canva, Facebook/KN Balagopal
News & Views

'ടേക്ക് ഓഫി'നൊരുങ്ങി തെക്കന്‍ ജില്ലകള്‍! കപ്പല്‍ നിര്‍മാണ ശാല, തിരുവനന്തപുരം മെട്രോ, കൊല്ലത്ത് രണ്ട് ഐ.ടി പാര്‍ക്ക്, വരുന്നത് വമ്പന്‍ പദ്ധതികള്‍

കൊല്ലം ജില്ലക്ക് ഒമ്പതോളം പദ്ധതികളാണ് പ്രഖ്യാപിച്ചത്

Dhanam News Desk

മൂന്ന് കൊല്ലത്തിനിടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ടത് അടക്കം തെക്കന്‍ കേരളത്തിന് ലഭിച്ചത് വമ്പന്‍ പദ്ധതികള്‍. ഇതില്‍ കൊല്ലം ജില്ലക്കാണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒമ്പതോളം പദ്ധതികളാണ് ജില്ലയുമായി ബന്ധപ്പെട്ടിട്ടുള്ളത്. 1,000 കോടി രൂപ ചെലവിട്ട് വികസിപ്പിക്കുന്ന വിഴിഞ്ഞം - കൊല്ലം - പുനലൂര്‍ വികസന ത്രികോണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. തെക്കന്‍ കേരളത്തിന് പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ പരിശോധിക്കാം.

വിഴിഞ്ഞം-പുനലൂര്‍-കൊല്ലം വികസന ത്രികോണം

ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിനപ്പുറം സിങ്കപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി-ഇറക്കുമതി തുറമുഖമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ദേശീയ പാത 66, ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത 744, കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട 744, എം.സി റോഡ്, മലയോര-തീരദേശ ഹൈവേകള്‍, കൊല്ലം-ചെങ്കോട്ട റെയില്‍ പാത തുടങ്ങിയ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്തും. ഈ പാതക്ക് ചുറ്റും വ്യവസായ പാര്‍ക്കുകള്‍, ഉത്പാദന-സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ-കയറ്റിറക്ക് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി വാങ്ങലിനായി കിഫ്ബി വഴി 1,000 കോടി രൂപ വിനിയോഗിക്കും. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപീകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍

ദേശീയ പാത 66ല്‍ നാവായിക്കുളത്ത് നിന്നും തുടങ്ങി വിഴിഞ്ഞം തുറമുഖത്തേക്ക് നീളുന്ന ഔട്ടര്‍ റിംഗ് റോഡ് സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ മാതൃക സൃഷ്ടിക്കും. റോഡിന്റെ 2.5 കിലോമീറ്റര്‍ മേഖലയില്‍ എല്ലാ ആധുനിക സാമൂഹിക അടിസ്ഥാന സൗകര്യങ്ങളോടെ സ്വാശ്രയ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, കിളിമാനൂര്‍, കല്ലമ്പലം എന്നിവിടങ്ങളില്‍ പ്രധാന ഇക്കണോമിക് നോഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓരോ നോഡും സാമ്പത്തിക മേഖലകളായി വികസിപ്പിക്കുമെന്നും വികസനത്തിനുള്ള ഭൂമി ലാന്റ് പൂളിംഗിലൂടെ കണ്ടെത്തുമെന്നുമാണ് പ്രഖ്യാപനം.

തിരുവനന്തപുരം-കൊല്ലം ജലപാത

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം റീച്ചിന്റെ സ്വാധീനമേഖലയില്‍ 15.11 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും. ഇവിടെ കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രം, സംയോജിത മത്സ്യപാര്‍ക്ക്, കായല്‍ വിനോദസഞ്ചാരം, ബോട്ട് നിര്‍മാണ-റിപ്പയര്‍ യൂണിറ്റ് എന്നിങ്ങനെ അഞ്ച് വികസന മേഖലകള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

കൊല്ലം ജില്ലയില്‍ രണ്ട് ഐ.ടി പാര്‍ക്കുകള്‍

കൊല്ലം കോര്‍പറേഷന്റെ ഭൂമിയിലും കൊട്ടാരക്കര രവി നഗറില്‍ കല്ലട ജലസേചന പദ്ധതി കാമ്പസിലെ ഭൂമിയിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും. കിഫ്ബി, കിന്‍ഫ്ര, കൊല്ലം കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിക്കുന്ന ഐ.ടി പാര്‍ക്കിന്റെ ആദ്യഘട്ടം 2025-26ല്‍ തന്നെ തുടങ്ങുമെന്നാണ് പ്രഖ്യാപനം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭൂമിയേറ്റെടുത്ത് വരുമാനമുണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന പൈലറ്റ് പദ്ധതിയാണെന്നാണ് വിശദീകരണം. ധനമന്ത്രിയുടെ സ്വന്തം മണ്ഡലമായ കൊട്ടാരക്കരയിലാണ് അടുത്ത ഐ.ടി പാര്‍ക്ക്. 97,370 ചതുരശ്രയടി ബില്‍റ്റ് അപ്പ് ഏരിയയോട് കൂടിയതാണ് ഈ പാര്‍ക്ക്. ഈ പൈലറ്റ് പദ്ധതികള്‍ വിജയിച്ചാല്‍ ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തി 100 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. ഇതിനായുള്ള സീഡ് ഫണ്ടിന് 100 കോടി രൂപ വകയിരുത്തിയതായും മന്ത്രി വിശദീകരിച്ചിരുന്നു.

തിരുവനന്തപുരം മെട്രോ

തലസ്ഥാന വാസികളുടെ ഏറെക്കാലത്തെ ആഗ്രഹങ്ങളിലൊന്നായ തിരുവനന്തപുരം മെട്രോ നിര്‍മാണത്തിന് 2025-26ല്‍ തന്നെ തുടക്കം കുറിക്കുമെന്നാണ് ബജറ്റിന്റെ പ്രഖ്യാപനം. പക്ഷേ മെട്രോ പാതയുടെ അലൈന്‍മെന്റ് തീരുമാനിക്കാതെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച കൊച്ചി മെട്രോ കോര്‍പറേഷന്റെ ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ട്. അലൈന്‍മെന്റ് അംഗീകരിച്ച് ഡി.പി.ആര്‍ തയ്യാറാക്കിയതിന് ശേഷം മാത്രമേ അംഗീകാരത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ധനമന്ത്രി പറഞ്ഞ സമയത്ത് തന്നെ പദ്ധതി തുടങ്ങുമെന്ന കാര്യം സംശയമാണെന്നാണ് വിലയിരുത്തല്‍.

കപ്പല്‍ നിര്‍മാണ ശാല

തെക്കന്‍ കേരളം കേന്ദ്രീകരിച്ച് കപ്പല്‍ നിര്‍മാണ ശാല നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി പൂവാറിലാണ് ഇതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്നതും വലിയ കപ്പലുകള്‍ക്ക് പോലും കടന്നുവരാവുന്ന സ്വഭാവിക ആഴമുള്ളതുമായ തീരമാണ് പൂവാറിനെ വ്യത്യസ്തമാക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെത്തുന്ന കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് പോലും ഇവിടെ എത്തി അറ്റകുറ്റപ്പണികള്‍ ചെയ്യാവുന്നതാണ്. കേന്ദ്രബജറ്റില്‍ തദ്ദേശീയ കപ്പല്‍ നിര്‍മാണ ശാലകളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കേരളത്തിന് ഗുണമാകുമെന്നാണ് കരുതുന്നത്.

തെക്കന്‍ കേരളത്തിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

- കൊല്ലം ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ആസ്ഥാനത്തിന് സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ 30 കോടി

- കൊല്ലത്ത് മറൈന്‍ ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി

- കൊട്ടാരക്കര കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം കേന്ദ്രം സ്ഥാപിക്കാന്‍ അഞ്ച് കോടി

- തിരുവനന്തപുരത്തെ ഓട്ടോമോറ്റീവ് ടെക്‌നോളജി ഹബ്ബാക്കും

- തിരുവനന്തപുരത്ത് ലോകോത്തര ജി.പി.യു ക്ലസ്റ്റര്‍. ഇതിനായി 10 കോടി രൂപ അധികമായി അനുവദിച്ചു

- മറ്റ് സംസ്ഥാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രം സ്ഥാപിക്കാന്‍ 100 ഏക്കര്‍ ഭൂമി

- തിരുവനന്തപുരം പൊന്മുടിയില്‍ റോപ്പ് വേ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് 50 ലക്ഷം

- തിരുവനന്തപുരം ആര്‍.സി.സിയിലെ പുതിയ 14 നില കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് 28 കോടി

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT