canva
News & Views

ടാക്‌സിക്ക് മാത്രമല്ല, ഡെലിവറിക്കും ആളുവേണ്ട! അടുത്ത വര്‍ഷം മുതല്‍ ഡ്രൈവറില്ലാത്ത വണ്ടികളില്‍ ഓര്‍ഡറെത്തും

എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന്റെ പുതിയ പേരാണ് 7എക്‌സ്

Dhanam News Desk

ഡ്രൈവര്‍ രഹിത ടാക്‌സി സേവനം അവതരിപ്പിച്ചതിന് പിന്നാലെ ആളില്ലാത്ത ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി യു.എ.ഇ. അടുത്ത വര്‍ഷത്തിനുള്ളില്‍ സ്വയം നിയന്ത്രിത ഡെലിവറി രാജ്യമാകെ നടപ്പിലാക്കുമെന്ന് യു.എ.ഇയിലെ പ്രമുഖ കമ്പനിയായ 7എക്‌സ് ഗ്രൂപ്പാണ് (7X Group) പ്രഖ്യാപിച്ചത്. അബുദാബിയിലെ മസ്ദര്‍ സിറ്റിയില്‍ നിലവില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ ഉപയോഗിച്ച് ഇതിന്റെ പരീക്ഷണം നടത്തിവരികയാണെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറച്ച് ട്രക്കുകള്‍ ഉപയോഗിച്ചാണ് നിലവില്‍ പരീക്ഷണമെന്നും ഈ സാങ്കേതിക വിദ്യ സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരീക്ഷണം വേണമെന്നും കമ്പനി സി.ഇ.ഒ താരിഖ് അല്‍ വഹേദി പറഞ്ഞു. പിന്നീട് ഖലീഫാ സിറ്റിയിലേക്കും ദുബായിലേക്കും പരീക്ഷണം വ്യാപിപ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലെ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഡെലിവറി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഗതാഗത കുരുക്കും ഡെലിവറിക്കാവശ്യമായ ചെലവും കുറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിതെന്നാണ് കമ്പനി പറയുന്നത്. ഇതൊരു ട്രെയിന്‍ പോലെയാണ്. കമ്പനികള്‍ക്ക് ഡെലിവറി ചെയ്യേണ്ട ഉത്പന്നങ്ങള്‍ ഈ സംവിധാനത്തിലേക്ക് നല്‍കാം. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഇവ കൃത്യമായി സാധനങ്ങള്‍ ഡെലിവറി ചെയ്യുമെന്നും താരിഖ് വ്യക്തമാക്കി.

7എക്‌സ് ഗ്രൂപ്പിന് പുറമെ നിരവധി കമ്പനികളാണ് യു.എ.ഇയില്‍ ഡ്രൈവറില്ലാ ഡെലിവറി സംവിധാനങ്ങള്‍ പരീക്ഷിക്കുന്നത്. അടുത്തിടെ ശോഭ ഹാര്‍ട്ട്‌ലാന്റ് പ്രദേശത്ത് മുപ്പത് മിനിറ്റിനുള്ളില്‍ ആളില്ലാ വാഹനങ്ങള്‍ ഉപയോഗിച്ച് ഡെലിവറി പരീക്ഷണം യാങ്കോ ടെക്‌നോളജി എന്ന കമ്പനിയും ആരംഭിച്ചിരുന്നു. എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന്റെ പുതിയ പേരാണ് 7എക്‌സ്. യു.എ.ഇ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 7എക്‌സിന് കീഴിലാണ് എമിറേറ്റ്‌സ് പോസ്റ്റ്, ഇ.എം.എക്‌സ്, ഫിന്‍ടി.എക്‌സ്, ഇ.ഡി.സി തുടങ്ങിയ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.

ഡ്രൈവറില്ലാ ടാക്‌സികള്‍ ഉടനെത്തും

ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതിക വിദ്യ രംഗത്തെ പ്രമുഖ കമ്പനിയായ പോണി.എ.ഐയുമായി ചേര്‍ന്ന് പൊതുഗതാഗത രംഗത്ത് ഡ്രൈവറില്ലാ വാഹനങ്ങള്‍ രംഗത്തിറക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ധാരണയിലെത്തിയിരുന്നു. അടുത്ത കൊല്ലത്തോടെ വ്യാവസായിക ഇത്തരം വാഹനങ്ങള്‍ നിരത്തിലെത്തും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ദുബായ് നഗരത്തിലെ 25 ശതമാനം യാത്രകളും ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ ഉപയോഗിച്ചായിരിക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനം.

The UAE is set to introduce driverless delivery vehicles within a year, marking a major step in its autonomous transport strategy. The move aims to boost efficiency and innovation in logistics.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT