ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ വ്യാപാര തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമാക്കിയും അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയിലെ നിയന്ത്രണം ഒഴിവാക്കിയും ഡൊണള്‍ഡ് ട്രംപ്-ഷി ജിന്‍പിംഗ് ചര്‍ച്ച. തങ്ങള്‍ക്കുമേലുള്ള വലിയ തീരുവ ഒഴിവാക്കാന്‍ സാധിച്ചെങ്കിലും യുഎസിന് മേധാവിത്വം നല്കുന്നതാണ് ചര്‍ച്ചയുടെ പുരോഗതി.
അമേരിക്കന്‍ സൈന്യത്തിനു പോലും തിരിച്ചടി സമ്മനിച്ച അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ഒരുവര്‍ഷത്തേക്ക് നീട്ടിവയ്പ്പിക്കാനും യുഎസിന്റെ സോയാബീന്‍ വീണ്ടും ചൈനയെക്കൊണ്ട് വാങ്ങിപ്പിക്കാനും ട്രംപിന് സാധിച്ചു. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുരാജ്യ തലവന്മാരും കൂടിക്കാഴ്ച്ച നടത്തുന്നത്.
ദക്ഷിണകൊറിയയില്‍ നടന്ന ചര്‍ച്ച 40 മിനിറ്റോളം നീണ്ടു. ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ചൈന നല്ല സുഹൃത്താണെന്നും ഇനിയും മികച്ച ബന്ധം പ്രതീക്ഷിക്കാമെന്നും ചര്‍ച്ചയ്ക്കുശേഷം ട്രംപ് വ്യക്തമാക്കി.
തീരുവയില്‍ 10 ശതമാനം കുറച്ചത് മാറ്റിനിര്‍ത്തിയാല്‍ ചൈനയ്ക്ക് വലിയ നേട്ടമുള്ളതല്ല കൂടിക്കാഴ്ച്ചയുടെ ആകെ ഫലം. യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവച്ച ചൈനീസ് നടപടി തിരുത്തിക്കാന്‍ സാധിച്ചത് ട്രംപിന്റെ വിജയമായി. യുഎസിനെ പ്രഹരിക്കാന്‍ ബീജിംഗ് കൊണ്ടുവന്നതായിരുന്നു സോയാബീന്‍ രാഷ്ട്രീയം. യുഎസ് കര്‍ഷകരുടെ രോഷം ട്രംപിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു ഷീയുടെ സോയാബീന്‍ നീക്കം. ഇതാണ് ഇപ്പോള്‍ മാറ്റിയെടുത്തത്.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കപ്പെട്ടതോടെ യുഎസിന്റെ വലിയ തലവേദനയാണ് അവസാനിച്ചത്. ആയുധങ്ങള്‍ മുതല്‍ വൈദ്യുത കാറുകള്‍ വരെയുള്ളവയുടെ നിര്‍മാണത്തിന് ഈ അപൂര്‍വധാതുക്കള്‍ അനിവാര്യമാണ്. ഇവയുടെ സുഗമമായ ലഭ്യത ഉറപ്പുവരുത്താന്‍ സാധിച്ചത് യുഎസിന് നേട്ടമായി.
Read DhanamOnline in English
Subscribe to Dhanam Magazine