toll booth 
News & Views

ഫാസ്ടാഗുകള്‍ക്ക് വാര്‍ഷിക, ആജീവനാന്ത കാലാവധി; പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; നിരക്കുകള്‍ ഇങ്ങനെ

ആദ്യ ഘട്ടത്തില്‍ സ്വകാര്യ കാറുകള്‍ക്ക് പാസുകള്‍ അനുവദിക്കും; എല്ലാ ദേശീയ പാതകളിലും പരിധിയില്ലാതെ ഉപയോഗിക്കാന്‍ സൗകര്യം

Dhanam News Desk

ദേശീയ പാതകളിലെ ടോള്‍ ഗേറ്റുകളില്‍ വാര്‍ഷിക, ആജീവനാന്ത കാലാവധിയുള്ള ടോള്‍ പാസുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആദ്യ ഘട്ടത്തില്‍ സ്വകാര്യ കാറുകള്‍ക്കാണ് പാസുകള്‍ അനുവദിക്കുക. നിലവില്‍ ഫാസ്ടാഗുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് വാര്‍ഷിക പാസുകള്‍ എടുക്കുമ്പോള്‍ നിരക്കുകളില്‍ കുറവ് വരും. ഒരു വര്‍ഷത്തേക്കുള്ള പാസ്, 15 വര്‍ഷത്തേക്കുള്ള ആജീവനാന്ത പാസ് എന്നിങ്ങിനെയാണ് ഏര്‍പ്പെടുത്തുക. കാലാവധിക്കുള്ളില്‍ പരിധിയില്ലാതെ ഉപയോഗിക്കാമെന്നതാണ് പ്രയോജനം. സ്ഥിരമായി ടോള്‍ ബൂത്തുകളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഇത് ലാഭകരമാകും.

നിരക്കുകള്‍ ഇങ്ങനെ

പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ഗതാഗത മന്ത്രാലയം ചര്‍ച്ചകള്‍ നടത്തി വരികയാണ്. ദേശീയ പാതയില്‍ കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ടോള്‍ നിരക്കുകള്‍ ക്രമീകരിക്കുന്നതും സജീവ പരിഗണനയിലാണ്. നിലവിലുള്ള ഫാസ്ടാഗില്‍ തന്നെ വാര്‍ഷിക പാസുകള്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

വാര്‍ഷിക പാസിന് 3,000 രൂപയായിരിക്കും ഈടാക്കുന്നത്. നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ സ്ഥിരമായി കടന്നു പോകുന്നവര്‍ക്ക് പ്രതിമാസ പാസുണ്ട്. ഇതിന് 340 രൂപയാണ് നല്‍കേണ്ടത്. ഈ നിരക്കില്‍ വര്‍ഷത്തില്‍ 4,080 രൂപ വരുന്നുണ്ട്. അതേസമയം, വാര്‍ഷിക പാസ് എടുക്കുമ്പോള്‍ 1,080 രൂപയുടെ കുറവ് വരും. സ്ഥിരം യാത്രക്കാര്‍ക്ക് ഇത് ലാഭകരമാകും. 15 വര്‍ഷത്തെ ആജീവനാന്ത പാസിന് 30,000 രൂപയായിരിക്കും ഈടാക്കുകയെന്നാണ് സൂചന. ഈ പാസുകള്‍ ഉപയോഗിച്ച് എല്ലാ ദേശീയ പാത ടോളുകളിലൂടെയും കടന്നു പോകാം. പുതിയ പാസ് സംവിധാനം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ല. നിലവിലുള്ള രീതിയും ഇതോടൊപ്പം തുടരും.

ടോള്‍ ഗേറ്റുകളിലെ വരുമാനം 55,000 കോടി

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ ടോള്‍ ഗേറ്റുകളില്‍ നിന്ന് പിരിച്ചത് 55,000 കോടി രൂപയാണ്. ടോള്‍ ഗേറ്റുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ 53 ശതമാനം സ്വകാര്യ കാറുകളാണ്. കാറുകള്‍ക്കായി പ്രത്യേക പാസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലത്തേക്കുള്ള പാസ് കുറഞ്ഞ നിരക്കില്‍ അനുവദിക്കുന്നതിലൂടെ ടോള്‍ ബൂത്തുകളിലെ തിരക്ക്, തര്‍ക്കങ്ങള്‍ എന്നിവ പരിഹരിക്കാനും കഴിയുമെന്നാണ് ട്രാസ്‌പോര്‍ട്ട് വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT