ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ട്രൂകോളര്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മൊബൈല്‍ ആപ്പായ ഖയാലുമായി ട്രൂകോളര്‍ ധാരണയിലെത്തി. ട്രൂകോളറിന്റെ പ്രീമിയം മെമ്പര്‍ഷിപ്പുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. ഖലാല്‍ ആപ്പിലെ മെമ്പര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം മെമ്പര്‍ഷിപ്പില്‍ 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കും. നിലവില്‍ ട്രൂകോളര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങള്‍ തുടരും.
ഓണ്‍ലൈന്‍ ക്രിമിനലുകള്‍ നടത്തുന്ന തട്ടിപ്പുകളില്‍ പണം നഷ്ടപ്പെടുന്നവരില്‍ പ്രായമായവര്‍ ഏറെയുണ്ടെന്നതിനാലാണ് പുതിയ സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടു വരുന്നതെന്ന് ട്രൂകോളര്‍ ഗ്ലോബല്‍ സി.ഇ.ഒ റിഷിത് ജുന്‍ജുന്‍വാല പറഞ്ഞു. തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള കോളുകള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക അലര്‍ട്ടുകള്‍ പുതിയ ഫീച്ചറിലുണ്ടാകും. തട്ടിപ്പു രീതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പ്പശാലകള്‍ക്ക് ട്രൂകോളറും ഖയാലും ഓണ്‍ലൈനില്‍ നേതൃത്വം നല്‍കും. തട്ടിപ്പു സംഘങ്ങളുടെ മാറുന്ന ശൈലികളെ കുറിച്ച് ഇത്തരം ശില്‍പ്പശാലകളില്‍ വിവരം നല്‍കും.
2024 ല്‍ മാത്രം ട്രൂകോളര്‍ ബ്ലോക്ക് ചെയ്തത് 5,600 കോടി സംശയാസ്പദമായ കോളുകളാണെന്ന് സി.ഇ.ഒ വെളിപ്പെടുത്തി. 2009 ല്‍ ആരംഭിച്ച ട്രൂകോളര്‍ ഇതിനകം ഒരു കോടിയിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 2020 ല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ആരംഭിച്ച ഖയാല്‍ മൊബൈല്‍ ആപ്പില്‍ 30 ലക്ഷം അംഗങ്ങളുണ്ട്. 50 വയസിന് മുകളിലുള്ളവര്‍ക്ക് വിവിധ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍, പെയ്‌മെന്റ് സര്‍വീസുകള്‍, ഗെയിമുകള്‍, ട്രാവല്‍ പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങളാണ് ഖയാല്‍ നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine