US fines India x.com/realDonaldTrump, x.com/narendramodi
News & Views

ട്രംപ് ഓരോന്നു പറയും, റഷ്യന്‍ എണ്ണ വാങ്ങാതെ ഇന്ത്യക്ക് പറ്റുമോ? സാഹചര്യങ്ങളുടെ കിടപ്പ് ഇങ്ങനെ

അമേരിക്കയിലും വെനിസ്വേലയിലും നിന്നുള്ള ഇന്ത്യയുശട എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. എന്നാല്‍ ഇതിലും സാങ്കേതിക വെല്ലുവിളികള്‍ പലതാണ്

Dhanam News Desk

ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഏര്‍പ്പാട് നിര്‍ത്തുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. പുതിയ വ്യാപാര ധാരണയുടെ ഭാഗമാണ് ഈ നീക്കമെന്ന് ട്രംപ് വിശദീകരിക്കുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം തീരുവ 18 ശതമാനമായി കുറച്ചുവെന്ന പ്രഖ്യാപനത്തിനൊപ്പമായിരുന്നു ഇത്. ട്രംപിന്റെ വാദത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്താന്‍ സര്‍ക്കാറിന്റെ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെയും വിശദീകരണം.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ പൊടുന്നനെ നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമോ? വിദഗ്ധരും വ്യവസായ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്, പറയുന്ന് പോലെ എളുപ്പമല്ല എന്നാണ്. ഇന്ത്യയിലെ പല റിഫൈനറികളും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലേക്കുള്ള റഷ്യന്‍ ക്രൂഡ് കരാറുകള്‍ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറുകള്‍ പെട്ടെന്ന് റദ്ദാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും വലിയ പ്രതിസന്ധി സൃഷ്ടിക്കും. റഷ്യന്‍ എണ്ണയെ വലിയ തോതില്‍ ആശ്രയിക്കുന്ന നയാര എനര്‍ജി പോലുള്ള സ്വകാര്യ റിഫൈനറികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് എണ്ണ ലഭ്യമാക്കുന്നതും അത്ര എളുപ്പമല്ല. ഉപരോധങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട സാഹചര്യത്തില്‍, റഷ്യന്‍ ക്രൂഡ് തന്നെയാണ് ഇവരുടെ പ്രധാന ആശ്രയം.

അമേരിക്കന്‍, വെനിസ്വേലന്‍ എണ്ണ പകരമാകുമോ?

അമേരിക്കയിലും വെനിസ്വേലയിലും നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. എന്നാല്‍ ഇതിലും സാങ്കേതിക വെല്ലുവിളികള്‍ പലതാണ്. അമേരിക്കന്‍ ക്രൂഡ് ഇന്ത്യയിലെ റിഫൈനറികള്‍ സാധാരണ ഉപയോഗിക്കുന്ന ഗ്രേഡുകളില്‍ നിന്ന് വ്യത്യസ്തമാണ്. കൂടാതെ ദീര്‍ഘദൂര ഗതാഗതം ചെലവ് കൂടുതലാക്കും. വെനസ്വേലയുടെ കാര്യത്തില്‍, അവിടത്തെ എണ്ണ ഉല്‍പ്പാദനം ഇപ്പോഴും പരിമിതം. കനത്ത ക്രൂഡ് ശുദ്ധീകരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ആവശ്യമാണ്.

ഊര്‍ജ സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എണ്ണവാങ്ങല്‍ സംബന്ധിച്ച തീരുമാനങ്ങള്‍ വിപണി സാഹചര്യം, വില, ലഭ്യത എന്നിവ കണക്കിലെടുത്തായിരിക്കും ഏതൊരു നടപടിയും. ആഗോള സമ്മര്‍ദ്ദങ്ങള്‍ മുന്‍നിര്‍ത്തി സ്ഥിരതയുള്ള ഊര്‍ജ വിതരണം അപകടത്തിലാക്കില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

പ്രത്യാഘാതങ്ങള്‍, മുന്നോട്ടുള്ള വഴി

ഇതിനിടയില്‍ തന്നെ, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയുന്ന പ്രവണത കാണിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളും വിതരണ തടസ്സങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഇന്ത്യ വലിയ തോതില്‍ റഷ്യന്‍ എണ്ണയില്‍ നിന്ന് പിന്മാറിയാല്‍, റഷ്യയുടെ എണ്ണ വരുമാനത്തെ അത് സാരമായി ബാധിക്കുമെന്നും, റഷ്യക്ക് മറ്റ് വിപണികളിലേക്കോ കൂടുതല്‍ വിലക്കിഴിവുകളിലേക്കോ നീങ്ങേണ്ടിവരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഊര്‍ജ സുരക്ഷയും ചെലവ് നിയന്ത്രണവുമാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനാല്‍, റഷ്യന്‍ എണ്ണയില്‍ നിന്ന് പെട്ടെന്നുള്ള പൂര്‍ണ പിന്മാറ്റം നടക്കില്ല. എന്നാല്‍ ക്രമാനുഗതമായി കുറച്ചു കൊണ്ടു വരുക മാത്രമാണ് മുന്നിലുള്ള സാധ്യത.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT