രത്തന്‍ ടാറ്റയുടെ മരണശേഷം ടാറ്റ ഗ്രൂപ്പില്‍ ഉടലെടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് സമാനമായി ഇന്ത്യയിലെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നായ ടി.വി.എസ് (TVS) കുടുംബത്തിലും സ്വത്ത്-ഉടമസ്ഥാവകാശ തര്‍ക്കം രൂക്ഷമാകുന്നു.
ടിവിഎസ് കുടുംബത്തിനുള്ളിലെ സാമ്പത്തിക കാര്യങ്ങളില്‍ ഒത്തുതീര്‍പ്പായിട്ടില്ലെന്ന് ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്റ് (TAFE) ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസന്‍ വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. കുടുംബകാര്യങ്ങള്‍ ഇതിനകം പരിഹരിച്ചെന്ന ഭര്‍ത്താവ് വേണു ശ്രീനിവാസന്റെ നിലപാടിന് വിരുദ്ധമാണിത്.
ടിവിഎസ് ഗ്രൂപ്പിലെ സ്വത്തുതര്‍ക്കത്തിന് പ്രധാന കാരണം കമ്പനികളുടെ 'മാനേജ്മെന്റും' 'യഥാര്‍ത്ഥ സാമ്പത്തിക ഉടമസ്ഥതയും' (Economic Ownership) തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ്. 2024-ല്‍ ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ (MoU) അടിസ്ഥാനത്തില്‍ ടിവിഎസ് മോട്ടോഴ്സിന്റെയും കുടുംബത്തിന്റെ മറ്റൊരു കമ്പനിയായ സുന്ദരം ക്ലേടണിന്റെയും (BSE: 544066, NSE: SUNCLAY) നിയന്ത്രണം മകനായ സുദര്‍ശന്‍ വേണുവിനും മകള്‍ ലക്ഷ്മി വേണുവിനുമായി വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ കുടുംബത്തിനുള്ളില്‍ ഭിന്നതയുണ്ട്.
കമ്പനികളുടെ ചുമതലകളും മാനേജ്‌മെന്റ് പദവികളും പങ്കിട്ടുനല്‍കിയതുകൊണ്ട് മാത്രം തുല്യമായ സാമ്പത്തിക ഉടമസ്ഥത ഉറപ്പക്കാനാകില്ലെന്നാണ് ഈ തര്‍ക്കത്തില്‍ മല്ലികാ ശ്രീനിവാസനും ലക്ഷ്മി വേണുവും ഉന്നയിക്കുന്ന പ്രധാന വാദം.
വേണു ശ്രീനിവാസനും മകന്‍ സുദര്‍ശന്‍ വേണുവും ഒരുപക്ഷത്തും, മല്ലികാ ശ്രീനിവാസനും മകള്‍ ലക്ഷ്മി വേണുവും മറുവശത്തുമാണ്. കോടികള്‍ വിലമതിക്കുന്ന ബിസിനസ് ആസ്തികളും ഓഹരികളും ഏകപക്ഷീയമായി വിഭജിക്കപ്പെടുന്നുവെന്നും, കുടുംബത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക താല്‍പര്യങ്ങളും അവകാശങ്ങളും കൃത്യമായി അംഗീകരിക്കപ്പെടുന്നില്ലെന്നുമാണ് മല്ലികാ ശ്രീനിവാസന്‍ പക്ഷത്തിന്റെ പ്രധാന ആരോപണം.
ദീര്‍ഘകാലമായി തുടരുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളും മധ്യസ്ഥശ്രമങ്ങളും പരാജയപ്പെട്ടതോടെ, വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലെ ഭിന്നത രൂക്ഷമായാല്‍ നിയമനടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്.
ടിവിഎസ് കുടുംബത്തിലെ പ്രധാന ഓഹരികള്‍ ട്രസ്റ്റുകളും ഹോള്‍ഡിംഗ് കമ്പനികളും വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. അതിനാല്‍ VS Trust തര്‍ക്കത്തില്‍ നിര്‍ണായക കക്ഷിയാണ്. വേണു ശ്രീനിവാസന്‍ ഏക ട്രസ്റ്റിയായ വിഎസ് ട്രസ്റ്റിന് സുന്ദരം ക്ലെയ്ടണില്‍ (Sundaram Clayton) 46.83 ശതമാനവും ടിവിഎസ് ഹോള്‍ഡിംഗ്‌സില്‍ 66.55 ശതമാനവും ഓഹരിയുണ്ട്. ടിവിഎസ് ഹോള്‍ഡിംഗ്‌സ് വഴിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയിലെ നിയന്ത്രണം. വിഷയം കോടതി കയറിയാല്‍ ട്രസ്റ്റ് ഈ കേസില്‍ നിര്‍ണായകമാകും.
Read DhanamOnline in English
Subscribe to Dhanam Magazine