UAE Canva
News & Views

ഗോള്‍ഡന്‍ വീസ നല്‍കുന്ന രാജ്യങ്ങള്‍ അഞ്ച്, മികച്ചത് യു.എ.ഇ, 23 ലക്ഷം മുടക്കുന്ന എല്ലാവര്‍ക്കും കിട്ടുമോ ഈ ഗോള്‍ഡന്‍ വീസ?

അപേക്ഷിക്കുന്നവരുടെ ജീവിത പശ്ചാത്തലം നോക്കിയാണ് വീസക്കുള്ള യോഗ്യത നിശ്ചയിക്കുന്നത്

Dhanam News Desk

സ്വന്തം രാജ്യം വിട്ട് വിദേശത്ത് സ്ഥിരമായി താമസമാക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ വളരെ പ്രചാരത്തിലുളളതാണ് ഗോൾഡൻ വീസകൾ. ഇന്ത്യക്കാർക്കായി പുതിയ ഗോൾഡൻ വീസ ആരംഭിച്ചിരിക്കുകയാണ് യു.എ.ഇ. നാമനിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ വീസ അനുവദിക്കുക. വലിയ തുകകൾ ചെലവഴിച്ച് രാജ്യത്ത് നിക്ഷേപമോ വസ്തു വാങ്ങുകയോ ചെയ്യേണ്ടതില്ല എന്നത് ഈ വീസയുടെ നേട്ടമാണ്. 1,00,000 ദിർഹമാണ് (ഏകദേശം 23.3 ലക്ഷം രൂപ) ഈ വീസയ്ക്കുളള ചെലവ്. എന്നാല്‍ പണമുളള എല്ലാവര്‍ക്കും ഈ വീസ ലഭിക്കണമെന്നില്ല.

അപേക്ഷകന്റെ പശ്ചാത്തലത്തെ ആശ്രയിച്ചാണ് വീസയ്ക്കുളള യോഗ്യത കണക്കാക്കുന്നത്. വിദേശ പൗരന്മാരെ യു.എ.ഇ യില്‍ ദീര്‍ഘകാലം താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്നതാണ് വീസ. 5 അല്ലെങ്കിൽ 10 വർഷത്തെ കാലാവധിയില്‍ പുതുക്കാവുന്ന വീസ, സ്പോൺസർ ആവശ്യമില്ല, ദീർഘകാലം യുഎഇ ക്ക് പുറത്ത് തങ്ങാനുള്ള അവസരം, കുടുംബത്തിനും വീട്ടുജോലിക്കാർക്കും പൂർണ സ്പോൺസർഷിപ്പ് അവകാശങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ വീസയില്‍ ഉൾപ്പെടുന്നു.

റയാദ് ഗ്രൂപ്പ്, വിഎഫ്എസ്, വൺ വാസ്കോ തുടങ്ങിയ അംഗീകൃത ഏജൻസികൾ വഴിയാണ് ഇന്ത്യ, ബംഗ്ലാദേശ് പൗരന്മാർക്കുളള നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസ നല്‍കുന്നത്. തൊഴിൽ, രാജ്യത്തിന് ഉപകരിക്കുന്ന സംഭാവനകൾ, യുഎഇ ക്ക് സാധ്യതയുള്ള സാമ്പത്തിക നേട്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെ വീസ അനുവദിക്കുക. ക്രിമിനൽ പശ്ചാത്തലം, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ പരിശോധനകൾ, സോഷ്യൽ മീഡിയ പരിശോധനകൾ എന്നിവയിൽ അപേക്ഷകര്‍ വിജയിക്കേണ്ടതുണ്ട്.

സർക്കാർ അംഗീകൃത ഡോക്ടർമാർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, എക്സിക്യൂട്ടീവുകൾ, കായികതാരങ്ങൾ തുടങ്ങിയവര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എക്സിക്യൂട്ടീവുകൾക്ക് കുറഞ്ഞത് 50,000 ദിർഹത്തിന്റെ (ഏകദേശം 11,69,119 രൂപ) ശമ്പള സർട്ടിഫിക്കറ്റും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഉയർന്ന റേറ്റിംഗുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് മികച്ച ഗ്രേഡുകള്‍ നേടിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കോ 95 ശതമാനം മാർക്കുളള ഹൈസ്കൂൾ വിദ്യര്‍ത്ഥികള്‍ക്കോ വീസയ്ക്ക് അപേക്ഷിക്കാം.

20 ലക്ഷം ദിർഹം ചെലവഴിക്കാന്‍ കഴിവുളള നിക്ഷേപകര്‍, 5 ലക്ഷം ദിർഹത്തിൽ കൂടുതല്‍ വിലമതിക്കുന്ന ബിസിനസ് നടത്താന്‍ സാധിക്കുന്ന സംരംഭകർ തുടങ്ങിയവര്‍ക്കും വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

യു.എസിന്റെ 50 ലക്ഷം ഡോളര്‍ വിലയുളള ഗോൾഡ് കാർഡ്, ന്യൂസിലാന്റിന്റെ 50 ലക്ഷം ന്യൂസിലാന്റ് ഡോളറിന്റെ ആക്ടീവ് ഇൻവെസ്റ്റർ പ്ലസ് വീസ, കാനഡയുടെ 2,75,000 ഡോളറിന്റെ സ്റ്റാർട്ട്-അപ്പ് വീസ പ്രോഗ്രാം, സിംഗപ്പൂരിന്റെ 1 കോടി സിംഗപ്പൂർ ഡോളര്‍ വിലയുളള ഗ്ലോബൽ ഇൻവെസ്റ്റർ പ്രോഗ്രാം തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍ നല്‍കുന്ന ഗോൾഡൻ വീസ പ്രോഗ്രാമുകള്‍.

UAE launches ₹23 lakh nomination-based Golden Visa for qualified individuals.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT