x.com/narendramodi, x.com/realDonaldTrump
News & Views

റഷ്യന്‍ എണ്ണയെ ഇന്ത്യ കൈവിടും, മോദി ഉറപ്പുനല്കിയെന്ന് ട്രംപിന്റെ അവകാശവാദം

പ്രധാനമന്ത്രി മോദി നേരിട്ടാണ് തനിക്ക് ഉറപ്പു നല്കിയതെന്ന ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

Dhanam News Desk

റഷ്യയില്‍ നിന്നുള്ള ക്രൂഡ്ഓയില്‍ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനല്കിയെന്ന് വൈറ്റ് ഹൗസില്‍ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പും സമാനരീതിയിലുള്ള അവകാശവാദങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിത്. ചൈനയെയും അതു തന്നെ ചെയ്യാന്‍ പ്രേരിപ്പിക്കും. കയറ്റുമതി ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നുമെന്നാണ് ട്രംപിന്റെ വാദം.

റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല. ഇനി ചൈനയെക്കൊണ്ടും ഇത് തന്നെ ചെയ്യിക്കും. ഇന്ത്യ തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായ പങ്കാളിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദി നേരിട്ടാണ് തനിക്ക് ഉറപ്പു നല്കിയതെന്ന ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിട്ടും റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലില്‍ കുറവു വന്നിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുക്രൈയ്‌നിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിക്കാന്‍ രാജ്യങ്ങളോട് യുഎസും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നു. മറ്റ് രാജ്യങ്ങള്‍ ഉപരോധം ഭയന്ന് എണ്ണ വാങ്ങല്‍ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തു. എന്നാല്‍ ഇന്ത്യയും ചൈനയും ഇപ്പോഴും വലിയതോതില്‍ എണ്ണ വാങ്ങുന്നുണ്ട്.

ക്രൂഡ് വിലയില്‍ ചാഞ്ചാട്ടം

രാജ്യാന്തര തലത്തില്‍ ആവശ്യകത കുറഞ്ഞു നില്ക്കുന്നതും ലഭ്യത ഉയര്‍ന്നതും ക്രൂഡ്ഓയില്‍ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ക്രൂഡ് വില ഇപ്പോള്‍ ബാരലിന് 62-64 ഡോളറിലാണ്. ബ്രെന്റ് ക്രൂഡിന്റെ വില 62 ഡോളറിലാണ്. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഈ മാസം എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും കൂടിയ അളവില്‍ എണ്ണ ആഗോള മാര്‍ക്കറ്റിലേക്ക് എത്തുന്നുണ്ട്.

ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്റ് ഇപ്പോഴും താഴ്ന്ന നിലയിലാണ്. ഇതും എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ട്രംപിന്റെ അവകാശവാദം പോലെ റഷ്യന്‍ എണ്ണ ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ വില ഉയരുന്നതിന് കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT