Photo credit: VJ/Dhanam 
News & Views

57 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വീസ വേണ്ട

സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്

Dhanam News Desk

ഇന്ത്യ 57 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ 87-ാം സ്ഥാനത്തു നിന്നും 80-ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി. നിലവില്‍ ടോഗോ, സെനഗല്‍ എന്നിവയുമായി ഇന്ത്യ സ്ഥാനം പങ്കിടുന്നുണ്ട്. അതേസമയം ലോകത്തിലെ എല്ലാ പാസ്പോര്‍ട്ടുകളിലും ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി സിംഗപ്പൂര്‍ മാറി. 227 ആഗോള ലക്ഷ്യസ്ഥാനങ്ങളില്‍ 192-ലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നതിനാലാണ് സിംഗപ്പൂര്‍ ഒന്നാമനായത്.

ജപ്പാന്‍ പിന്നിലായി

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ 189 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനത്തോടെ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. നിലവില്‍ ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവയുമായി ഇത് സ്ഥാനം പങ്കിടുന്നുണ്ട്.

മറ്റ് രാജ്യങ്ങള്‍

ഒരിക്കല്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന യു.എസ്, എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി. യു.കെ നാലാം സ്ഥാനത്താണുള്ളത്. 27 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. യെമന്‍ (99), പാകിസ്ഥാന്‍ (100), സിറിയ (101), ഇറാഖ് (102) എന്നിവരാണ് അവസാന അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ ഈ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഔദ്യോഗിക ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. വീസയില്ലാതെ പൗരന്‍മാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് എല്ലാ പാസ്പോര്‍ട്ടുകളെയും റാങ്കിംഗ് ചെയ്യുന്നതാണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT