Trump Canva
News & Views

ട്രംപുരാന്റെ പകരച്ചുങ്ക പ്രഖ്യാപനം രാത്രി 1.30ന്, അമേരിക്കയിലേക്ക് നോക്കി ലോകം, ഇന്ത്യയെ എങ്ങനെ ബാധിക്കും?

അമേരിക്കയുടെ വിമോചന ദിനമോ, ആഗോള വ്യാപാര യുദ്ധത്തിനുള്ള വഴിമരുന്നോ?

A.S. Sureshkumar

ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഒരൊറ്റയാളിലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ താരിഫ് പദ്ധതി മണിക്കൂറുകള്‍ക്കകം പ്രഖ്യാപിക്കാന്‍ പോവുന്നു. ഇന്ത്യന്‍ സമയം രാത്രി 1.30ന് വൈറ്റ് ഹൗസിലാണ് പ്രഖ്യാപനം. ലോകരാജ്യങ്ങളെ വരച്ച വരയില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കയുടെ സാമ്പത്തിക മേല്‍ക്കോയ്മ തിരിച്ചു പിടിക്കാനുള്ള സുപ്രധാന നീക്കം നടത്തുന്ന ഈ ദിവസത്തെ അമേരിക്കയുടെ 'വിമോചന ദിന'മെന്നാണ് ട്രംപ് പേരിട്ടു വിളിക്കുന്നത്. പ്രഖ്യാപന പ്രകാരമുള്ള നികുതി നിരക്കുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ആഗോള വ്യാപാര യുദ്ധത്തിനുള്ള വെടിമരുന്നാകും.

എല്ലാം നിശ്ചയിക്കാന്‍ അമേരിക്കക്ക് കഴിയുമോ?

ലോക വ്യാപാര സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ വിവിധ രാജ്യങ്ങളെ കൊണ്ടുവരാനും വ്യാപാരത്തിന് അതിര്‍ത്തികള്‍ ഇല്ലാതാക്കാനും അമേരിക്ക തൊണ്ണൂറുകളില്‍ നടത്തിയ ബലപ്രയോഗം ഇന്ന് പഴങ്കഥ. അതേ അമേരിക്ക തന്നെ സ്വന്തം രാജ്യത്തിന്റെ വിഭവങ്ങളുടെ സംരക്ഷണ അവകാശവുമായി ഇന്ന് വ്യാപാര യുദ്ധത്തിന് ഇറങ്ങുകയാണ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങള്‍ ഈടാക്കുന്നതിന് തത്തുല്യമായ നികുതി അവിടെ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഈടാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം. അമേരിക്കക്ക് ലോകത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുമോ? വ്യാപാരത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ മേധാവിത്തം എത്രത്തോളം നടപ്പുള്ള കാര്യമാണ്? ഈ ചോദ്യങ്ങള്‍ക്ക് മറുപടി തെളിയുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. തത്തുല്യ നികുതി നടപ്പാക്കുന്ന് അമേരിക്കയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വിദഗ്ധര്‍ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ട്രംപിനെ പിന്നോട്ടു വലിക്കുന്നില്ല.

ഇന്ത്യ തേടുന്നത് സാവകാശം

ഇന്ത്യയെ ട്രംപ് എങ്ങനെയൊക്കെയാണ് പരിക്കേല്‍പിക്കുന്നതെന്ന് വ്യാഴാഴ്ച നേരം പുലരുമ്പോഴേക്ക് വ്യക്തമാവും. പരമാവധി വിട്ടുവീഴ്ചകള്‍ക്ക് തയാറായി, ട്രംപിനെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നിരുന്നാലും ട്രംപ് കണ്ണെറിയുന്ന കാര്‍ഷിക മേഖലയില്‍ ചില പരിക്കുകള്‍ ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റിവിടുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് അവിടെ ഈടാക്കുന്ന ശരാശരി നികുതി മൂന്നു ശതമാനമാണെങ്കില്‍, ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ കാര്‍ഷിക വിഭവങ്ങള്‍ക്ക് നികുതി 37 ശതമാനത്തോളമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ട്രംപ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇവിടത്തെ കര്‍ഷകരെ സംരക്ഷിക്കാതെ ട്രംപിന് വഴങ്ങിക്കൊടുക്കാന്‍ മോദിസര്‍ക്കാറിന് എത്രത്തോളം കഴിയും? അമേരിക്കന്‍ പക്ഷത്തു നിന്ന് കാര്യമായ ഇളവൊന്നും ഇന്ത്യക്ക് കിട്ടാന്‍ ഇടയില്ലെന്ന സൂചനകളും ഒപ്പമുണ്ട്. പകരച്ചുങ്കം നടപ്പാക്കുന്നതിന് സാവകാശം ലഭിച്ചാല്‍ പരസ്പരം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അനുനയത്തിന് ശ്രമിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

കൃഷി മുതല്‍ ആഭരണം വരെ

കാര്‍ഷിക വിഭവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ട്രംപിന്റെ പകരച്ചുങ്ക പുറപ്പാട് തിരിച്ചടിയാവുക. ഐ.ടി രംഗം ട്രംപ് വന്നതു മുതല്‍ തന്നെ പ്രയാസത്തിലാണ്. വാഹന മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആഭരണങ്ങള്‍, സമുദ്ര വിഭവങ്ങള്‍ എന്നിവയെല്ലാം തിരിച്ചടി നേരിടുന്ന മേഖലകളാണ്. ട്രംപ് ഇഫക്ട് ദോഷമാകുമെന്ന് കരുതുന്ന അഞ്ചു പ്രധാന മേഖലകള്‍ ഇവയാണ്: കൃഷി, മരുന്ന്, രാസവസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ്, വാഹനങ്ങള്‍. അതേസമയം, യു.എസ് ഉയര്‍ന്ന തീരുവ ഈടാക്കുന്ന പെട്രോളിയം, വസ്ത്ര, ധാതു മേഖലകള്‍ക്ക് തത്തുല്യ വ്യാപാര ചുങ്കം വലിയ ഭീഷണിയാകാന്‍ ഇടയില്ല.

പ്രവചനങ്ങള്‍ക്ക് അപ്പുറം

ആഗോള വ്യാപാര യുദ്ധത്തിന്റെ വക്കിലാണ് ലോകം എത്തി നില്‍ക്കുന്നത്. അതിന്റെ വ്യാപ്തി നിശ്ചയിക്കാന്‍ ഇപ്പോള്‍ കഴിയുന്നത് ട്രംപിനാണ്. എന്നാല്‍ ട്രംപ് പ്രവചിക്കാന്‍ പറ്റാത്തയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അമേരിക്ക നടത്തുന്ന അതിരുവിട്ട ഏതൊരു നീക്കത്തിന്റെ അനന്തര ഫലവും പ്രവചനാതീതം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT