image credit : instagram.com/durov , dassault- aviation.com 
News & Views

ടെലഗ്രാം മുതലാളിയുടെ അറസ്റ്റിന് പിന്നാലെ ഫ്രാന്‍സുമായുള്ള യുദ്ധവിമാനക്കരാറില്‍ നിന്നും യു.എ.ഇ പിന്മാറി! റിപ്പോർട്ട്

മയക്കുമരുന്ന് കച്ചവടം, കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങള്‍ എന്നിവ ആപ്പിലൂടെ പ്രചരിക്കുന്നത് തടയാന്‍ ടെലഗ്രാമിന് കഴിയുന്നില്ലെന്നാണ് ആരോപണം

Dhanam News Desk

ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെ ഫ്രാന്‍സില്‍ നിന്നും 80 റഫാല്‍ വിമാനങ്ങള്‍  വാങ്ങാനുള്ള 10 മില്യന്‍ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) ഇടപാടില്‍ നിന്നും യു.എ.ഇ പിന്മാറിയതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ യു.എ.ഇ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനെതിരെയുള്ള അന്വേഷണങ്ങളുടെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പാവേലിനെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കച്ചവടം, കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങള്‍ എന്നിവ ആപ്പിലൂടെ പ്രചരിക്കുന്നത് തടയാന്‍ ടെലഗ്രാമിന് കഴിയുന്നില്ലെന്നാണ് ആരോപണം. റഷ്യന്‍ വംശജനായ പാവേല്‍ നിലവില്‍ യു.എ.ഇയിലാണ് താമസിക്കുന്നത്.

യു.എ.ഇ കലിപ്പില്‍

റഷ്യന്‍ പൗരനായി ജനിച്ച പാവേല്‍ റഷ്യന്‍ സക്കര്‍ബര്‍ഗെന്നാണ് അറിയപ്പെടുന്നത്. പ്രതിപക്ഷത്തിന് വിവരം ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് റഷ്യ വിട്ട പാവേലിന് നിലവില്‍ യു.എ.ഇ, ഫ്രാന്‍സ്, റഷ്യ, സെന്റ് കിറ്റസ് ആന്‍ഡ് നെവിസ് എന്നീ രാജ്യങ്ങളുടെ പൗരത്വമുണ്ട്. എന്നാല്‍ ടെലഗ്രാം ഉള്‍പ്പെടെയുള്ള പാവേലിന്റെ ബിസിനസിന്റെ കേന്ദ്രം യു.എ.ഇയാണ്. പാവേലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിരോധ കരാര്‍ റദ്ദാക്കി യു.എ.ഇ നടത്തിയത് ശക്തമായ പ്രതികരണമാണെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക സഹകരണം താത്കാലികമായി നിറുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസ് കൃത്യമായി നിരീക്ഷിക്കുകയാണെന്നും പാവേലിന് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കാന്‍ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്. പാവേലിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് റഷ്യയും വ്യക്തമാക്കി.

പാവേലിന്റെ പ്രൈവറ്റ് ജെറ്റ് ഫ്രാന്‍സിലെത്തിയത് എന്തിന്?

കഴിഞ്ഞ ശനിയാഴ്ചയാണ് നോര്‍ത്ത് ഫ്രാന്‍സിലെ ലെ ബോര്‍ജെ (Le Bourget) വിമാനത്താവളത്തില്‍ സ്വകാര്യ ആഡംബര ജെറ്റില്‍ വന്നിറങ്ങിയ പാവേല്‍ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ എന്തിനാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ സന്ദര്‍ശിക്കാനാണെന്നും പ്രൈവറ്റ് ജെറ്റില്‍ ഇന്ധനം നിറയ്ക്കാനാണെന്നുമുള്ള തരത്തില്‍ വിവിധ അഭ്യൂഹങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിക്കുന്നത്.

പാവേലിനെതിരെ കുറ്റം ചുമത്തി

അതേസമയം, നാല് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പാവേലിനെതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയെന്ന് റിപ്പോര്‍ട്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് സഹായം നല്‍കി, അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT