News & Views

ബെംഗളൂരു മലയാളികള്‍ക്ക് ഇനി രാജകീയ യാത്ര, സ്വകാര്യ ബസുകളുടെ കൊള്ള അവസാനിക്കും; വന്ദേഭാരത് നിരക്കുകള്‍ അറിയാം

638 കിലോമീറ്ററാണ് ഈ റൂട്ടിലെ ദൂരം. ഇത് 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഓടിയെത്തും. എറണാകുളത്തു നിന്ന് ഓടിത്തുടങ്ങിയാല്‍ കേരളത്തില്‍ പിന്നെ സ്റ്റോപ്പുള്ളത് തൃശൂരും പാലക്കാടും മാത്രമാണ്

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ളാഗ്ഓഫ് ചെയ്തതോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് യാഥാര്‍ത്ഥ്യമായി. നവംബര്‍ 11 മുതല്‍ സര്‍വീസിന് തുടക്കമാകും. ബെംഗളൂരുവിലെ ഐടി കമ്പനികളടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് വന്ദേഭാരതിന്റെ വരവ്.

638 കിലോമീറ്ററാണ് ഈ റൂട്ടിലെ ദൂരം. ഇത് 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഓടിയെത്തും. എറണാകുളത്തു നിന്ന് ഓടിത്തുടങ്ങിയാല്‍ കേരളത്തില്‍ പിന്നെ സ്റ്റോപ്പുള്ളത് തൃശൂരും പാലക്കാടും മാത്രമാണ്. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുണ്ട്.

ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യാം. കെഎസ്ആര്‍ടിസി 1,600-1,800 രൂപയാണ് ഈ റൂട്ടില്‍ ഈടാക്കുന്നത്. സ്വകാര്യ ബസുകള്‍ തിരക്കനുസരിച്ച് 5,000 രൂപ വരെ ഈടാക്കാറുണ്ട്. ഇതിലും നിരക്ക് കുറച്ച് കൂടുതല്‍ സുരക്ഷിതത്വത്തിലും സൗകര്യത്തിലും കുറഞ്ഞ സമയം കൊണ്ട് വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക് (ബ്രാക്കറ്റിൽ എക്സിക്യൂട്ടീവ് ചെയർ കാർ)

ബെംഗളൂരു ഭാഗത്തേക്ക്: തൃശൂര്‍ 293 (616), പാലക്കാട് 384 (809), കോയമ്പത്തൂര്‍472 (991), തിരുപ്പൂര്‍ 550 (1152), ഈറോഡ് 617 (1296), സേലം706 (1470), കെആര്‍ പുരം 1079 (2257).

എറണാകുളം ഭാഗത്തേക്ക്: സേലം 566 രൂപ (1182), ഈറോഡ്665 (1383), തിരുപ്പൂര്‍736 (1534), കോയമ്പത്തൂര്‍ 806 (1681), പാലക്കാട്876 (1827), തൃശൂര്‍1009 (2110), എറണാകുളം 1095 (2289)

രാവിലെ എറണാകുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT