News & Views

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 4

Dhanam News Desk
1.ജിഎസ്ടി വിഹിതത്തിനു വേണ്ടി കേരളം സുപ്രീം കോടതിയിലേക്ക്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി നഷ്ടപരിഹാരത്തുകയില്‍ സംസ്ഥാനത്തിന്റെ വിഹിതം നല്‍കാത്തതിനെതിരെ കേരളം നിയമയുദ്ധത്തിനൊരുങ്ങുന്നു.സുപ്രീം കോടതിയെ സമീപിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ മാസത്തെ വിഹിതം കൂടി കണക്കാക്കിയാല്‍ 3200 കോടി രൂപയാണ് ലഭിക്കണം. ഇതു ലഭിക്കാത്തതിനാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥിതിയിലെത്തി സംസ്ഥാനം.

2.വായ്പാ മേളയില്‍ മികച്ച പ്രതികരണം : പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയത് 4.91 ലക്ഷം കോടി

വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടാനായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം. ഉത്സവകാലം നിറഞ്ഞുനിന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി 4.91 ലക്ഷം കോടി രൂപയുടെ വായ്പകളാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയത്. ഇത് റെക്കോഡാണ്.

3.കോര്‍പറേറ്റ് നികുതി ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

കോര്‍പറേറ്റ് നികുതി കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നികുതി ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. വ്യവസായങ്ങള്‍ക്ക് ഊര്‍ജമേകാനും രാജ്യത്തു നിക്ഷേപം ഉയര്‍ത്താനും ബില്‍ വഴിയൊരുക്കുമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണു ബില്‍.

4.സ്വര്‍ണത്തിന് ഇ-വേ ബില്‍; തോമസ് ഐസക് കണ്‍വീനറായി മന്ത്രിമാരുടെ സമിതി

ജിഎസ്ടി സംവിധാനത്തില്‍ സ്വര്‍ണത്തിനും രത്‌നങ്ങള്‍ക്കും ഇ-വേ ബില്‍ നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ കേരള ധനമന്ത്രി ഡോ.തോമസ് ഐസക് കണ്‍വീനറായി മന്ത്രിമാരുടെ സമിതി രൂപീകരിച്ചു. ഇ-വേ ബില്‍ നടപ്പാക്കാനാവുന്നില്ലെങ്കില്‍ നികുതി വെട്ടിപ്പു തടയാന്‍ മറ്റു മാര്‍ഗങ്ങള്‍ സമിതി നിര്‍ദേശിക്കണം. സെപ്റ്റംബര്‍ 20ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമിതി രൂപീകരണം.

5.ഇന്ധനനികുതി കുറയ്ക്കില്ലെന്ന് നിര്‍മല സീതാരാമന്‍

ഇന്ധന നികുതി കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ലെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. ജിഎസ്ടി പരിധിയില്‍ ഇന്ധന നികുതി കൊണ്ടു വരണമെന്ന ആവശ്യം ഉണ്ടെങ്കിലും സംസ്ഥാനങ്ങളുടെ അടക്കം എതിര്‍പ്പു മൂലം ഇതു സാധ്യമായിട്ടില്ല. ഇതുകൊണ്ടു തന്നെ ഒരര്‍ഥത്തില്‍ പെട്രോള്‍ പൂജ്യം ജിഎസ്ടി പരിധിയിലാണെന്നു വ്യാഖ്യാനിക്കാമെന്നാണ് മന്ത്രിയുടെ വാദം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT