ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഡ്രീംഇലവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. മൂന്നു വര്‍ഷത്തേക്ക് 358 കോടി രൂപയ്ക്കായിരുന്നു ഡ്രീംഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. ഡ്രീംഇലവന്റെ പെട്ടെന്നുള്ള പിന്മാറ്റം ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യയ്ക്ക് (ബിസിസിഐ) വലിയ തിരിച്ചടിയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ അടുത്ത മൂന്നു വര്‍ഷത്തെ സ്‌പോണ്‍സറായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (Toyota Kirloskar Motor) എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനീസ് ബ്രാന്‍ഡായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്റെയും (Toyota Motor Corporation) കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെയും (Kirloskar Group) സംയുക്ത സംരംഭമാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറാകാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ താല്പര്യം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ തേടി ബി.സിസി.ഐ ഇതുവരെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടില്ല. അടുത്തമാസം ആരംഭിക്കുന്ന ഐസിസി വനിതാ ലോകകപ്പിന് മുന്നോടിയായി പുതിയ സ്‌പോണ്‍സര്‍ വരുമെന്നാണ് വിവരം.
ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് ഒരു മത്സരത്തിന് 3.5 കോടി രൂപയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി), ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും (എസിസി) നടത്തുന്ന മത്സരങ്ങള്‍ക്ക് 1.5 കോടി രൂപയും കിട്ടുന്ന കരാറിനാണ് ബിസിസിഐ ശ്രമം. 2025-26 സീസണില്‍ 131 കോടി രൂപ, 2026-27 സീസണില്‍ 162.5 കോടി, 2027-28 സീസണിലേക്ക് 158.5 കോടി രൂപ എന്നിങ്ങനെയാകും സ്‌പോണ്‍സര്‍ഷിപ്പ് നിരക്ക്.
സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പ് വഴി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ വരുന്നത്. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ സ്വീകാര്യതയും കൂടുതല്‍ പേരിലേക്ക് ബ്രാന്‍ഡിനെ എത്തിക്കാനുള്ള എളുപ്പവഴിയെന്നതുമാണ് വലിയ തുക നല്കാന്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
1997ലാണ് സംയുക്ത സംരംഭമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കര്‍ണാടകയിലെ ബിഡാഡിയിലാണ് കമ്പനിയുടെ ആസ്ഥാനവും പ്ലാന്റും. 2000ല്‍ പുറത്തിറക്കിയ ക്വാളിസ് ആണ് സംയുക്ത സംരംഭത്തിന്റെ ഇന്ത്യയിലെ ആദ്യ കാര്‍.
Read DhanamOnline in English
Subscribe to Dhanam Magazine