത്യസ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നവ്യ സ്വന്തം ഫാക്ടറികളില്‍ നിര്‍മിച്ച് സ്വന്തം ഔട്ട്‌ലെറ്റുകളിലൂടെ മാത്രം വിപണനം ചെയ്യുന്നു.

''ആരോഗ്യത്തിന് ഹാനികരമായ പ്രിസര്‍വേറ്റീവുകള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ ഷെല്‍ഫ് ലൈഫ് വളരെ കുറവുമാണ് പലതിനും. പക്ഷേ അവയെല്ലാം തന്നെ അതിവേഗം വിറ്റഴിയുന്നുമുണ്ട്,'' ബിജു ജോസഫ് പറയുന്നു. ഷുഗര്‍ ഫ്രീ കേക്ക്, എഗ്ലെസ് കേക്ക്, ഡയറി ക്രീം കേക്കുകള്‍ എന്നുവേണ്ട ഒട്ടേറെ പുതുമയേറിയ ഉല്‍പ്പന്നങ്ങളുടെ നിരയും നവ്യയില്‍ കാണാം.

നവ്യയ്‌ക്കൊപ്പം നിങ്ങള്‍ക്കും ചേരാം

ബേക്കറി, ഭക്ഷ്യോല്‍പ്പന്ന രംഗത്തെ നാല് പതിറ്റാണ്ടിന്റെ പാരമ്പര്യവും ബേക്കറി ഔട്ട്‌ലെറ്റ് മാനേജ്‌മെന്റ് മേഖലയിലെ അനുഭവസമ്പത്തും കരുത്താക്കി വളര്‍ച്ചയുടെ അടുത്ത പടവിലേക്ക് കയറുകയാണ് നവ്യ. വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്രാഞ്ചൈസി അവസരങ്ങള്‍ നവ്യ ഒരുക്കുകയാണ്. ബേക്കറി ഉല്‍പ്പന്നങ്ങള്‍, ജീവനക്കാരുടെ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍, മാര്‍ക്കറ്റിംഗ് പിന്തുണ തുടങ്ങി എല്ലാം മാതൃകമ്പനി നല്‍കുമെന്ന് ബിജു ജോസഫ് വ്യക്തമാക്കുന്നു.

'മലയാളികള്‍ കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് മാറിവരുകയാണ്. വൃത്തിയും ഗുണമേന്മയും ഒരു കാലത്തും ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലാത്തതുമാണ്. നവ്യ കാലങ്ങളായി മുറുകെ പിടിക്കുന്ന കാര്യങ്ങള്‍ ഇതാണ്. ഒപ്പം അത്യാധുനിക സോഫ്റ്റ്വെയര്‍ സംവിധാനങ്ങളും ഞങ്ങള്‍ക്കുണ്ട്. പുതുതായി ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് എല്ലാം സ്വയം ഒരുക്കാന്‍ സാധിച്ചെന്നിരിക്കില്ല. പരിശീലനം കൃത്യമായി ലഭിക്കണമെന്നില്ല. ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ എളുപ്പം സാധിക്കുകയുമില്ല. ഏറെ വളര്‍ച്ച സാധ്യതയുള്ള രംഗത്ത് താരതമ്യേന റിസ്‌ക് കുറഞ്ഞ രീതിയില്‍ കടന്നുവരാനുള്ള അവസരമാണ് നവ്യ ഒരുക്കുന്നത്,'' ബിജു ജോസഫ് പറയുന്നു. ഫ്രാഞ്ചൈസി സംബന്ധമായ കാര്യങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 94960 01364 (സീജോ ജോസ്).

ഗിഫ്റ്റിംഗ് സേവനങ്ങള്‍ക്ക് ബന്ധപ്പെടുക: 94470 01187, 9400197802.

ഡിസംബര്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT