News & Views

കുട്ടികള്‍ എവിടെയെന്നറിയാന്‍ അമ്മമാരുടെ 'ട്രിക്ക്'; ഈ ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റ്

കുട്ടികളുടെ ബാഗിലും ഷൂസിലുമാണ് ഇത് ഘടിപ്പിക്കുന്നത്

Dhanam News Desk

ഓഫീസിലിരിക്കുമ്പോള്‍ മക്കളെ കുറിച്ച് ആകുലപ്പെടുന്നവരാണ് രക്ഷിതാക്കള്‍. കുട്ടികള്‍ വളരെ ചെറുതാണെങ്കില്‍ ആശങ്കകള്‍ കൂടും. അകലെയാകുമ്പോള്‍ മക്കള്‍ എന്ത് ചെയ്യുന്നുവെന്നറിയാന്‍ ദുബൈയിലെ രക്ഷിതാക്കള്‍ ഇപ്പോള്‍ ഈ ഉപായമാണ് സ്വീകരിക്കുന്നത്. കുട്ടികളുടെ ബാഗിലോ ഷൂസിനുള്ളിലോ ചെറിയൊരു ട്രാക്കിംഗ് ഉപകരണം വെക്കുന്നു. ഇതില്‍ നിന്ന് ജി.പി.എസ് വഴി കുട്ടിയുടെ വിവരങ്ങള്‍ രക്ഷിതാക്കളുടെ ഫോണില്‍ ലഭിക്കുന്നു. കുട്ടികള്‍ എവിടെയാണുള്ളതെന്ന് അറിയാനും സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും ഇത്തരം വയര്‍ലെസ് ട്രാക്കിംഗ്  ഉപകരണങ്ങള്‍ ഏറെ സഹായിക്കുന്നതായാണ് രക്ഷിതാക്കള്‍ പറയുന്നത്. യു.എ.ഇയിലെ വിവിധ നഗരങ്ങളിലെ കടകളില്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് ഡിമാന്റ് കൂടുന്നുണ്ട്.

ഫാത്തിമയുടെ അനുഭവം

രണ്ടു മക്കളുടെ മാതാവായ ഫാത്തിമ സാലെ അബുദബിയില്‍ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. രാവിലെ ചെറിയ മക്കളെ സ്‌കൂളില്‍ അയച്ച് ഫാത്തിമയും ഭര്‍ത്താവും ജോലിക്ക് പോകും. ഉച്ചക്ക് ശേഷം കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തും. അവര്‍ വീട്ടില്‍ ഒറ്റക്കാണെന്ന ചിന്ത തന്നെ ഏറെ ഭയപ്പെടുത്തിയിരുന്നെന്ന് ഫാത്തിമ പറയുന്നു. ഒരു ദിവസം ഓഫീസില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല. അവര്‍ അടുത്ത ഫ്ലാറ്റിൽ കളിക്കാന്‍ പോയിരുന്നു. കുട്ടികളെ കാണാതെ ഏറെ പരിഭ്രാന്തിയായെന്ന് ഫാത്തിമ വിവരിക്കുന്നു. ഇക്കാര്യം ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് ട്രാക്കിംഗ് ഉപകരണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ഉടനെ  ട്രാക്കറുകള്‍ വാങ്ങി കുട്ടികളുടെ ബാഗുകളിലും ഷൂസുകളിലും ഘടിപ്പിച്ചു. ഇപ്പോള്‍ അവര്‍ എവിടെയാണുള്ളതെന്ന് ഓഫീസില്‍ ഇരുന്ന് തന്നെ ഫാത്തിമക്കും ഭര്‍ത്താവിനും അറിയാനാകും.

വിവിധ ഇനം ട്രാക്കറുകള്‍

വിവിധ തരത്തിലും വിലയിലുമുള്ള ട്രാക്കിംഗ് ഉപകരണങ്ങള്‍ വിപണിയിലുണ്ട്. ജി.പി.എസ് സംവിധാനമുള്ള ട്രാക്കറുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. ഒരു വര്‍ഷം 500 ട്രാക്കിംഗ് ഉപകരണങ്ങള്‍ വില്‍ക്കാറുണ്ടെന്ന് ദുബൈ ദേരയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന മൊയ്തീന്‍ മുസ്തഫ പറയുന്നു. 50 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ വിലയുള്ള വിവിധ ഇനങ്ങളുണ്ട്. ചെറിയ കുട്ടികളുടെ രക്ഷിതാക്കളാണ് ആവശ്യക്കാരില്‍ കൂടുതല്‍. ഏറെയും ജോലിയുള്ളവരാണ്. ജിപി.എസ് സിഗ്നലുകളുടെ കൃത്യത, ബാറ്ററിയുടെ കാലാവധി തുടങ്ങിയ ഘടകങ്ങള്‍ നോക്കിയാണ് രക്ഷിതാക്കള്‍ ട്രാക്കറുകള്‍ വാങ്ങുന്നതെന്നും മൊയ്തീന്‍ മുസ്തഫ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT