Trump and Iran Image courtesy: Canva
News & Views

ഇറാനെതിരെ ട്രംപിന്റെ എണ്ണ ഉപരോധം; വിദേശ എണ്ണ കമ്പനികള്‍ക്കും വിലക്ക്; ആറ് ഇന്ത്യന്‍ കമ്പനികളെയും ബാധിക്കും; ആസ്തികള്‍ മരവിപ്പിക്കും

ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്നതില്‍ നിന്ന് വിദേശ കമ്പനികളെ വിലക്കുകയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം

Dhanam News Desk

വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടി വിദേശ രാജ്യങ്ങളിലെ എണ്ണ കമ്പനികള്‍ക്ക് മേല്‍ ഉപരോധം എര്‍പ്പെടുത്തി അമേരിക്ക. ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്ന കമ്പനികള്‍ക്കാണ് വിലക്ക്. ആറ് ഇന്ത്യന്‍ കമ്പനികളെയും ബാധിക്കുന്നതാണ് ട്രംപിന്റെ കടുത്ത തീരുമാനം. ഇന്ത്യക്ക് പുറമെ ചൈന, ഇന്തോനേഷ്യ, തുര്‍ക്കി, യുഎഇ ഇന്നീ രാജ്യങ്ങളിലെ കമ്പനികളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്നതില്‍ നിന്ന് വിദേശ കമ്പനികളെ വിലക്കുകയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം. ഇറാന്റെ എണ്ണ വ്യാപാരത്തിനും കര്‍ശന വിലക്കുണ്ട്.

ബാധിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍

ഇറാനുമായി വ്യാപാരം നടത്തുന്ന 20 കമ്പനികള്‍ക്കാണ് വിലക്ക്. ഇതില്‍ ആറെണ്ണമാണ് ഇന്ത്യയില്‍ നിന്നുള്ളത്. നിലവില്‍ ഇറാന്‍ വഴി പോകുന്ന ഈ കമ്പനികളുടെ 10 വെസലുകള്‍ ബ്ലോക്ക് ചെയ്യാനും ട്രംപിന്റെ ഉത്തരവില്‍ പറയുന്നു.

ഇന്ത്യന്‍ കമ്പനികളായ കാഞ്ചന്‍ പോളിമേഴ്‌സ് (Kanchan Polymers), ആല്‍കെമിക്കല്‍ സൊലൂഷന്‍സ് (Alchemical Solutions) , രമണിക് ലാല്‍ എസ് ഗോസാലിയ ആന്റ് കമ്പനി (Ramniklal S Gosalia and Company), ജുപ്പീറ്റര്‍ ഡൈ കെം (Jupiter Dye Chem), ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് (Global Industrial Chemicals),പെര്‍സിസ്റ്റന്റ് പെട്രോകെം (Persistent Petrochem) എന്നിവയാണ് ഉപരോധം നേരിടുക.

ഇറാന്‍ പെട്രോളിയത്തിന് പൂര്‍ണ വിലക്ക്

ഇറാന്‍ പെട്രോളിയം വ്യവസായത്തിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ട്രംപിന്റെ തീരുമാനം. പെട്രോളിയം വ്യാപാരത്തിലൂടെ ഉണ്ടാക്കുന്ന വരുമാനം ഇറാന്‍ തീവ്രവാദത്തെ സഹായിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. മിഡില്‍ ഈസ്റ്റില്‍ നിരന്തരമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും തീവ്രവാദ സംഘങ്ങള്‍ക്ക് പണം നല്‍കുന്നതായും അമേരിക്ക കുറ്റപ്പെടുത്തുന്നു.

വിലക്ക് ബാധിക്കുന്നത് എങ്ങനെ?

ഇറാനുമായി വ്യാപാരം നടത്തുന്ന എണ്ണ കമ്പനികളുടെ, അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സ്വത്ത് മരവിപ്പിക്കുമെന്ന് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. അമേരിക്കയിലുള്ളതും അമേരിക്കക്ക് നിയന്ത്രണമുള്ളതുമായ ആസ്തികള്‍ ഉടനെ ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ കണ്ടു കെട്ടും. ഇത്തരം കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തികള്‍ക്കും വിലക്ക് ബാധകമാകും. വിലക്കിന് വിധേയമാകുന്ന കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തിക, സേവന സഹായങ്ങള്‍ നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനുമായി വ്യാപാരം നടത്തുന്നതില്‍ നിന്ന് വിദേശ കമ്പനികളെ വിലക്കാനാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. വിലക്കിന് വിധേയമാകുന്ന കമ്പനികള്‍ക്ക് അമേരിക്കയിലെ നിയമമനുസരിച്ച് വിലക്കില്‍ നിന്ന് മോചനം നേടാന്‍ അവസരമൊരുക്കുമെന്നും ഉത്തരവില്‍ പറയുന്നു. പുന:പരിശോധാ ഹര്‍ജിയിലൂടെയാണ് ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT