രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ജൂണ്‍ പാദത്തില്‍ കോടികളുടെ നഷ്ടം. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ക്രൂഡ്ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് എണ്ണക്കമ്പനികള്‍ക്ക് പ്രഹരമായത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) തുടങ്ങിയ കമ്പനികളെല്ലാം വലിയ തിരിച്ചടി നേരിട്ടു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന് (എച്ച്പിസിഎല്‍) ചരിത്രത്തിലെ അവരുടെ ഉയര്‍ന്ന പാദനഷ്ടമാണ് ജൂണില്‍ നേരിടേണ്ടി വന്നത്. 11,526.41 കോടി രൂപയാണ് ആകെ നഷ്ടം. മുന്‍വര്‍ഷം ജൂണില്‍ 4,111 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്. അതേസമയം, വരുമാനത്തില്‍ വലിയ വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചു.
ബിപിസിഎല്ലിന് ആദ്യ പാദത്തില്‍ 3,962.13 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ 15 പാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് കമ്പനി നഷ്ടം നേരിടേണ്ടി വന്നത്. മുന്‍വര്‍ഷം സമാനപാദത്തില്‍ 3,333.97 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയര്‍ന്നത് തിരിച്ചടിയായെങ്കിലും, കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 23% വര്‍ധിച്ച് 1.61 ലക്ഷം കോടി രൂപയിലെത്തി. ഈ പാദത്തില്‍ 10.15 മില്യണ്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയിലാണ് ബിപിസിഎല്‍ ശുദ്ധീകരിച്ചത്. ആഭ്യന്തര വിപണിയിലെ വില്‍പന 13.62 മില്യണ്‍ മെട്രിക് ടണ്ണായി.
കമ്പനികളുടെ കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നഷ്ടപരിഹാര പാക്കേജ് നല്‍കുന്നതിനുള്ള നടപടികളിലാണ് പെട്രോളിയം മന്ത്രാലയം. പെട്രോളിയം മന്ത്രാലയം തയാറാക്കുന്ന നഷ്ടപരിഹാര നിര്‍ദ്ദേശത്തിന് ധനമന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം ആവശ്യമാണ്. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നത് എണ്ണക്കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ്. മികച്ച റിഫൈനിംഗ് മാര്‍ജിനും അടുത്തിടെ വരുത്തിയ വിലവര്‍ധനവും ചെറിയ ആശ്വാസം നല്‍കും. എന്നാല്‍ പുതിയ സംഘര്‍ഷങ്ങള്‍ കമ്പനികള്‍ക്ക് അഗ്നിപരീക്ഷയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine