Narendra Modi and Donald Trump Image courtesy: x.com/narendramodi
News & Views

എക്‌സില്‍ സൗഹൃദം പുതുക്കി മോദിയും ട്രംപും! ഇന്ത്യ-യു.എസ് ബന്ധത്തില്‍ മഞ്ഞുരുകുമോ? ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

റഷ്യന്‍ എണ്ണ വാങ്ങല്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണ്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. പ്രതികാര തീരുവയോടെ വഷളായ നയതന്ത്ര-വ്യാപാര ബന്ധങ്ങളില്‍ മഞ്ഞുരുക്കം ഉണ്ടാകുമെന്ന സൂചനക്കിടെയാണിത്. യു.എസുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയാണെന്നും മോദിയും ട്രംപും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വ്യക്തമാക്കി. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നതിന് മുമ്പായിരുന്നു മന്ത്രിയുടെ പ്രതികരണം. യു.എന്‍ വേദിയില്‍ ട്രംപും മോദിയും കണ്ടേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അസംബ്ലിയില്‍ സംസാരിക്കാന്‍ ജയശങ്കറിനെ ചുമതലപ്പെടുത്തുകയായിരുന്നു.

നരേന്ദ്ര മോദിയുമായി താന്‍ ഇപ്പോഴും സൗഹൃദത്തിലാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയുമായി പ്രത്യേക സൗഹൃദമുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്രംപിന്റെ വാര്‍ത്ത എക്‌സില്‍ പങ്കുവെച്ച മോദി സൗഹൃദം ഊട്ടിയുറപ്പിച്ചു. ഇന്ത്യന്‍ ബന്ധത്തോടുള്ള പോസിറ്റീവായ സമീപനം മികച്ചതാണെന്നും യു.എസുമായി സൗഹൃദം തുടരുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈനീസ് ബന്ധത്തില്‍ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപിന്റെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.

മഞ്ഞുരുകുമോ?

ഇരുനേതാക്കളുടെയും പ്രസ്താവന അനുകൂലമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും തടസങ്ങള്‍ ബാക്കിയാണ്. കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ ട്രംപ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ യു.എസിന് ഇപ്പോഴും പ്രതിഷേധമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യയില്‍ നിന്നും ഇത്രയും എണ്ണ വാങ്ങുന്നതില്‍ താന്‍ നിരാശനാണ്. അതുകൊണ്ടാണ് വലിയ തീരുവ ഇന്ത്യക്ക് മേല്‍ ചുമത്തിയതെന്നും അദ്ദേഹം പറയുന്നു. ട്രംപിന്റെ സാമ്പത്തിക ഉപദേശക സംഘത്തിലെ അംഗങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. യു.എസ് ദേശീയ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹസറ്റ് നടത്തിയ പരാമര്‍ശം ഇതിന് ഉദാഹരമാണ്. റഷ്യയുടെ യുക്രെയിന്‍ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നതില്‍ ട്രംപ് അടക്കമുള്ളവര്‍ നിരാശയിലാണെന്നും ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കൊമേഴ്‌സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ പരാമര്‍ശം ഒരുപടി കൂടി കടന്നതായിരുന്നു. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ക്ഷാമപണം നടത്തി യു.എസുമായി ചര്‍ച്ചക്കെത്തുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. റഷ്യക്കും ചൈനക്കും ഇടയില്‍ ഇന്ത്യ കുടുങ്ങിക്കിടക്കുകയാണ്. യു.എസ് നയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉയര്‍ന്ന താരിഫ് നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ യു.എസ് കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെട്ടുവെന്ന ട്രംപിന്റെ അവകാശവാദം തുടരുന്നതും ഇന്ത്യയെ അലോസരപ്പെടുത്തുന്നുണ്ട്.

Donald Trump says India and the US will always be friends, with Prime Minister Narendra Modi fully reciprocating. The remarks come amid ongoing trade discussions and global economic concerns.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT