News & Views

₹3.6 കോടിക്ക് 1.8 ലക്ഷം ഓഹരികള്‍; സച്ചിന്റെ നിക്ഷേപം ഇനി സോളാര്‍ കമ്പനിയില്‍

കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Dhanam News Desk

ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ടെക് എനര്‍ജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി. 1.8 ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. 3.6 കോടി രൂപയാണ് നിക്ഷേപം. കമ്പനിയുടെ മൊത്തം ഓഹരികളുടെ രണ്ട് ശതമാനമാണ് ഇതോടെ സച്ചിന് ലഭിക്കുക. ട്രൂസോണ്‍ സോളാര്‍ എന്ന ബ്രാന്‍ഡിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

നവീനവും പുതുമയാര്‍ന്നതുമായ കമ്പനികളില്‍ സച്ചിന്‍ നിക്ഷേപം നടത്തുന്നത് ഇതാദ്യമല്ല. 2023ല്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആസാദ് എന്‍ജിനിയറിംഗ് എന്ന കമ്പനിയില്‍ അദ്ദേഹം ഓഹരിപങ്കാളിത്തം നേടിയിരുന്നു. ഇതിനു മുമ്പ് 2016ല്‍ സ്മാര്‍ട്‌റോണ്‍ എന്ന കമ്പനിയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.

2030ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സോളാര്‍ കമ്പനികളിലൊന്നായി മാറാനൊരുങ്ങുന്ന ട്രൂസോണ്‍ സോളാറിന് സച്ചിന്റെ വരവ് ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.

കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 2008ല്‍ ആരംഭിച്ച കമ്പനിയുടെ സ്ഥാപകന്‍ ഭവാനി സുരേഷ് ആണ്. ഇതുവരെ 400 മെഗാവാട്ടിന്റെ റൂഫ്‌ടോപ് സോളര്‍ പാനലുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

സച്ചിന്റെ നിക്ഷേപകയാത്ര

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ തുടങ്ങിയ സമയത്ത് കൊച്ചി ആസ്ഥാനമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളിലൊരാളായിരുന്നു സച്ചിന്‍. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ഓഹരികള്‍ അദ്ദേഹം വിറ്റഴിക്കുകയും ചെയ്തു.

കാറുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വില്ക്കുന്ന സ്പിന്നി (Spinny) എന്ന കമ്പനിയില്‍ സച്ചിന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹെല്‍ത്ത്, ഫിറ്റ്‌നസ് കമ്പനിയായ സാച് (Sach), ഇന്റര്‍നാഷണല്‍ ടെന്നീസ് പ്രീമിയര്‍ ലീഗ് എന്നിവയിലും റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT