Image : Canva 
News & Views

ഡാറ്റ വേണ്ടാത്തവര്‍ക്ക് കൂടുതല്‍ റീചാര്‍ജ് പ്ലാനുകള്‍; വോയ്സ്-എസ്എംഎസില്‍ ട്രായിയുടെ ഇടപെടല്‍

ഓരോ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന വോയ്സ്-എസ്എംഎസ് മാത്രം ഉള്‍പ്പെടുന്ന പ്ലാനുകള്‍ കമ്പനികള്‍ നല്‍കണം

Dhanam News Desk

വോയ്‌സ് കോളുകളും എസ്എംഎസും മാത്രം ഉപയോഗിക്കുന്നവര്‍ക്കായി കൂടുതല്‍ റീചാര്‍ജ് ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ മൊബൈല്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). പ്രധാനമായും ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കു വേണ്ടിയാണ് ട്രായിയുടെ ഇടപെടല്‍. ടെലികോം കമ്പനികള്‍ കുറഞ്ഞ കാലാവധിയുള്ള വോയ്സ്-എസ്എംഎസ് മാത്രം ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ പ്ലാനുകള്‍ കൂടി നല്‍കണം.

30 ദിവസമോ അതില്‍ താഴെയോ വാലിഡിറ്റി ഉള്ള വോയ്സ്, എസ്എംഎസ് പാക്കേജ് ഒരു ടെലികോം കമ്പനി നല്‍കുന്നുണ്ടെങ്കില്‍, അതേ വാലിഡിറ്റിയില്‍ ഡേറ്റ ഇല്ലാത്ത വോയ്സ്-എസ്എംഎസ് പ്ലാനും ലഭ്യമാക്കേണ്ടിവരും. ഡാറ്റ ഒഴിവാക്കുന്നതിനനുസരിച്ച് നിരക്കിലും യുക്തമായ കുറവ് വരുത്തണം. നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്ക് വലിയ നിരക്കിലുള്ള പ്ലാനുകള്‍ എടുക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദ്ദേശം.

മാസത്തിലൊരിക്കല്‍ പുതുക്കാവുന്ന പ്ലാനും

ഓരോ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന വോയ്സ്-എസ്എംഎസ് മാത്രം ഉള്‍പ്പെടുന്ന പ്ലാനുകള്‍ കമ്പനികള്‍ നല്‍കണം. ഏതെങ്കിലും മാസത്തില്‍ ആ തീയതി ഇല്ലെങ്കില്‍ ആ മാസത്തിലെ അവസാന തീയതി പുതുക്കാനുള്ള തീയതിയായി ആയി കണക്കാക്കാം.

2024ലെ ഭേദഗതിയിലൂടെ ഓരോ ടെലികോം സേവനദാതാവും കുറഞ്ഞത് ഒരു വോയ്സ്-എസ്എംഎസ് മാത്രം ഉള്‍പ്പെടുന്ന പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം പ്ലാനുകള്‍ വളരെ കുറവാണെന്നും അവയില്‍ പലതും ദീര്‍ഘകാല പ്ലാനുകളാണെന്നും ട്രായ് കണ്ടെത്തിയിരുന്നു.

ഉപയോക്താക്കള്‍ക്ക് എന്താണ് നേട്ടം?

ഉദാഹരണത്തിന്, ഒരു കമ്പനി 28 ദിവസത്തെ കോളും എസ്എംഎസും ഡാറ്റയും അടങ്ങിയ പ്ലാന്‍ നല്‍കുന്നുണ്ടെന്ന് കരുതുക. പുതിയ ചട്ടപ്രകാരം അതേ 28 ദിവസത്തേക്ക് ഡാറ്റ ഇല്ലാത്ത വോയിസ്-എസ്എംഎസ് പ്ലാനും നല്‍കേണ്ടിവരും. ഇതിലൂടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് ആവശ്യമില്ലാത്ത ഡേറ്റയ്ക്കായി പണം ചെലവഴിക്കാതെ അനുയോജ്യമായ റീചാര്‍ജ് തിരഞ്ഞെടുക്കാന്‍ കഴിയും. ഒക്ടോബര്‍ അവസാനത്തോടെ ഈ മാറ്റങ്ങള്‍ നിലവില്‍ വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT