donald J Trump in front of the white house image credit : canva and facebook
News & Views

വില 3,400 കോടി രൂപ; ആഡംബര യാത്ര; ഖത്തര്‍ രാജകുടുംബത്തിന്റെ ഈ സമ്മാനം ട്രംപ് വാങ്ങുമോ?

അമേരിക്കയില്‍ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെ ട്രംപ് എന്ത് നിലപാടെടുക്കും?

Dhanam News Desk

ഖത്തര്‍ രാജകുടുംബം നല്‍കുന്ന ഈ വിലയേറിയ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാങ്ങുമോ? വാങ്ങിയാല്‍, സ്വന്തം രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുമോ? പ്രസിഡന്റ് ട്രംപിന്റെ മൂന്നു ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനം ഇന്ന് തുടങ്ങുമ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ് ഈ വിഷയം. നാളെ ഖത്തറില്‍ എത്തുന്ന ട്രംപിന് ഖത്തര്‍ രാജകുടുംബം സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത് വിലയേറിയ ആഡംബര വിമാനമാണ്. ഒരു അമേരിക്കന്‍ പ്രസിഡന്റിന് വിദേശത്തു നിന്ന് ലഭിക്കുന്ന ഏറ്റവും വിലയേറിയ സമ്മാനമാകും ഇത്.

40 കോടി ഡോളറിന്റെ സമ്മാനം

സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനാണ് ട്രംപ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് റിയാദില്‍ നടക്കുന്ന നിക്ഷേപക ഫോറത്തില്‍ പങ്കെടുത്ത ശേഷം ഖത്തറില്‍ എത്തും. തുടര്‍ന്ന് യുഎഇ സന്ദര്‍ശിച്ച ശേഷമാണ് മടക്കം.

ഖത്തര്‍ രാജകുടുംബം ട്രംപിന് ഓഫര്‍ ചെയ്തിരിക്കുന്നത് 40 കോടി ഡോളര്‍ (3,400 കോടി രൂപ) വിലയുള്ള ആഡംബര വിമാനമാണ്. ബോയിംഗ് 747-8 മോഡല്‍ കമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ്. ആധുനിക സൗകര്യങ്ങളുള്ള ഈ വിമാനം ട്രംപിന് നേരത്തെ ഏറെ ഇഷ്ടപ്പെട്ടതാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ പാംബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഈ വിമാനത്തില്‍ ട്രംപ് യാത്ര ചെയ്തിരുന്നു. ഖത്തര്‍ രാജകുടുംബവുമായി എത്തിയതായിരുന്നു വിമാനം.

വിമാനത്തിലെ സൗകര്യങ്ങളെ പ്രകീര്‍ത്തിച്ച ട്രംപിന് ബോയിംഗ് 747-8 ല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സമ്മാനമായി നല്‍കുമെന്ന് രാജകുടുംബം അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രാ വിമാനമായ എയര്‍ഫോഴ്‌സ് വണിന് വേണ്ടി ഇത്തരം വിമാനം നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്നെങ്കിലും ലഭിച്ചിട്ടില്ല. ഇതില്‍ ട്രംപ് ബോയിംഗിനെ അതൃപ്തി അറിയിച്ചിരുന്നു.

ട്രംപ് സമ്മാനം വാങ്ങുമോ?

ഖത്തറില്‍ നിന്നുള്ള സമ്മാനം വാങ്ങുമെന്നും എയര്‍ഫോഴ്‌സ് വണിന്റെ ഭാഗമാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതില്‍ അഴിമതി ആരോപണം ഉന്നയിക്കുന്നു. പ്രസിഡന്റിന് വ്യക്തിപരമായ ബിസിനസ് ബന്ധമുള്ള ഒരു രാജ്യത്തെ കുടുംബം അദ്ദേഹത്തിന് നല്‍കുന്ന സമ്മാനമായി മാത്രമേ ഇതിനെ കാണാനാകുവെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ വിവിധ പൗരാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് വിദേശ രാജ്യത്തു നിന്ന് സമ്മാനം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് വൈറ്റ്ഹൗസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നാളെ ഖത്തറില്‍ എത്തുന്ന ട്രംപ് എന്ത് നിലപാടെടുക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT