News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 30

Dhanam News Desk
  1. ആഭ്യന്തര വിപണിയില്‍ ഈ മാസം 2,613 കോടിയുടെ വിദേശ നിക്ഷേപം

ആഭ്യന്തര വിപണിയില്‍ 2,613 കോടി രൂപ നിക്ഷേപിച്ച് ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി. പ്രധാനമായും കോര്‍പ്പറേറ്റ് വരുമാനത്തില്‍ പുനരുജ്ജീവനമുണ്ടാകുമെന്ന പ്രതീക്ഷ, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയം, ആഗോളതലത്തില്‍ സെന്‍ട്രല്‍ ബാങ്കുകളുടെ ഫണ്ട് ഇന്‍ഫ്യൂഷന്‍ എന്നിവയാണ് നിക്ഷേപ വര്‍ധനയ്ക്ക് സഹായിച്ചത്.

2. ഇന്ത്യ സ്‌കില്‍സ് കേരള 2020 രജിസ്ട്രേഷന്‍ നാളെ വരെ

ആഗോളതലത്തില്‍തന്നെ കഴിവ് പ്രകടിപ്പിക്കാന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന നൈപുണ്യ മേളയായ ഇന്ത്യ സ്‌കില്‍സ് കേരള 2020 മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ പന്ത്രണ്ടായിരം കവിഞ്ഞു. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റേയും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റേയും (കെയ്സ്) സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയ്ക്ക് ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

3. എസ് ബി ഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും

എല്ലാതരത്തിലുമുള്ള എ ടി എം കാര്‍ഡുകളും 2020 മുതല്‍ ഉപയോഗിക്കാനാക്കിലെന്ന് ഉപയോക്താക്കള്‍ക്ക് എസ് ബി ഐയുടെ മുന്നറിയിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡാണെങ്കില്‍ ജനുവരി ഒന്ന് മുതല്‍ ഇടപാട് നടത്താനാവില്ല.മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ചിപ്, അല്ലെങ്കില്‍ പിന്‍ അടിസ്ഥാനമായ എടിഎം കാര്‍ഡാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.

4. ബിഎസ്എന്‍എല്‍ പുനരുജ്ജീവനത്തിന് ഏഴംഗ മന്ത്രിതല സമിതി

ടെലികോം രംഗത്ത് ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ 69000 കോടിയുടെ പദ്ധതി. ഇതിന്റെ മേല്‍നോട്ടം വഹിക്കാനായി ഏഴംഗ മന്ത്രിതല സമിതിയെയും നിയമിച്ചു.4ജി സ്പെക്ട്രം അടക്കം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ സമിതി തീരുമാനമെടുക്കും.

5. ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി വര്‍ധിക്കാന്‍ സാധ്യതയെന്ന് ആര്‍ ബി ഐ

രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി നേരിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. 2020 സെപ്തംബറോടെ ഇത് 9.9 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. 2019 സെപ്തംബറില്‍ ഇത് 9.3 ശതമാനമായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവില്‍ 12.7 ശതമാനമാണ്. അത് അരശതമാനം വര്‍ധിച്ച് 13.2 ശതമാനത്തിലെത്തും. സ്വകാര്യ ബാങ്കുകളുടേത് 3.9 ശതമാനത്തില്‍നിന്ന് 4.2 ശതമാനമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT