ഇറാന്‍-യുഎസ് യുദ്ധത്തിന് പരിസമാപ്തിയായേക്കുമെന്ന വാര്‍ത്തകള്‍ ക്രൂഡ്ഓയില്‍ വില താഴേക്ക് വരുന്നതിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വീണ്ടും മാറിയിരിക്കുകയാണ്. ഹോര്‍മൂസ് കടലിടുക്കിനെ ഒമാനുമായി ചേര്‍ന്ന് നിയന്ത്രിക്കുമെന്ന ഇറാന്റെ അവകാശവാദങ്ങളാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചത്. ഇത്തരത്തിലൊരു നീക്കമുണ്ടായാല്‍ ഒമാനില്‍ ബോംബിടാനും മടിക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി.
ഇന്നലെ 90 ഡോളറുകളിലേക്ക് താഴാനൊരുങ്ങിയ ബ്രെന്റ് ക്രൂഡിനെ ഇന്ന് 4 ശതമാനത്തോളം ഉയര്‍ത്താന്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞു. നിലവില്‍ യുഎഇയുടെ മര്‍ബന്‍ ക്രൂഡ് ബാരലിന് 89 ഡോളറിലാണ്.
യുദ്ധം തുടങ്ങിയ ശേഷം കുതിച്ചുയര്‍ന്ന ക്രൂഡ് വില പതുക്കെ താഴേക്ക് വരുന്നതിന്റെ ലക്ഷണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമായത്. സംഘര്‍ഷം വീണ്ടും കൂടിയാല്‍ വില താഴ്ന്നു നില്‍ക്കുന്ന അവസ്ഥയ്ക്ക് മാറ്റംവരും. വീണ്ടും 100 ഡോളറിന് മുകളിലേക്ക് വിലയെത്തും.
ക്രൂഡ് വില പരമാവധി 80-90 ഡോളറുകള്‍ക്കുള്ളില്‍ നില്ക്കുകയാണ് ഇന്ത്യയ്ക്ക് സേഫ്. 70 ഡോളറുകളിലേക്ക് താഴ്ന്നാല്‍ യുദ്ധകാലത്തെ നഷ്ടം നികത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വളരെ വേഗം സാധിക്കും. എന്നാല്‍ സമാധാനപ്രക്രിയയില്‍ ഓരോ ദിവസവും വലിയ ചാഞ്ചാട്ടങ്ങള്‍ സംഭവിക്കുന്നത് ക്രൂഡ് വിപണിയെ ബാധിക്കുന്നു.
യുദ്ധം തീര്‍ന്നാല്‍ വിപണി പഴയപടിയാകാന്‍ അധികം സമയം വേണ്ടിവരില്ല. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പുറത്തുകടന്ന യുഎഇ വലിയതോതില്‍ എണ്ണവിപണിയിലെത്തിക്കാന്‍ ശ്രമിക്കും. ഡിസ്‌കൗണ്ട് നല്കി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ എണ്ണ വില്ക്കാനും അവര്‍ ശ്രമിച്ചേക്കും. ഒപെക്കിന്റെ ഭാഗമല്ലാത്തതിനാല്‍ മറ്റാരെയും അനുസരിക്കാന്‍ യുഎഇയ്ക്ക് ബാധ്യതയില്ല.
ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റ് ഗള്‍ഫിതര രാജ്യങ്ങളിലും എണ്ണ ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. യുദ്ധത്തിന്റേതായ പ്രതിസന്ധികള്‍ മാറിയാല്‍ ആഗോള എണ്ണവില 60 ഡോളറുകളിലേക്ക് താഴാനുള്ള സാധ്യതകളാണ് വിദഗ്ധര്‍ പലരും പങ്കുവയ്ക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് സന്തോഷം പകരുന്നതാണ് ഇത്.
Read DhanamOnline in English
Subscribe to Dhanam Magazine