News & Views

പശ്ചിമേഷ്യന്‍ സമവാക്യം 'പൊളിച്ചെഴുതി' ട്രംപ്, ഇറാനും സിറിയയ്ക്കും ഇടയില്‍ അന്തര്‍ധാരയ്ക്ക് കടുംവെട്ട്; ശാക്തിക ചേരിയില്‍ ഇന്ത്യയ്ക്കും ഇടമോ?

മേഖലയില്‍ യു.എസിന്റെ ഏറ്റവും വലിയ തലവേദനയാണ് ഇറാന്‍. സൗദി അടക്കമുള്ള ഇസ്ലാമിക സഖ്യത്തിനും ഇറാനോട് താല്പര്യമില്ല. സൗദി അച്ചുതണ്ടിനെ കൂടുതല്‍ ശക്തമാക്കാനും മേഖലയില്‍ സ്വാധീനശക്തിയായി ഉയര്‍ത്തിക്കാട്ടാനും ട്രംപിന്റെ വരവിന് സാധിച്ചു

Lijo MG

ബിസിനസ്+നയതന്ത്രം പിന്നെ കുറച്ചധികം കുടുംബ ബിസിനസ് താല്പര്യങ്ങളും. വലിയ വാര്‍ത്താപ്രാധാന്യം നേടി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റ് യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയം ഏതുരീതിയില്‍ മാറും. വാണിജ്യ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയാണ് ട്രംപ് യാത്ര തുടങ്ങിയതെങ്കിലും ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും സജീവമാണ്.

വര്‍ഷങ്ങള്‍ക്കുശേഷം സിറിയയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുകയും തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കുകയും ചെയ്യുന്നതോടെ മേഖലയില്‍ ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. പശ്ചിമേഷ്യയുടെ എല്ലാ സമവാക്യങ്ങളും മാറ്റിയെഴുതാന്‍ ട്രംപിന്റെ വരവിന് സാധിച്ചുവെന്നാണ് നയതന്ത്ര വിദഗ്ധരും വിലയിരുത്തുന്നത്.

സൗദി നേതൃത്വത്തില്‍ അച്ചുതണ്ട്

ഇസ്ലാമിക രാജ്യങ്ങളുടെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയെന്ന സൗദി അറേബ്യയുടെ ആഗ്രഹമാണ് ഏഷ്യന്‍ യാത്രയിലൂടെ ഡൊണള്‍ഡ് ട്രംപ് സാധിച്ചു കൊടുത്തത്. രാഷ്ട്രീയ നിലപാടുകളേക്കാള്‍ സ്വന്തം ബിസിനസ് താല്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയാണ് ട്രംപ് ഏഷ്യയിലെത്തിയത്. യു.എസിന് വാണിജ്യ നേട്ടമുണ്ടാകുന്ന കരാറുകളേക്കാള്‍ സ്വന്തം കുടുംബത്തിന്റെ ബിസിനസ് വിപുലീകരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന ആരോപണം സ്വന്തം നാട്ടില്‍ തന്നെ ഉയരുന്നുണ്ട്.

മിഡില്‍ ഈസ്റ്റില്‍ യു.എസിന്റെ ദീര്‍ഘകാല പങ്കാളിയാണ് സൗദി അറേബ്യ. വര്‍ഷങ്ങളായി ഈ ബന്ധത്തിന് മാറ്റമൊന്നും വന്നിട്ടില്ല. യു.എസിന്റെ കരുത്തിലാണ് ഇറാന്റെ സൈനികവും രാഷ്ട്രീയപരവുമായ വെല്ലുവിളി സൗദി അതിജീവിക്കുന്നത്.

മേഖലയില്‍ യു.എസിന്റെ ഏറ്റവും വലിയ തലവേദനയാണ് ഇറാന്‍. സൗദി അടക്കമുള്ള ഇസ്ലാമിക സഖ്യത്തിനും ഇറാനോട് താല്പര്യമില്ല. സൗദി അച്ചുതണ്ടിനെ കൂടുതല്‍ ശക്തമാക്കാനും മേഖലയില്‍ സ്വാധീനശക്തിയായി ഉയര്‍ത്തിക്കാട്ടാനും ട്രംപിന്റെ വരവിന് സാധിച്ചു. ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അസ്വാരസ്യത്തിലാണെന്ന് വാര്‍ത്തകളുണ്ട്. പശ്ചിമേഷ്യന്‍ യാത്രയില്‍ ഇസ്രയേലിലേക്ക് പോകാത്തതിന് കാരണം ഇതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഗാസ യുദ്ധത്തിന്റെ പേരില്‍ നെതന്യാഹുവുമായി അകല്‍ച്ചയിലാണെങ്കിലും ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ട്രംപ് യാത്രയില്‍ മുന്‍കൈയെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്.

അബ്രഹാം കരാറിന് ഊന്നല്‍

തന്റെ ആദ്യ ടേമില്‍ 2020ലാണ് ട്രംപ് മുന്‍കൈയെടുത്ത് അബ്രഹാം കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ കരാര്‍. പലസ്തീന്‍ അനുകൂലികളുടെയും ഹമാസിന്റെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് ട്രംപ് ഈ ദൗത്യത്തിന് അന്ന് ഇറങ്ങി തിരിച്ചത്. പാലസ്തീനും ഇസ്രയേലും തമ്മിലുള്ള ചരിത്രപരമായ തര്‍ക്കം തീര്‍ക്കുന്നതിലുപരി മേഖലയില്‍ ഇസ്രയേലിന് കൂടുതല്‍ പ്രാധാന്യം നല്കാനാണ് കരാര്‍ ശ്രദ്ധിച്ചത്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി ട്രംപിന്റെ ഈ യാത്രയില്‍ സംഭവിച്ചു. അത് സിറിയയെ കൂടി തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളാണ്. ബാഷര്‍ അല്‍ അസദ് എന്ന ഏകാധിപതിക്കു കീഴിലായിരുന്നു സിറിയ ഏറെക്കാലം. റഷ്യയുടെ ചങ്ങാതിയായിരുന്നു ബാഷര്‍. ഐഎസ് തീവ്രവാദികള്‍ക്കെതിരെയും വിമതര്‍ക്കെതിരെയും പോരാടാന്‍ ബാഷറിനെ സഹായിച്ചത് റഷ്യന്‍ സഹായമായിരുന്നു.

റഷ്യയുടെ സുഹൃത്തും യു.എസിന്റെയും ഇസ്രയേലിന്റെയും ശത്രുവുമായ ഇറാന് മേഖലയില്‍ ആധിപത്യം ലഭിക്കാന്‍ ബാഷര്‍ ഭരണകാലം ഉപകരിച്ചു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. വിമതനീക്കത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ അഹമ്മദ് അല്‍ ഷരാ (അബു മുഹമ്മദ് അല്‍ ജുലാനി) ട്രംപിന് കൈകൊടുത്തത് മേഖലയുടെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറ്റും.

ഇസ്രയേലിന് നേട്ടമോ ക്ഷീണമോ?

സിറിയയുമായി യു.എസ് അടുക്കുന്നത് ഇസ്രയേലിനെ ബാധിക്കുമോ? ബാഷര്‍ കാലഘട്ടത്തില്‍ ഇറാന്റെ പ്രോക്‌സിയായ ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ ഭീഷണി ശക്തമായിരുന്നു. ഹിസ്ബുള്ളയ്ക്ക് ആയുധവും പണവും സിറിയ വഴിയായിരുന്നു ഇറാന്‍ എത്തിച്ചിരുന്നത്. ഇറാന് ഈ മേഖലയില്‍ പഴയ സ്വാധീനം ഇല്ലാതാക്കാന്‍ യു.എസിന്റെ നീക്കം വഴിയൊരുക്കും.

ലെബനനിലെ ഹിസ്ബുള്ള നേതൃത്വവും അണികളും ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടു. അമേരിക്കയ്ക്ക് താല്പര്യമുള്ള അഹമ്മദ് അല്‍ ഷരാ വന്നതോടെ ഇറാന് സിറിയയിലും പഴയ ആധിപത്യം ഇനിയുണ്ടാകില്ല. ഒരുകണക്കിന് ഇസ്രയേലിന് ഇത് ഗുണം ചെയ്യും. എന്നാല്‍ ഇസ്രയേലിനെ അസ്വസ്ഥമാക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് അല്‍ ഷരായുടെ കുടുംബവേരുകളുമായി ബന്ധപ്പെട്ടാണ്.

ഇസ്രയേല്‍ 1967ല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളിലാണ് ഷരായുടെ ജനനം. ഇസ്രയേല്‍ ഈ പ്രദേശം പിടിച്ചെടുത്തപ്പോള്‍ പലായനം ചെയ്തതാണ് ഷരായുടെ കുടുംബം. ചെറുപ്പത്തില്‍ ബില്‍ ലാദന്റെ അല്‍ ഖ്വയ്ദയ്‌ക്കൊപ്പം ചേര്‍ന്ന് അമേരിക്കയ്‌ക്കെതിരേ യുദ്ധം ചെയ്ത ചരിത്രമുണ്ട് ഷരായ്ക്ക്. തലയ്ക്ക് ഇനാം പ്രഖ്യാപിച്ച തീവ്രവാദിയില്‍ നിന്ന് മിതവാദിയിലേക്കും സമാധാന പ്രതിച്ഛായയിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ഷരായില്‍ ഇസ്രയേലിന് സംശയങ്ങളേറെയാണ്. തല്‍ക്കാലം പ്രശ്‌നങ്ങളില്ലെങ്കിലും സിറിയന്‍ ഭരണകൂടത്തെ ഒരു കൈ അകലത്തില്‍ നിര്‍ത്താനാകും ഇസ്രയേല്‍ ശ്രമിക്കുക.

Trump's Middle East visit reshapes regional alliances, marginalizes Iran, and creates potential diplomatic openings for India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT