Trump Canva
News & Views

ഇന്ത്യയ്ക്കെതിരായ നീക്കത്തില്‍ ട്രംപിന് വീണ്ടുവിചാരം? അധികതീരുവയില്‍ വിട്ടുവീഴ്ച്ചയ്ക്ക് സാധ്യത

Dhanam News Desk

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരായ അധികതീരുവയില്‍ നിലപാട് മയപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് ട്രംപിനെ ഇന്ത്യയ്‌ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്.

തീരുവ കാര്യത്തില്‍ രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളില്‍ മാത്രമേ തീരുമാനം എടുക്കുവെന്നും താന്‍ ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരട്ട തീരുവ ഈടാക്കുമെന്ന ഭീഷണിയോട് ഇന്ത്യ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടായിരുന്നു എടുത്തിരുന്നത്.

യുക്രൈയ്ന്‍-റഷ്യ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ നീക്കത്തില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയേക്കുമെന്നും സൂചനയുണ്ട്. പുടിനുമായുള്ള ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങിയേക്കാമെന്ന വാര്‍ത്ത ട്രംപിന്റെ നിലപാടിലും പ്രതിഫലിച്ചേക്കാം.

ഉറ്റുനോക്കി കയറ്റുമതി മേഖല

തീരുവയില്‍ അനുകൂല തീരുമാനം വന്നേക്കുമെന്ന വിവരം ഇന്ത്യയുടെ സമുദ്ര, വസ്ത്ര, ഡയമണ്ട് കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ഈ മേഖലകളുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. ഡയമണ്ട് സിറ്റിയായ സൂറത്തില്‍ മൂന്നുമാസത്തിനിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു.

കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോത്പന്നങ്ങള്‍ക്കും യു.എസ് നിര്‍ണായക വിപണിയാണ്. അധികമായി ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ കുറച്ചാല്‍ മറ്റ് രാജ്യങ്ങളുമായി മത്സരിച്ച് യു.എസ് വിപണിയില്‍ തുടരാന്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സാധിക്കും.

Trump softens stance on additional tariffs against India after talks with Putin, boosting export sector hopes

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT