News & Views

റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ വിരമിച്ചിട്ട് നാലു മാസം, പുതിയ മേധാവിയില്ല; അല്ലെങ്കിലും കര്‍ഷകര്‍ക്ക് എന്തു ഗുണം?

വില പ്രസിദ്ധീകരണത്തിലൊതുങ്ങി റബര്‍ ബോര്‍ഡിന്റെ പ്രതിദിന പ്രവര്‍ത്തനം

Dhanam News Desk

കര്‍ഷകര്‍ക്ക് ഗുണം ചെയ്യേണ്ടിയിരുന്ന റബര്‍ ബോര്‍ഡിന് നാലു മാസമായി ചെയര്‍മാനില്ലാത്ത അവസ്ഥയില്‍. ബംഗാളില്‍ നിന്നുള്ള വ്യവസായി സാവര്‍ ധനാനിയ നാലു മാസം മുമ്പാണ് സ്ഥാനമൊഴിഞ്ഞത്. ഇതിനുശേഷം പുതിയ നിയമനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.

മൂന്നു വര്‍ഷം മുമ്പാണ് സാവര്‍ ചെയര്‍മാനായി എത്തുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കീഴില്‍ കാര്യമായ ഗുണങ്ങളൊന്നും കര്‍ഷകര്‍ക്ക് ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കൊല്‍ക്കത്തയില്‍ നിന്ന് വല്ലപ്പോഴും മാത്രമായിരുന്നു ചെയര്‍മാന്‍ കോട്ടയത്ത് എത്തിയിരുന്നത്. അപ്പോഴാകട്ടെ കാര്യമായൊന്നും നടന്നതുമില്ല. റബര്‍ ബോര്‍ഡിനെ കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

ലയനം വൈകില്ല?

റബര്‍ ബോര്‍ഡില്‍ നിന്ന് മാര്‍ച്ചില്‍ നൂറോളം ഉദ്യോഗസ്ഥര്‍ വിരമിക്കുകയാണ്. ഇപ്പോള്‍ തന്നെ ഫീല്‍ഡ് ഓഫീസര്‍മാര്‍ അടക്കം 300ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ നിയമനങ്ങള്‍ വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കോഫി ബോര്‍ഡിനെ റബര്‍ ബോര്‍ഡുമായി ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പുതിയ ബോര്‍ഡ് കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാതെ പോകും. വില പ്രസിദ്ധീകരണത്തിലൊതുങ്ങി റബര്‍ ബോര്‍ഡിന്റെ പ്രതിദിന പ്രവര്‍ത്തനം.

വില ഉയരുന്നില്ല

രാജ്യാന്തര വില ഉയരുമ്പോഴും അതിനനുസരിച്ചുള്ള ഗുണം ആഭ്യന്തര കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. ബാങ്കോക്ക് വില ആര്‍.എസ്.എസ്1ന് 211 രൂപയാണ്. കേരളത്തില്‍ വിലയാകട്ടെ 191 രൂപ മാത്രവും. ഇറക്കുമതി നഷ്ടമാണെങ്കിലും ആഭ്യന്തര വില ഇടിക്കാന്‍ ടയര്‍ കമ്പനികള്‍ ഇൗ തന്ത്രം തന്നെയാണ് പയറ്റുന്നത്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നികുതിയില്‍ വരുന്ന റബറും ആഭ്യന്തര കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വില ലഭിക്കുന്നതിനെ തകര്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT