Golden visa 
News & Views

ബിസിനസ് വേണ്ട, നിക്ഷേപം വേണ്ട; ലക്ഷങ്ങള്‍ കൊടുത്താല്‍ ഗോള്‍ഡന്‍ വിസ റെഡി; ഇന്ത്യക്കാര്‍ക്ക് പ്രത്യേക പാക്കേജ്

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പൗരന്‍മാര്‍ക്കാണ് ഈ വിസ നല്‍കുന്നത്

Dhanam News Desk

ബിസിനസുകാരോ നിക്ഷേപകരോ അല്ലെങ്കിലും യുഎഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാനുള്ള പുതിയ വഴിയൊരുങ്ങുന്നു. ഒരു ലക്ഷം ദിര്‍ഹം (23.30 ലക്ഷം രൂപ) മുടക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ യു.എ.ഇ പൗരത്യത്തിന് തുല്യമായ സൗകര്യങ്ങളുള്ള ഗോള്‍ഡന്‍ വിസ ലഭിക്കും. യുഇഎ സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നോമിനേഷന്‍ അധിഷ്ഠിത ഗോള്‍ഡന്‍ വിസ പദ്ധതിയിലാണ് പുതിയ നിര്‍ദേശം.

ലഭിക്കുന്നത് ആജീവനാന്ത വിസ

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പൗരന്‍മാര്‍ക്കാണ് ഈ വിസ നല്‍കുന്നത്. നേരത്തെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അഞ്ച് കോടിയോളം രൂപ മൂല്യമുള്ള വസ്തുവോ വന്‍ തുക നിക്ഷേപമോ ആവശ്യമായിരുന്നു. എന്നാല്‍ ഒരു ലക്ഷം ദിര്‍ഹം ഫീസ് അടച്ച് വിസ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കുന്നത്.

എങ്ങനെ അപേക്ഷിക്കാം

യുഎഇയിലെ വിസ സേവന ദാതാക്കളായ വാസ്‌കോ സെന്ററുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുമതി പത്രം ആവശ്യമാണ്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ ബിസിനസ് നടത്തുന്നതിനോ ജോലി ചെയ്യുന്നതിനോ മറ്റ് പെര്‍മിറ്റുകള്‍ ആവശ്യമില്ല. കെട്ടിടങ്ങള്‍ ഉള്ളവര്‍ക്കുള്ള ഗോള്‍ഡന്‍ വിസയുടെ കാലാവധി കെട്ടിടം വില്‍ക്കുമ്പോള്‍ അവസാനിക്കുമായിരുന്നു. എന്നാല്‍ നോമിനേഷന്‍ പദ്ധതി പ്രകാരം പ്രത്യേക കാലാവധിയില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിശോധിച്ച ശേഷമായിരിക്കും വിസ അനുവദിക്കുകയെന്ന് യുഎഇ എമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT