Image courtesy: x.com/narendramodi
News & Views

ട്രംപിന്റെ തത്തുല്യ താരിഫ് ഭീഷണി ഇന്ത്യക്ക് കെണിയാകുമോ? കൂടുതല്‍ യു.എസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെത്തിയേക്കും

ഉയര്‍ന്ന നിരക്കിലുളള താരിഫുകൾ ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക

Sutheesh Hariharan

രാജ്യങ്ങള്‍ക്ക് മേല്‍ തത്തുല്യ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങള്‍ യു.എസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഏര്‍പ്പെടുത്തുന്നതിന് തുല്യമായ താരിഫ് ഈ രാജ്യങ്ങള്‍ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ മേല്‍ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 1 നകം പൂര്‍ത്തിയാകും

ഓരോ രാജ്യത്തിനും ഉൽപ്പന്നം അനുസരിച്ച് ഈടാക്കേണ്ട താരിഫ് നിരക്കുകൾ കണക്കാക്കാൻ യു.എസ് വാണിജ്യ വകുപ്പിനോട് ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. യു.എസുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 186 രാജ്യങ്ങളാണ് ഉളളത്. 17,000 ത്തിലധികം ഇറക്കുമതി ഉൽപ്പന്നങ്ങളുടെ താരിഫുകള്‍ നിശ്ചയിക്കേണ്ടതുണ്ട്. ഏപ്രിൽ 1 നകം ഈ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് പറഞ്ഞത്.

ഉയര്‍ന്ന താരിഫ്

വലിയ താരിഫുകള്‍ ചുമത്തുന്നതിനാല്‍ ഹാർലി ഡേവിഡ്‌സണിന് ഇന്ത്യയിൽ മോട്ടോർബൈക്കുകൾ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി എന്ന അഭിപ്രായവും ട്രംപ് പങ്കുവെച്ചു. അതുകൊണ്ടു തന്നെ ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്ക ഭീഷണി ഏറ്റവും കൂടുതല്‍ ബാധിക്കാനിടയുളള രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന ശരാശരി താരിഫ് 3 ശതമാനമാണ്. അതേസമയം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുളള ഇന്ത്യയുടെ ശരാശരി താരിഫ് 9.5 ശതമാനമാണ് എന്നത് തത്തുല്യ താരിഫ് നിലവില്‍ വന്നാല്‍ ഇന്ത്യക്ക് പ്രതികൂലമായേക്കാം എന്ന വാദഗതിക്ക് ശക്തി പകരുന്നു.

മേഖലകള്‍

ഇന്ത്യയില്‍ നിന്ന് ഭക്ഷ്യ ഉൽപന്നങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ മെഷിനറികൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഫാർമ ഉൽപ്പന്നങ്ങൾ, വാഹനങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയാണ് പ്രധാനമായും യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലകളെ ആയിരിക്കും കൂടുതലായും തത്തുല്യ താരിഫ് വര്‍ധന കൂടുതലായും ബാധിക്കാന്‍ സാധ്യത.

ഇതിന് മറുപടിയായി 30 ലധികം ഇന്ത്യന്‍ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനും യു.എസില്‍ നിന്നുളള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

പുതിയ സമവാക്യങ്ങള്‍

ഉയര്‍ന്ന നിരക്കില്‍ താരിഫുകൾ ചുമത്തുന്നത് ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. യുഎസ് വ്യാപാര നയത്തിലെ സുപ്രധാന മാറ്റമായിരിക്കും ട്രംപിന്റെ തത്തുല്യ ഇറക്കു മതി ചുങ്കം കൊണ്ടുവരിക. അന്താരാഷ്ട്ര വ്യാപാരത്തിൽ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തുന്നതിനും തത്തുല്യ താരിഫ് കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT