നാട്ടിലും വിദേശത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എല്ലാവരും കൊതിക്കാറുണ്ട്. എന്നാല്‍ ഭാരിച്ച ചെലവുകളാണ് പലപ്പോഴും തടസമാകുന്നത്. വിമാന ടിക്കറ്റുകള്‍ക്ക് മുടക്കേണ്ടി വരുന്ന തുകയാണ് യാത്രാ ചെലവുകളില്‍ പ്രധാനം. ഇത് കുറക്കാനായാല്‍ യാത്രയുടെ മൊത്തം ചെലവ് കുറയും. ബജറ്റ് എയര്‍ലൈനുകളാണ് ഇക്കാര്യത്തില്‍ യാത്രികര്‍ക്ക് സഹായമാകുന്നത്. ചെലവ് കുറഞ്ഞ യാത്ര ഒരുക്കുന്നതില്‍ ശ്രദ്ധിക്കുന്ന വിമാന കമ്പനികള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. ഓരോ രാജ്യങ്ങളിലേക്ക് പോകുമ്പോഴും ആ മേഖലയിലെ ബജറ്റ് എയര്‍ലൈനുകളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ഗുണകരമാകും. ലോകത്തിലെ മികച്ച ബജറ്റ് എയര്‍ലൈനുകളെ കണ്ടെത്തി ലിസ്റ്റ് ചെയ്തിക്കുകയാണ് ഏവയേഷന്‍ ഗവേഷണ സ്ഥാപനമായ സ്‌കൈട്രാക്‌സ്. ഇന്ത്യയില്‍ നിന്നുള്ള ഒരു കമ്പനിയും ഈ ലിസ്റ്റിലുണ്ട്.
ടിക്കറ്റ് നിരക്ക് കുറഞ്ഞിരിക്കുമ്പോഴും കൃത്യനിഷ്ഠയോടെ മികച്ച സേവനം നല്‍കുന്ന എയര്‍ലൈനുകളെയാണ് സ്‌കൈ ട്രാക്‌സ് തെരഞ്ഞെടുത്തിട്ടുള്ളത്. മലേഷ്യന്‍ കമ്പനിയായ എയര്‍ഏഷ്യയാണ് (AirAsia) ഒന്നാം സ്ഥാനത്ത്. 1993 മുതല്‍ ബജറ്റ് യാത്രക്കാരുടെ പ്രിയപ്പെട്ട വിമാനമാണിത്. 166 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ഏഷ്യക്ക് 77 ശതമാനമാണ് കൃത്യനിഷ്ഠ.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാനമായ സ്‌കൂട്ട് (scoot) ചാങ്കി വിമാനത്താവളം കേന്ദ്രീകരിച്ചാണ് സര്‍വീസ്. 60 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നു. 79 ശതമാനമാണ് സമയത്തിലുള്ള കൃത്യനിഷ്ഠ. തിരക്കുള്ള സീസണുകളിലും കുറഞ്ഞ നിരക്കുകളാണ് സ്‌കൂട്ടിന്റെ പ്രത്യേകത.
ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഒരു വിമാന കമ്പനിയാണുള്ളത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ കുറഞ്ഞ നിരക്കില്‍ മുന്നിലാണ് ഈ കമ്പനി. 413 വിമാനങ്ങള്‍ ഉപയോഗിച്ച് 127 വിമാനത്താവളങ്ങളിലേക്കാണ് നിലവില്‍ ഇന്‍ഡിഗോ സര്‍വീസുകള്‍ ഉള്ളത്. 82.1 ശതമാനമാണ് കൃത്യനിഷ്ഠ.
ലുഫ്താന്‍സയുടെ യൂറോവിംഗ് എയര്‍ലൈന്‍സാണ് യൂറോപ്യന്‍ മേഖലയില്‍ ബജറ്റ് യാത്രകള്‍ക്ക് അനുയോജ്യം. സമയനിഷ്ഠ 85 ശതമാനമാണ്.
ബാര്‍സലോണ ഹബായി സര്‍വീസ് നടത്തുന്ന വ്യൂലിംഗ് (Vueling) ലോകത്ത് ബജറ്റ് എയര്‍ലൈനുകളില്‍ അഞ്ചാം സ്ഥാനത്താണ്. മെഡിറ്ററേനിയന്‍ മേഖലയില്‍ സഞ്ചാരികള്‍ ഏറെ തെരഞ്ഞെടുക്കുന്ന വിമാനമാണിത്.
യൂറോപ്പ് യാത്രക്കാര്‍ക്കിടയില്‍ ജനപ്രിയമായ വോളോടീ (Volotea) എയര്‍ലൈന്‍സ് യാത്രാ സമയത്തില്‍ 90 ശതമാനം കൃത്യനിഷ്ഠ പാലിക്കുന്നു. യൂറോപ്പിലെ 20 വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ ലോകത്തെ 110 വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്.
റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ ബജറ്റ് സര്‍വീസായ ട്രാന്‍സാവിയ (Transavia) സേവന മികവില്‍ മുന്നിലാണ്. ആംസ്റ്റര്‍ഡാം ഹബായി പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം ഒരു സര്‍വീസ് പോലും റദ്ദാക്കിയിട്ടില്ല. യൂറോപ്പിലെ ബജറ്റ് യാത്രക്കാരുടെ പ്രിയപ്പെട്ട വിമാനം.
മാഡ്രിഡ് ഹബായ ഇബേറിയ എക്‌സ്പ്രസ് (Iberia Express), സൗദി കമ്പനിയായ ഫ്‌ളൈ നാസ് (Flynas), ബ്രിട്ടീഷ് ബജറ്റ് എയര്‍ലൈനായ ഈസി ജെറ്റ് (Esayjet), ബ്രസീലിന്റെ ഗോല്‍ (Gol), അമേരിക്കയുടെ അല്ലജിയന്റ് എയര്‍ (Allegiant Air), നോര്‍വേജിയന്‍ (Norwegian) എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബൈ (Flydubai), ജപ്പാന്റെ പീച്ച് ഏവിയേഷന്‍ (Peach Aviation) എന്നിവയും വ്യത്യസ്ത സെക്ടറുകളില്‍ ചെലവ് കുറഞ്ഞ സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine