Image Courtesy: findyourbank.in, kerala bank 
News & Views

അങ്ങനെയങ്ങ് അടിച്ചു മാറ്റിയാലോ? കേരള ബാങ്കിനെതിരെ കേരള ഗ്രാമീണ്‍ ബാങ്ക്

രണ്ട് ബാങ്കുകളും ഒരേ വാചകം ഉപയോഗിച്ചതോടെയാണ് പ്രശ്‌നം ഉടലെടുക്കുന്നത്

Dhanam News Desk

മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് വ്യത്യസ്തമായൊരു പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചു കൊണ്ടിരുന്ന വാക്യം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ബാങ്ക് തട്ടിയെടുത്തുവെന്നാണ് ആരോപണം.

മാറ്റിയില്ലെങ്കില്‍ നിയമനടപടി

ഇതുസംബന്ധിച്ച് കേരള ബാങ്ക് സി.ഇ.ഒയ്ക്കും പ്രസിഡന്റിനും കേരള ഗ്രാമീണ്‍ ബാങ്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. 'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന ടാഗ്‌ലൈനാണ് കേരള ഗ്രാമീണ്‍ ബാങ്ക് ഉപയോഗിക്കുന്നത്. ഇതിനോട് സാമ്യമുള്ള 'മലയാളിയുടെ സ്വന്തം ബാങ്ക്' എന്നതാണ് കേരള ബാങ്കിന്റെ വാചകം. തങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കുള്ള പരസ്യവാചകം അനധികൃതമായിട്ടാണ് കേരള ബാങ്ക് ഉപയോഗിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്.

എത്രയും പെട്ടെന്ന് ഈ വാചകം ഒഴിവാക്കിയില്ലെങ്കില്‍ ട്രേഡ് മാര്‍ക്ക് നിയമം അനുസരിച്ച് പരാതിയുമായി മുന്നോട്ടു പോകുമെന്നും കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്. 634 ശാഖകളും 10 റീജിയണല്‍ ഓഫീസുകളും ബാങ്കിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, സ്‌പോണ്‍സര്‍ ബാങ്ക് ആയ കാനറ ബാങ്ക് എന്നിവര്‍ക്കാണ് ഓഹരിപങ്കാളിത്തം.

ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ 2024ലെ ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കും ഇടംനേടിയിരുന്നു. ഇന്ത്യയിലെ 18-ാമത്തെ മികച്ച ബാങ്കെന്ന നേട്ടമാണ് കേരള ഗ്രാമീണ്‍ ബാങ്ക് സ്വന്തമാക്കിയത്. പട്ടികയില്‍ ഇടംപിടിച്ച ഏക റീജിയണല്‍ റൂറല്‍ ബാങ്കുമാണ് കേരള ഗ്രാമീണ്‍ ബാങ്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT