Canva
News & Views

ട്രംപിന്റെ ചുങ്കം സ്‌കോര്‍ ബോര്‍ഡ് 245 ശതമാനത്തില്‍! ചൈനീസ് ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ വില്‍ക്കാന്‍ ഇത്ര നികുതിയോ? ടോട്ടല്‍ കണ്‍ഫ്യൂഷന്‍

ബോയിംഗ് വിമാനങ്ങള്‍ വാങ്ങില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈനീസ് വിശദീകരണം

Dhanam News Desk

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം നികുതി ഏര്‍പ്പെടുത്തിയതായി വൈറ്റ് ഹൗസ്. യു.എസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗിന് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങള്‍ ചൈന വാങ്ങില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ തീരുമാനം. തീരുവ ചുമത്തിയതിനെതിരെ ചൈന സ്വീകരിച്ച നടപടികള്‍ക്ക് പകരമാണ് ഇപ്പോഴത്തെ തീരുമാനം. 10 ശതമാനം തത്തുല്യ ചുങ്കം ചുമത്തിയതിന് പിന്നാലെ 75 രാജ്യങ്ങള്‍ ചര്‍ച്ചക്ക് തയ്യാറായെന്നും ചൈന മാത്രമാണ് എതിര്‍ത്തു പ്രതികരിച്ചതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.

ഗാലിയം, ജര്‍മേനിയം, ആന്റിമണി തുടങ്ങിയ അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ചത് അടക്കമുള്ള ചൈനയുടെ നടപടികള്‍ പ്രകോപന പരമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ട്രംപിന്റ് അമേരിക്ക ആദ്യം എന്ന നയം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും സ്വാതന്ത്ര്യവും ശക്തമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ഇതില്‍ വിട്ടുവീഴ്ചക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, 245 ശതമാനം തീരുവ ചുമത്തിയതില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ യു.എസ് തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാക്കുന്നതാണ് തീരുമാനമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രഖ്യാപിക്കാന്‍ ട്രംപ് വരാത്തതെന്ത്?

245 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ മാത്രം പുറത്തുവിട്ടതില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. ഇതുപോലുള്ള വമ്പന്‍ പ്രസ്താവനകള്‍ ട്രംപ് നേരിട്ടെത്തിയാണ് നടത്താറുള്ളത്. ഇതിന് പകരം വൈറ്റ് ഹൗസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റില്‍ 245 ശതമാനം തീരുവയെവന്ന് രേഖപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 145 ശതമാനം 245 ശതമാനമെന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്നും അച്ചടി പിശകാണെന്നുമുള്ള വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ അധികൃതര്‍ തന്നെയാണ് വിശദീകരണം നല്‍കേണ്ടതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.

ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടമാകും

ബോയിംഗ് വിമാനങ്ങളും വിമാന ഭാഗങ്ങളും വാങ്ങില്ലെന്ന ചൈനീസ് നിലപാട് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഗുണമാകുമെന്ന് വിലയിരുത്തല്‍. ചൈനീസ് വിമാന കമ്പനികള്‍ 100 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ തുടങ്ങിയ ഇന്ത്യന്‍ വിമാന കമ്പനികളും സമാന മോഡലിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ മൂന്ന് വിമാനക്കമ്പനികള്‍ക്ക് ചൈന നിര്‍ദ്ദേശം നല്‍കിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ഡൊണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ചൈനക്ക് നല്‍കേണ്ട വിമാനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൈമാറിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിമാനങ്ങളുടെ കുറവ് മൂലം സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ ആകാശ എയറിന് നിലവില്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനക്ക് കൈമാറേണ്ട വിമാനങ്ങള്‍ ലഭിച്ചാല്‍ പ്രതിസന്ധി മറികടക്കാമെന്നും കൂടുതല്‍ വളര്‍ച്ച നേടാമെന്നുമാണ് പ്രതീക്ഷ.

വിമാനങ്ങള്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈന

അതേസമയം, ബോയിംഗ് വിമാനങ്ങള്‍ വാങ്ങരുതെന്ന് രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. ആരുമായും തര്‍ക്കത്തിന് താത്പര്യമില്ലെന്നും എന്നാല്‍ നിശബ്ദമായിരിക്കില്ലെന്നും ചൈന വ്യക്തമാക്കി.

US-China trade war

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT