Image by Canva 
News & Views

ഉള്ളി വില കുതിക്കുന്നു; മഹാരാഷ്ട്രയില്‍ നിന്ന് 1,600 ടണ്‍ ഡല്‍ഹിയിലെത്തും

ഡല്‍ഹിയില്‍ ഉള്ളി വില 75 രൂപ, സര്‍ക്കാര്‍ സബ്‌സിഡി നിരക്ക് 35

Dhanam News Desk

ദീപാവലി അടുക്കുമ്പോള്‍ ഉള്ളി (സവാള)വില കുതിച്ചുയരുന്നത് തടയാന്‍ വഴി തേടി കേന്ദ്രസര്‍ക്കാര്‍. വിപണി ഇടപെടലിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നിന്ന് 1,600 ടണ്‍ ഉള്ളി ഡല്‍ഹിയില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്ക് ഉള്ളിയാണ് പ്രത്യേക ട്രെയിന്‍ മാര്‍ഗം തലസ്ഥാനത്ത് എത്തിക്കുന്നത്. 'കണ്ട എക്‌സ്പ്രസ്' എന്ന്  പേരിട്ട ഗുഡ്‌സ് ട്രെയിന്‍ 20 ന് തലസ്ഥാനത്തെത്തും. മഹാരാഷ്ട്രയില്‍ നിന്ന് കിലോക്ക് 28 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി സംഭരിക്കുന്നത്. ഡല്‍ഹിയില്‍ പൊതുവിപണിയില്‍ ഇപ്പോള്‍ ഉള്ളി വില കിലോക്ക് 75 രൂപ വരെയാണ്. സര്‍ക്കാര്‍ സബ്ഡിഡി നിരക്കില്‍ നല്‍കുന്നത് 35 രൂപക്കും. മഹാരാഷ്ട്രയിലെ ലാസല്‍ഗോണ്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇത്രയധികം ഉള്ളി ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നത് ആദ്യമാണ്.

മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കും

സര്‍ക്കാരിന്റെ ഗോഡൗണുകളിലുള്ള ബഫര്‍ സ്റ്റോക്ക് ഉള്ളി ഇതേ രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി നിധി ഖരെ പറഞ്ഞു. 4.7 ലക്ഷം ടണ്‍ ബഫര്‍ സ്റ്റോക്കാണുള്ളത്. ഇതില്‍ 91,960 ടണ്‍ നാഫെഡിനും മറ്റ് ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്. 86,000 ടണ്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് അയച്ചു. മറ്റു സംസ്ഥാനങ്ങളിലേക്കും ഉള്ളി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിന്‍ മാര്‍ഗം കൊണ്ടു പോകുന്നത് ചിലവുകള്‍ കുറക്കുന്നുണ്ട്. ഒരു റേക്ക് (56 ട്രക്കിന് തുല്യം) ഉള്ളി ട്രെയിനില്‍ കൊണ്ടു പോകുമ്പോള്‍ ഗതാഗത ചിലവ് ഇനത്തില്‍ മാത്രം 13.80 ലക്ഷം രൂപയുടെ കുറവുണ്ട്.

പൊതു വിപണിയില്‍ വില്‍ക്കും

ഡല്‍ഹിയില്‍ എത്തിക്കുന്ന ഉള്ളി ഹോള്‍സെയില്‍ വ്യാപാരികള്‍ക്ക് ലേലത്തില്‍ വില്‍ക്കുമെന്ന് നിധി ഖരെ പറഞ്ഞു. പൊതു വിപണിയില്‍ 75 രൂപയാണെങ്കിലും സര്‍ക്കാര്‍ സബ്‌സിഡിയോടെ 35 രൂപ വിപണി വില നിശ്ചയിച്ചാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഡല്‍ഹിയില്‍ നാഫെഡ്, മദര്‍ ഡയറി സഫല്‍ ഔട്ട് ലെറ്റുകള്‍, കേന്ദ്രീയ ഭണ്ഡാര്‍, ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ ഇത് വില്‍പ്പന നടത്തുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച 1,000 മൊബൈല്‍ വാനുകള്‍ വഴിയുള്ള വില്‍പ്പനയും ആസൂത്രണം ചെയ്തിട്ടുണ്ട്. തീവണ്ടിയില്‍ ഉള്ളി എത്തുന്നതോടെ ഡല്‍ഹിയില്‍ പൊതുവിപണിയിലെ വില കുത്തനെ കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. പുതിയ സീസണിലെ ഉള്ളി വിളവെടുപ്പ് കൂടി കഴിയുന്നതോടെ ഉള്ളി ക്ഷാമം തീരുമെന്നും പ്രതീക്ഷിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT