trump and US tourism Image courtesy: Canva
News & Views

വരുമാനം കൂട്ടാന്‍ ട്രംപ്; ടൂറിസ്റ്റുകള്‍ക്കുള്ള നിരക്കുകള്‍ ഉയര്‍ത്തുന്നു; വിമാനത്താവളങ്ങളില്‍ ചാര്‍ജുകള്‍ കൂടും

വിസ ഫ്രീ സൗകര്യമുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെയാണ് ഇത് ബാധിക്കുക

Dhanam News Desk

രാജ്യത്തിന്റെ വരുമാനം കൂട്ടാന്‍ ഓരോ ഡോളറിലും കൈവെക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്ന തന്റെ 'ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'ല്‍ ടൂറിസം മേഖലയിലും പുതിയ നിരക്കുകള്‍ ചുമത്തുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന ടൂറിസ്റ്റുകള്‍ക്കുള്ള ട്രാവല്‍ ഓതറൈസേഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു. വാഷിംഗ്ടണിലെ വിമാനത്താവളങ്ങളുടെ ലീസ് നിരക്കുകളും കുത്തനെ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതെല്ലാം അമേരിക്കയിലെത്തുന്ന വിദേശികളുടെ ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നാണ് ടൂറിസം സേവനദാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

42 രാജ്യങ്ങള്‍ക്ക് ബാധകം

അമേരിക്കയിലെത്തുന്ന വിദേശികളില്‍ നിന്ന് ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (Electronic System for Travel Authorization -ESTA) എന്ന പേരില്‍ നിലവില്‍ ഫീസ് ഈടാക്കുന്നുണ്ട്. ഇത് 21 ഡോളറില്‍ നിന്ന് 40 ഡോളര്‍ (3,900 രൂപ) ആയാണ് ഉയര്‍ത്തിയത്. അമേരിക്കയിലേക്ക് വിസ ഫ്രീ സൗകര്യം അനുവദിച്ചിട്ടുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇത് ബാധകമാകുക. യുഎസില്‍ ടൂറിസ്റ്റുകളായി കൂടുതല്‍ പേര്‍ എത്തുന്ന യുകെ, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്‌ട്രേലിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്ക് ഇത് ബാധകമാകും. നാല് പേരുള്ള ഒരു കുടംബം അമേരിക്കയില്‍ ടൂറിസ്റ്റുകളായി എത്തുമ്പോള്‍ പുതിയ നിരക്ക് പ്രകാരം 160 ഡോളര്‍ നല്‍കേണ്ടി വരും. കാനഡ, ബര്‍മുഡ എന്നീ രാജ്യങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരക്ക് വര്‍ധനയിലൂടെ യുഎസ് ഫെഡറല്‍ ഫണ്ടിലേക്ക് വര്‍ഷത്തില്‍ 350 കോടി ഡോളര്‍ അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

42 ഡോളറില്‍ നിന്ന് 10 ഡോളര്‍ ഇലക്ട്രോണിക് ഓതറൈസേഷന്‍ സിസ്റ്റം ചെലവുകള്‍ക്കും 13 ഡോളര്‍ അമേരിക്കയുടെ മൊത്തം ധനകമ്മിയിലേക്കും 17 ഡോളര്‍ ട്രാവല്‍ പ്രൊമോഷന്‍ ഫണ്ടിലേക്കും വകയിരുത്താനാണ് പുതിയ ബില്ലില്‍ പറയുന്നത്.

ബ്രാന്‍ഡിംഗിന് തുക വെട്ടിക്കുറച്ചു

അമേരിക്കന്‍ ടൂറിസത്തെ വിദേശ രാജ്യങ്ങളില്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ഫണ്ട് ട്രംപ് ഭരണകൂടം 80 ശതമാനം വെട്ടിക്കുറച്ചു. വര്‍ഷത്തില്‍ 10 കോടി ഡോളര്‍ ഉണ്ടായിരുന്നത് രണ്ട് കോടിയായാണ് കുറച്ചത്. 2009 മുതലാണ് ബ്രാന്‍ഡ് യുഎസ്എ എന്ന പേരില്‍ ട്രാവല്‍ പ്രൊമോഷന്‍ ഫണ്ട് നിലവില്‍ വന്നത്. ഫണ്ട് വെട്ടിക്കുറച്ചത് അമേരിക്കന്‍ ടൂറിസത്തിന് ആഗോള തലത്തില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അഭിപ്രായങ്ങളുണ്ട്. ടൂറിസം ബ്രാന്‍ഡിംഗില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങള്‍ക്ക് ഇത് ഗുണകരമാകും.

വിമാനത്താവളങ്ങള്‍ക്ക് അധിക വാടക

വാഷിംഗ്ടണ്‍ ഡിസിയിലെ വിമാനത്താവളങ്ങളുടെ വാടക നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നും പുതിയ ബില്ലില്‍ പറയുന്നു. വാഷിംഗ്ടണ്‍ ഡല്ലസ് അന്താരാഷ്ട്ര വിമാനത്താവളം, റൊണാള്‍ഡ് റീഗന്‍ വിമാനത്താവളം എന്നിവയുടെ വാര്‍ഷിക നിരക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ ഏഴര കോടി ഡോളറില്‍ നിന്ന് 15 കോടി ഡോളറായാണ് ഉയര്‍ത്തുന്നത്. പൊതു മേഖലയിലുള്ള ഈ വിമാനത്താവളങ്ങള്‍ മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ട് അതോറിട്ടിക്കാണ് ലീസിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതുക്കിയ കരാര്‍ അനുസരിച്ച് 2100 വര്‍ഷം വരെ ലീസ് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം കാലാവധി 10 വര്‍ഷമാക്കി കുറച്ചു. ഓരോ പത്തു വര്‍ഷത്തിലും വാടക നിരക്ക് പുതുക്കും. ഈ നിരക്ക് വര്‍ധന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചെലവുകള്‍ വര്‍ധിപ്പിക്കാനും യാത്രക്കാരില്‍ നിന്ന് പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതിനും കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT