വിദേശ നിക്ഷേപകര്‍ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന പുതിയ നിക്ഷേപക നയം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. നിക്ഷേപ സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള നയമാണ് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പ്രഖ്യാപിച്ചത്. ദേശീയ നിക്ഷേപ തന്ത്രം-2031 എന്ന പേരിലുള്ള നയം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയതാണെന്നും യു.എ.ഇയെ ആഗോള നിക്ഷേപക ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഷേക്ക് മുഹമ്മദ് വ്യക്തമാക്കി. ആധുനിക ഉപകരണങ്ങളുടെ നിര്‍മാണത്തിലും പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും പ്രത്യേകമായി വിദേശ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പുതിയ നയം. വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി വേഗത്തിലാക്കും.
ലക്ഷ്യമിടുന്നത് 2.2 ലക്ഷം കോടി ദിര്‍ഹം
2031 നുള്ളില്‍ രാജ്യത്തെ വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിര്‍ഹം (50 ലക്ഷം കോടി രൂപ) ആയി ഉയര്‍ത്താനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 1.1 ലക്ഷം കോടി ദിര്‍ഹമാണ്. വിദേശ നിക്ഷേപം എത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്ക് 11-ാം സ്ഥാനമാണ് ഇപ്പോഴുള്ളത്. 2013 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് വിദേശ നിക്ഷേപത്തില്‍ 150 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ഈ മേഖലയില്‍ ആഗോളശരാശരി 97 ശതമാനമാണ്. പുതിയ നയമനുസരിച്ച് നിലവിലുള്ള വ്യവസായ പദ്ധതികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ പ്രോല്‍സാഹനം വരും.
സാധ്യത വര്‍ധിക്കുന്ന മേഖലകള്‍
യു.എ.ഇയില്‍ വളര്‍ച്ചാ സാധ്യതയുള്ളതും നിക്ഷേപ സൗഹൃദവുമായി ഏതാനും മേഖലകള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫിന്‍ടെക്, ഇ കോമേഴ്‌സ്, അഗ്രിടെക്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, ടൂറിസം, ലോജിസ്റ്റിക്‌സ്, ഐ.ടി, ഉല്‍പ്പന്ന നിര്‍മാണം, മെഡിക്കല്‍ ടൂറിസം, പുനരുപയോഗ ഊര്‍ജ്ജം, മീഡിയ, ക്രിയേറ്റീവ് വ്യവസായം, ഗെയ്മിംഗ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളാണ് കൂടുതല്‍ സാധ്യതകള്‍ വളര്‍ത്തുന്നത്. ഫ്രീസോണുകളില്‍ വ്യവസായം തുടങ്ങുന്ന വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശമാണ് നല്‍കുന്നത്. 15 മിനുട്ടിനുള്ളില്‍ പുതിയ കമ്പനി തുടങ്ങുന്നതിനുള്ള അനുമതി നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. 200 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യു.എ.ഇയില്‍ നിക്ഷേപകരായും ജീവനക്കാരായും ഇപ്പോള്‍ താമസിച്ചു വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine