താല്‍ക്കാലിക വിസയുള്ളവരുടെ കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം വിലക്കാനുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് അമേരിക്കയില്‍ കഴിയുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. നിയമപരമായ ഇടപെടലുകളെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ നയം ഗര്‍ഭിണികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരെ കുഴയ്ക്കുന്നു. എച്ച്-വണ്‍ ബി വിസയുള്ള ഇന്ത്യന്‍ പ്രഫഷണലുകളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ കുഞ്ഞ് പിറക്കുമ്പോള്‍ പൗരത്വം സ്വാഭാവികമായി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ഇനി മുന്‍കൂട്ടി ഏതൊക്കെ രേഖകള്‍ തയാറാക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വം.
അമേരിക്കയില്‍ ജനിച്ച ഒരാള്‍ക്ക് ഇമിഗ്രേഷനില്ലാത്ത പദവി അനുവദിക്കാന്‍ യു.എസ് നിയമത്തില്‍ വ്യവസ്ഥയില്ല. ജന്മാവകാശ പൗരത്വം ഇല്ലാത്ത എച്ച്-വണ്‍ ബി വിസക്കാരുടെ കുട്ടികള്‍ നിയമപരമായ അനിശ്ചിതത്വമാണ് നേരിടുന്നത്. എട്ടും പത്തും വര്‍ഷമായി യു.എസില്‍ തങ്ങുന്നവര്‍ ഇത്തരത്തില്‍ അനിശ്ചിതാവസ്ഥ നേരിടുന്നുണ്ട്.
ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചിട്ട് കിട്ടാതെ യു.എസില്‍ കഴിയുന്നവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. ഒരു രാജ്യത്തിന് ഏഴു ശതമാനത്തില്‍ കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് പറ്റില്ലെന്നാണ് നിലവിലെ നിയമം പറയുന്നത്. ഓരോ വര്‍ഷവും അപേക്ഷിക്കുന്നതില്‍ 72 ശതമാനം പേര്‍ക്കും എച്ച്-വണ്‍ ബി വിസ കിട്ടുന്നുമുണ്ട്. ഇതോടെ ഗ്രീന്‍കാര്‍ഡ് കിട്ടാന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണം 11 ലക്ഷമെന്നാണ് കണക്ക്.
പുതിയ ഇന്ത്യന്‍ അപേക്ഷകര്‍ ജീവിതകാലം മുഴുവന്‍ ഗ്രീന്‍കാര്‍ഡിന് കാത്തിരിക്കേണ്ട സ്ഥിതിയിലാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരും അവരുടെ കുഞ്ഞുങ്ങളുമാകട്ടെ, നാടുകടത്തല്‍ ഭീഷണിയില്‍. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ 3.75 ലക്ഷമാണെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. പ്യൂ റിസര്‍ച്ച് കണക്കാക്കുന്നത് 7.25 ലക്ഷം എന്നാണ്.
എച്ച്-വണ്‍ ബി, ഒ വിസക്കാരായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഉത്കണ്ഠ ഇപ്പോള്‍ കുട്ടികളുടെ ഭാവിയാണ്. വിസ സ്റ്റാമ്പിംഗിന് അവര്‍ യു.എസ് വിടണം. മക്കളും ഇതേ പ്രയാസം നേരിടും.
Read DhanamOnline in English
Subscribe to Dhanam Magazine