യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കം ആപ്പിള്‍ ഐഫോണുകളുടെ വില യു.എസില്‍ കുത്തനെ ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 54 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോടെ ഐഫോണ്‍ വിലയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായേക്കും. ട്രംപിന്റെ തീരുവയുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ഉത്പന്നങ്ങളിലൊന്ന് ഐഫോണ്‍ ആണെന്നും വിദഗ്ധര്‍ പറയുന്നു.
യു.എസ് കമ്പനിയാണെങ്കിലും ഐഫോണുകള്‍ അടക്കുള്ള ആപ്പിള്‍ ഉത്പന്നങ്ങളില്‍ കൂടുതലും ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭാഗങ്ങള്‍ ചൈനയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. യു.എസ് ചുമത്തിയ അധിക തീരുവ കമ്പനിയുടെ ഉത്പാദന ചെലവില്‍ 43 ശതമാനം വര്‍ധനയുണ്ടാക്കുമെന്നാണ് അനലിസ്റ്റുകള്‍ കരുതുന്നത്. അധിക ചെലവ് ഉപയോക്താക്കളുടെ തലയിലാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
അങ്ങനെയെങ്കില്‍ നിലവില്‍ 799 ഡോളറിന് (ഏകദേശം 68,000 രൂപ) കിട്ടുന്ന ആപ്പിള്‍ ഐഫോണ്‍ 16ന് ഇനി മുതല്‍ 1,500 ഡോളറെങ്കിലും (ഏകദേശം 1,28,000 രൂപ) കൊടുക്കേണ്ടി വരും. ടോപ് മോഡല്‍ ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലിന് നിലവില്‍ 1,599 ഡോളറാണ് (ഏകദേശം 1,37,000 രൂപ) വില. പുതിയ തീരുവ നിലവില്‍ വരുന്നതോടെ വില 2,300 ഡോളറായി (ഏകദേശം 1,97,000 രൂപ) വര്‍ധിക്കും. ആപ്പിളിന്റെ ഏറ്റവും വിലക്കുറഞ്ഞ ഐഫോണ്‍ എന്ന പേരില്‍ അടുത്തിടെ വിപണിയിലെത്തിയ ആപ്പിള്‍ ഐഫോണ്‍ 16ഇയുടെ വില നിലവിലുള്ള 599 ഡോളറില്‍ (ഏകദേശം 51,000 രൂപ) നിന്നും 850 ഡോളറായി (72,000 രൂപ) കൂടുമെന്നും റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന മാതൃകയില്‍ മറ്റ് ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കും വില കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.എസ് കമ്പനിയായിട്ടും ആപ്പിള്‍ എന്തിനാണ് മറ്റ് രാജ്യങ്ങളിലേക്ക് ഉത്പാദന യൂണിറ്റുകള്‍ മാറ്റുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? തൊഴിലാളി വേതനത്തിലെ അന്തരം തന്നെ പ്രധാന കാരണം. ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗത്ത് ചൈനയുടേത് പോലുള്ള സൗകര്യങ്ങളുടെ അഭാവവും വിദഗ്ധ തൊഴിലാളികളുടെ കുറവും മറ്റു കാരണങ്ങളാണ്. തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിന്റെ അന്തരവും മറ്റൊരു കാരണമാണ്. ചൈനയില്‍ ഒരു ഐഫോണ്‍ നിര്‍മിക്കുന്നതിന് 30 ഡോളറാണ് ശരാശരി കൂലി നല്‍കേണ്ടത്. അമേരിക്കയിലെത്തുമ്പോള്‍ 300 ഡോളറെങ്കിലും കൂലി നല്‍കേണ്ടി വരും. ഇനി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ ഉത്പാദനം പൂര്‍ത്തിയാക്കാമെന്ന് വെച്ചാല്‍ അതും എളുപ്പമാകില്ല. ഐഫോണുകളിലെ ഏറ്റവും വിലകൂടിയ ഭാഗമായ പിന്‍ക്യാമറ ജപ്പാനിലാണ് നിര്‍മിക്കുന്നത്. പ്രോസസറുകള്‍ തായ്‌വാനിലും ഡിസ്‌പ്ലേ സൗത്ത് കൊറിയയിലുമാണ് ഉത്പാദനം. ഫോണിന്റെ മെമ്മറി ചിപ്പാണ് അമേരിക്കയില്‍ പ്രധാനമായും നിര്‍മിക്കുന്നത്. ഇതെല്ലാം യു.എസിലേക്ക് മാറ്റിയാല്‍ ഐഫോണിന്റെ വില 3,500 ഡോളറിന് (ഏകദേശം മൂന്ന് ലക്ഷം രൂപ) മുകളിലെത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ തവണ ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയെങ്കിലും ആപ്പിള്‍ ഉത്പന്നങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയുള്ള ഒരുറപ്പ് സ്വന്തമാക്കാന്‍ ആപ്പിളിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം 22 കോടി ഐഫോണുകള്‍ ആപ്പിള്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ കൂടുതലും യു.എസിലാണെന്നതിനാല്‍ തീരുവ നീക്കത്തില്‍ ആപ്പിളിന് കനത്ത ആഘാതമുണ്ടാകും. അമിത തീരുവ ഒഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നും അഞ്ച് വിമാനങ്ങള്‍ നിറയെ ആപ്പിള്‍ ഉത്പന്നങ്ങള്‍ കഴിഞ്ഞ ദിവസം യു.എസിലെത്തിച്ചിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും യു.എസിലേക്ക് സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.
അതേസമയം, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയത് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദക മേഖലക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്ത് പേരുകേട്ട വിയ്റ്റാനാമിനും 46 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത് 26 ശതമാനം താരിഫ് മാത്രം. നയതന്ത്ര ചര്‍ച്ചകളിലൂടെ തീരുവ കുറക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. നിലവില്‍ ഐഫോണുകളും എയര്‍പോഡുകളുമാണ് മാത്രമാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.
അതേസമയം, ആപ്പിള്‍ ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നതോടെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരും ഏറെയാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവയാണ് (25%) ദക്ഷിണ കൊറിയക്ക് മേല്‍ ചുമത്തിയതെന്നതും ശ്രദ്ധേയമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine