News & Views

നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 28

Dhanam News Desk
പ്രളയ സെസ് ജൂണ്‍ ഒന്നുമുതല്‍: ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറും

കേരള പുനര്‍നിര്‍മാണത്തിനുള്ള പണം കണ്ടെത്താന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രളയ സെസ് ( അധിക നികുതി) ജൂണ്‍ ഒന്നുമുതല്‍ നടപ്പാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്നലെ ഇറങ്ങി. ഇതോടെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ധയുണ്ടാകും. അഞ്ച് ശതമാനത്തിനു മുകളില്‍ ചരക്ക്, സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഇതോടെ ഒരു ശതമാനം സെസ് ചുമത്തും. ജിഎസ്ടി അഞ്ച് ശതമാനത്തില്‍ താഴെയാണെങ്കിലും സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 0.25 ശതമാനം സെസ് ചുമത്തിയിട്ടുണ്ട്.

പ്രളയ പുനര്‍നിര്‍മാണം: ലോക ബാങ്ക് ആദ്യവായ്പ ജൂണില്‍ ലഭ്യമായേക്കും

പ്രളയ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ലോക ബാങ്കിന്റെ ആദ്യ വികസന വായ്പ അടുത്ത മാസത്തോടെ ലഭ്യമായേക്കും. ശേഷിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ലോക ബാങ്ക്, കേന്ദ്ര ധനമന്ത്രാലയം പ്രതിനിധികളുമായി കേരള സംഘം ചര്‍ച്ച തുടങ്ങി. ആദ്യ ഘട്ടത്തില്‍ 1000 കോടി രൂപ ലോക ബാങ്ക് വായ്പ അനുവദിക്കപ്പെട്ടേക്കും.

ഫിയറ്റ് ക്രൈസ്ലര്‍ - റെനോ ലയന നീക്കം ശക്തമാകുന്നു

ലോകത്തിലെ വന്‍കിട വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലറും റെനോയും ഒന്നിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാകുന്നു. വിജയകരമായി ലയനം പൂര്‍ത്തിയാക്കിയാല്‍ ഫോക്സ്വാഗനും ടൊയോട്ടയ്ക്കും പിന്നിലായി മൂന്നാമത്തെ വലിയ വാഹനനിര്‍മാതാക്കളായി പുതിയ കമ്പനി മാറും. ജനറല്‍ മോട്ടോഴ്സിനെ മറികടന്നാകും പുതിയ സംരംഭം മൂന്നാമതെത്തുക. ലയനനീക്കം വിജയിച്ചാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കുന്നതിനുള്ള തുക കണ്ടെത്താനും പുതിയ സംരംഭത്തിന് സാധിക്കും.

ജിഎസ്ടിയില്‍ ഇലക്ട്രോണിക്‌സ് ഇന്‍വോയ്‌സ് സംവിധാനം വരുന്നു

രാജ്യത്തെ വന്‍കിട കമ്പനികള്‍ക്ക് അവരുടെ ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് ഇഷ്യു ചെയ്യാന്‍ പൊതുവായൊരു ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് പോര്‍ട്ടല്‍ ഉടന്‍ വരുന്നു. ഒരു ഇലക്ട്രോണിക് ഇന്‍വോയ്‌സ് സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത് വന്‍കിട കമ്പനികള്‍ക്ക് മാത്രമായിരിക്കും. ഇതു വഴി ജിഎസ്ടി നെറ്റ് വര്‍ക്കിലെ എല്ലാ ഇടപാടുകളും ഓട്ടോമാറ്റിക്കലായി രേഖപ്പെടുത്തും. നികുതിയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കുറച്ചു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഒഴിവ്

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഒഴിവ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇന്‍കം ടാക്‌സ് നയങ്ങള്‍ ലഘൂകരിക്കുന്നു. ലാഭത്തിന്റെ 100 ശതമാനത്തിനും 100 ശതമാനം ഒഴിവാണ് ഇതു വഴി ലഭിക്കുക. ഏയ്ഞ്ചല്‍ ടാക്‌സ് നിയമങ്ങള്‍ ലഘൂകരിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ നീക്കം. 508 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏയ്ഞ്ചലല്‍ ടാക്‌സ് ഒഴിവാക്കലിന്റെ നേട്ടം ലഭിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT