image credit : canva and Tupperware 
News & Views

ഒരുകാലത്ത് അടുക്കളയിലെ രാജാവ്, ഇന്ന് കോടികളുടെ കടം കയറി പാപ്പരായി; ഈ 'പ്ലാസ്റ്റിക്ക് ഡബ്ബ'കള്‍ക്ക് സംഭവിച്ചതെന്ത്

ഒരുകാലത്ത് വലിയ ആരാധകരുണ്ടായിരുന്ന കമ്പനി പാപ്പരത്ത ഹര്‍ജി നല്‍കിയതോടെ ഇതിന് കാരണമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ സജീവമായി

Dhanam News Desk

വായു കടക്കാത്തതും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകള്‍ നിര്‍മിക്കുന്ന കമ്പനിയായ ടപ്പര്‍വെയര്‍ യു.എസ് കോടതിയില്‍ പാപ്പരത്ത ഹര്‍ജി നല്‍കി. ആഗോളതലത്തില്‍ കമ്പനിയുടെ വില്‍പ്പന കുറഞ്ഞ്  നഷ്ടം വര്‍ദ്ധിച്ചതോടെയാണ് നടപടി. ഒരുകാലത്ത് വലിയ ആരാധകരുണ്ടായിരുന്ന കമ്പനി പാപ്പരത്ത ഹര്‍ജി നല്‍കിയതോടെ ഇതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ സജീവമായി. പതിറ്റാണ്ടുകളായി ഗുണന്മേന്മയുള്ള അടുക്കള പാത്രങ്ങളുടെ പര്യായമായി ടപ്പര്‍വെയറുകളെ പരിഗണിക്കാറുണ്ട്.

ടപ്പര്‍വെയര്‍

1975ലാണ് അമേരിക്കന്‍ വ്യവസായിയും ശാസ്ത്രജ്ഞനുമായ ഏള്‍ ടപ്പര്‍ (Earl Tupper) ഉയര്‍ന്ന ഗുണമേന്മയുള്ളതും അടച്ചുറപ്പുള്ളതുമായ പ്ലാസ്റ്റിക്ക് പാത്രങ്ങളുണ്ടാക്കുന്നത്. അധികം വൈകാതെ വീട്ടമ്മമാര്‍ക്കിടയില്‍ ട്രെന്‍ഡായ ബ്രാന്‍ഡ് ലോകം മുഴുവന്‍ വളര്‍ന്നു. വീട്ടമ്മമാരുടെ സഹായത്തോടെ ബ്രൗണി വൈസ് എന്ന സെയില്‍സ് വുമണാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. അമ്പതുകളില്‍ യു.എസില്‍ ഹിറ്റായ ടപ്പര്‍വെയര്‍ പാര്‍ട്ടികള്‍ തുടങ്ങിയത് ബ്രൗണിയുടെ നേതൃത്വത്തിലായിരുന്നു.

ഇന്ത്യയിലേക്ക്

1996ലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം തുടങ്ങുന്നത്. 2009ല്‍ കമ്പനി പുറത്തിറക്കിയ അക്വാസേഫ് വാട്ടര്‍ ബോട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 55,000ലധികം ഡയറക്ട് സെല്ലര്‍മാര്‍, 150ലധികം എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍, 500ലധികം ഹോം ഷോപ്പുകള്‍, വെബ്‌സ്‌റ്റോര്‍ എന്നിവയാണ് ടപ്പര്‍വെയറിന് ഇന്ത്യയിലുള്ളത്. പ്രീ-ഇ കൊമേഴ്‌സ് കാലത്തെ താരമായിരുന്ന ടപ്പര്‍വെയറുകള്‍ക്ക് പുതിയ കാലത്തിന്റെ രീതികളോട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരികയായിരുന്നു.

വില്‍പ്പനയിടിഞ്ഞു

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വ്യാപാരക്കണക്കുകളാണ് ടപ്പര്‍വെയര്‍ രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 475.8 കോടി രൂപ ഇന്ത്യയില്‍ വിറ്റുവരവ് ലഭിച്ചപ്പോള്‍ 76.6 കോടി രൂപയായിരുന്നു ലാഭം. എന്നാല്‍ 2023ലെ സാമ്പത്തിക വര്‍ഷത്തില്‍ 175.8 കോടി രൂപയിലേക്ക് കൂപ്പുകുത്തിയ കമ്പനിയുടെ വിറ്റുവരവ് 7.8 കോടി രൂപയുടെ നഷ്ടമാണ് ടപ്പര്‍വെയറിനുണ്ടാക്കിയത്. അമേരിക്കന്‍ കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി അനുസരിച്ച് 500 മില്യന്‍ മുതല്‍ ഒരു ബില്യന്‍ വരെ ഡോളറാണ് ടപ്പര്‍വെയറിന്റെ ആസ്തി. ഇതിന്റെ പത്തിരട്ടിയോളം കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

പരാജയത്തിന് കാരണമെന്ത്?

പാപ്പരത്ത നടപടികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ ടപ്പര്‍വെയറിന്റെ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ഒരുകാലത്ത് അടുക്കളയിലെ താരമായിരുന്ന പ്ലാസ്റ്റിക്ക് ഡബ്ബകളോട് ആളുകളുടെ ഇഷ്ടം കുറഞ്ഞതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കുറഞ്ഞ വിലയ്ക്ക് സമാന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിയതും തിരിച്ചടിയായി. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ മലിനീകരണം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ആശങ്കമൂലം ആളുകളില്‍ പലരും ഗ്ലാസ് കണ്ടെയ്‌നറുകളിലേക്ക് മാറി. കമ്പനിയുടെ നട്ടെല്ലായിരുന്ന ഡീലര്‍ ശൃംഖലയും ഇതിനിടയില്‍ ദുര്‍ബലമായി. പുതിയ കാലത്തിലേക്ക് മാറാനും കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇ-കൊമേഴ്‌സിന്റെ കാലത്ത് നേരിട്ടുള്ള വില്‍പ്പന മോഡലിനെ കൂടുതലായി ആശ്രയിച്ചത് തെറ്റാണെന്ന് മനസിലാക്കാനും ടപ്പര്‍വെയര്‍ വൈകിപ്പോയിരുന്നു. ഇനി ഡിജിറ്റല്‍ രംഗത്തെ സാധ്യതകള്‍ ഉപയോഗിച്ച് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു മോഡലിലേക്ക് മാറാനാണ് പദ്ധതിയെന്നാണ് യു.എസ് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയ്ക്ക് ശേഷം ടപ്പര്‍വെയര്‍ ഔദ്യോഗികമായി പ്രതികരിച്ചത്. കോവിഡ് മഹാമാരിയും യുദ്ധവും ചെങ്കടലിലെ പ്രതിസന്ധിയുമെല്ലാം ടപ്പര്‍വെയറിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കില്ല

ആഗോള തലത്തിലെ മാറ്റങ്ങള്‍ ഇന്ത്യയിലെ ടപ്പര്‍വെയറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയില്ലെന്നാണ് വിദഗ്ധ വിലയിരുത്തല്‍. ഇന്ത്യയില്‍ തന്നെ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതാണ് ടപ്പര്‍വെയറിന്റെ ഇന്ത്യന്‍ ഘടകത്തിന് അനുകൂലമാകുന്നത്. സ്റ്റീല്‍, ഗ്ലാസ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചതും കൂടുതല്‍ സ്ഥലങ്ങളില്‍ സാന്നിധ്യമറിയിക്കാനായതും കമ്പനിക്ക് ഗുണകരമാണ്. ഉത്സവകാലത്ത് കമ്പനിക്ക് മികച്ച വില്‍പ്പന നേടാന്‍ കഴിഞ്ഞതായും ടപ്പര്‍വെയര്‍ ഡീലര്‍മാര്‍ പറയുന്നു. അമേരിക്കയിലെ ഡെലാവെയറിലെ ജില്ലാ കോടതി പാപ്പരത്ത ഹര്‍ജിയില്‍ എന്ത് വിധി പറയുമെന്നാണ് ഇപ്പോള്‍ വ്യവസായ ലോകം ഉറ്റുനോക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT