Donald trump, Narendra Modi, Xi Jinping x.com/PMOIndia
News & Views

ട്രംപ് മനസില്‍ കണ്ടത് മെയ്ക്ക് ഇന്‍ യു.എസ്, ചൈനയ്ക്ക് പണി കിട്ടിയെങ്കിലും നിര്‍മാണ ഹബ്ബാകാന്‍ ഇന്ത്യ! താരിഫ് യുദ്ധത്തിന്റെ ബാക്കിപത്രം?

ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ഉത്തര്‍പ്രദേശില്‍ പുതിയ പ്ലാന്റ് തുടങ്ങാനായി 300 ഏക്കര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്‌

Dhanam News Desk

തീരുവ യുദ്ധത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ് (donald trump) ഇറങ്ങി തിരിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത് പലവിധ കണക്കുകൂട്ടലുകളായിരുന്നു. യു.എസിലേക്കുള്ള ഇറക്കുമതിയില്‍ നിന്ന് കൂടുതല്‍ നികുതി വരുമാനം കണ്ടെത്തുകയായിരുന്നു അതിലൊന്ന്. ഏറ്റവും പ്രധാനം അമേരിക്കയെ ഒരു നിര്‍മാണ ഹബ്ബാക്കി പതിയെ മാറ്റുകയെന്നതായിരുന്നു. തീരുവ യുദ്ധം ആദ്യഘട്ടം പിന്നിടുമ്പോള്‍ ട്രംപിന്റെ വിലപേശലിനു മുന്നില്‍ രാജ്യങ്ങള്‍ ഭയന്നുവെന്നത് സത്യമാണ്. എന്നാല്‍ യു.എസിലേക്ക് കമ്പനികളെ ആകര്‍ഷിക്കുകയെന്ന സ്വപ്‌നം അകലെയാണ്.

വ്യാര്‍ഥമോഹമോ?

അമേരിക്കയില്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കാന്‍ കമ്പനികള്‍ തയാറെടുക്കുമെന്ന പ്രതീക്ഷ താരിഫ് യുദ്ധത്തിനിറങ്ങുമ്പോള്‍ ട്രംപിന് ഉണ്ടായിരുന്നു. എന്നാല്‍, ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള യു.എസ് കമ്പനികള്‍ പോലും ട്രംപിന്റെ വഴിക്ക് ചിന്തിച്ചില്ല. ചൈന വിട്ടാല്‍ വേറേതു രാജ്യമെന്ന നിലയിലാണ് കമ്പനികളെല്ലാം മറ്റ് വഴികള്‍ തിരയുന്നത്. ഉത്പാദനം ചെലവേറിയതായതിനാല്‍ യു.എസിലേക്ക് പറിച്ചുനടാന്‍ കമ്പനികള്‍ക്കൊന്നും പദ്ധതിയില്ല.

ഇവിടെയാണ് ഇന്ത്യയുടെ പ്രസക്തി. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയ്ക്ക് ബദലായി വിയറ്റ്‌നാമും ഇന്തോനേഷ്യയുമൊക്കെ പല കമ്പനികളുടെയും പരിഗണനയിലുണ്ട്, ഒപ്പം ഇന്ത്യയും. മറ്റ് രാജ്യങ്ങള്‍ക്ക് നല്കാന്‍ സാധിക്കാത്ത പലതും ഇന്ത്യയ്ക്ക് മുന്നോട്ടു വയ്ക്കാന്‍ സാധിക്കും.

തൊഴിലാളികളുടെ ഉയര്‍ന്ന ലഭ്യത, താരതമ്യേന കുറഞ്ഞ കൂലി, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ... അങ്ങനെ പലതും. ഇതിനൊപ്പം ഇന്ത്യയെന്ന വലിയ മാര്‍ക്കറ്റും. ചൈനയ്ക്ക് ബദലാകുമെന്ന് കരുതിയിരുന്ന വിയറ്റ്‌നാമിനും ഉയര്‍ന്ന നികുതിയാണ് ട്രംപ് ചുമത്തിയിരുന്നത്. ഫലത്തില്‍ ഇന്ത്യ മാത്രമാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന രാജ്യം.

ഫോക്‌സ്‌കോണും ഡിക്‌സണും

ചൈനയില്‍ നിര്‍മാണ യൂണിറ്റുകളുള്ള കമ്പനികളെല്ലാം അവിടെ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിലാണ്. യു.എസിന്റെ ഏറ്റവും വലിയ എതിരാളി ചൈനയാണെന്നത് തന്നെ കാരണം. ട്രംപ് മാറി മറ്റൊരു ഭരണകൂടം വന്നാലും ചൈനയോടുള്ള മനോഭാവത്തില്‍ വലിയ മാറ്റം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ചൈനയില്‍ നില്‍ക്കുന്നത് അത്ര സേഫാകില്ല. ചൈനയ്ക്ക് ബദലായി കമ്പനികള്‍ ഇന്ത്യയെ പരിഗണിക്കുന്നുവെന്ന സൂചനകള്‍ പുറത്തു വന്നുകഴിഞ്ഞു.

ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ (Foxconn) ഉത്തര്‍പ്രദേശില്‍ പുതിയ പ്ലാന്റ് തുടങ്ങാനായി 300 ഏക്കര്‍ ഏറ്റെടുക്കാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. യമുന എക്‌സ്പ്രസ് വേയില്‍ ഗ്രേറ്റര്‍ നോയിഡയിലാകും ഇന്ത്യയിലെ അവരുടെ ഏറ്റവും പ്ലാന്റ് വരിക.

മറ്റൊരു ബഹുരാഷ്ട്ര കമ്പനിയായ ഡിക്‌സ്ണ്‍ ടെക്‌നോളജീസ് (Dixon Technologies) ഇന്ത്യയില്‍ തങ്ങളുടെ പ്ലാന്റ് നിര്‍മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. 1,000 കോടി രൂപയാകും എച്ച്പി ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും നിര്‍മിക്കാന്‍ നിക്ഷേപിക്കുക. 5,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കാന്‍ ചെന്നൈയിലെ നിക്ഷേപത്തിലൂടെ സാധിക്കും. ചൈനയെ ഒഴിവാക്കി വരുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കൂടുതലായി സാധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.

Trump’s tariff war shifted global manufacturing focus from China to emerging hubs like India, not the USA

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT