Donald Trump Image Courtesy: x.com/WhiteHouse/media, canva
News & Views

ചെറിയ രാജ്യങ്ങള്‍ക്കു മേല്‍ ഏകീകൃത താരിഫ് ചുമത്താന്‍ ട്രംപ്, ലിസ്റ്റിലുള്ളത് 150ലേറെ രാജ്യങ്ങള്‍; വിശദാംശങ്ങള്‍ ഇങ്ങനെ

യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താന്‍ പറ്റുമെങ്കിലും തനിക്കതില്‍ വലിയ താല്പര്യമില്ലെന്നാണ് ട്രംപ് പറഞ്ഞത്

Dhanam News Desk

വ്യാപാരയുദ്ധത്തില്‍ പുതിയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 150 രാജ്യങ്ങള്‍ക്കായി 10-15 ശതമാനത്തിനിടയ്ക്ക് താരിഫ് ചുമത്താനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ട്രംപ് അറിയിച്ചു. യു.എസുമായി വ്യാപാരം നടത്തുന്ന ചെറിയ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതാകും ഈ കരാറെന്ന സൂചനയും ട്രംപ് നല്കിയിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും പോലെയാകും ഈ കരാറുകളില്‍ ഒപ്പിടുകയെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി യു.എസ് വ്യാപാര കരാറില്‍ എത്തിയിരുന്നു. ഈ രാജ്യങ്ങളുടെ വിപണി യു.എസിന് തുറന്നു കിട്ടുന്ന തരത്തിലുള്ള കരാറാണ് ഒപ്പിട്ടത്.

യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താന്‍ പറ്റുമെങ്കിലും തനിക്കതില്‍ വലിയ താല്പര്യമില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഓഗസ്റ്റ് മുതല്‍ കാനഡയില്‍ നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. ഇത് കാനഡയുടെ സാമ്പത്തിക താല്പര്യങ്ങളെ ഹനിക്കുന്നതാണ്.

വിയറ്റ്‌നാമിന് തിരിച്ചടി

ചൈനയ്ക്ക് ബദലായി ബഹുരാഷ്ട്ര കമ്പനികള്‍ കണ്ടുവച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു വിയറ്റ്‌നാം. ടെക്‌സ്റ്റൈല്‍, വാഹന, ഇലക്ട്രോണിക്‌സ് മേഖലയില്‍ നിരവധി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിയറ്റ്‌നാമില്‍ നിന്ന് യു.എസിലേക്കുള്ള ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ യു.എസില്‍ നിന്നും വിയറ്റ്‌നാമിലേക്കുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവയൊന്നുമില്ല താനും.

ഫലത്തില്‍ വിയറ്റ്‌നാമിന് കരാറിലൂടെ നഷ്ടം മാത്രമാകും സംഭവിക്കുക. 20 ശതമാനം തീരുവയ്ക്ക് തങ്ങള്‍ സമ്മതിച്ചിട്ടില്ലെന്നും 11 ശതമാനമാണെങ്കില്‍ മുന്നോട്ടു പോകുമെന്നുമാണ് വിയറ്റ്‌നാമിന്റെ നിലപാട്.

ഇന്തോനേഷ്യയും സമാനമായ കുരുക്കിലാണ് പെട്ടിരിക്കുന്നത്. 19 ശതമാനം തീരുവയാണ് ഇന്തോനേഷ്യയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിക്ക് തീരുവ. തിരിച്ച് ഇന്തോനേഷ്യയിലേക്ക് പൂജ്യം തീരുവയും. മാത്രമല്ല, കാര്‍ഷിക, മത്സ്യ വിപണി യു.എസിനായി തുറന്നു കൊടുക്കുകയും വേണം. ഇതെല്ലാം ഇന്തോനേഷ്യയുടെ താല്പര്യങ്ങളെ ഹനിക്കുന്നതാണ്.

Trump proposes unified tariffs on 150 countries, impacting smaller nations' trade interests

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT