News & Views

ട്രേഡെക്‌സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

മുന്നൂറിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരും മുപ്പതിലേറെ അന്താരാഷ്ട്ര ബയര്‍മാരും വ്യവസായ പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളാകും

Lijo MG

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ആഗോള വാങ്ങലുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കാനും അവസരമൊരുക്കുന്ന ഇന്റര്‍നാഷണല്‍ ബയര്‍ സെല്ലര്‍ മീറ്റ്-ട്രേഡെക്‌സ് കേരള 2026, ഫെബ്രുവരി 17, 18 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇതിന്റെ ഭാഗമായി ട്രേഡെക്‌സ് കേരള 2026 ലോഗോ വ്യവസായ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.

''കേരളത്തിന്റെ ഉത്പന്നങ്ങളെയും സംരംഭകരെയും ആഗോള വിപണിയില്‍ ശക്തമായി സ്ഥാനമുറപ്പിക്കുന്നതിനുള്ള നിര്‍ണായക വേദിയായി ട്രേഡെക്‌സ് കേരള 2026 മാറും. മുന്നൂറോളം സംരംഭകര്‍ക്ക് മുപ്പതിലധികം അന്താരാഷ്ട്ര ബയര്‍മാരുമായി നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കുകയും, വെറുമൊരു കൂടിക്കാഴ്ച എന്നതിലുപരി, എക്‌സ്‌പോര്‍ട്ട് ഓര്‍ഡറുകളും ധാരണാപത്രങ്ങളുംവഴി കേരളത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനും സംയുക്തമായാണ് ട്രേഡെക്‌സ് കേരള 2026 സംഘടിപ്പിക്കുന്നത്.

മുന്നൂറിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരും മുപ്പതിലേറെ അന്താരാഷ്ട്ര ബയര്‍മാരും വ്യവസായ പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളാകും. വനിതാ സംരംഭകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, വ്യവസായികമായി പിന്നാക്കം നില്‍ക്കുന്ന ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണനയും ട്രേഡെക്‌സ് കേരള 2026 നല്‍കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ പി. വിഷ്ണുരാജ് വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT